കത്തോലിക്ക സഭയിലെ വിവാദങ്ങള്‍ക്ക് വിശ്വാസികളോട് പരസ്യമായി മാപ്പ് ചോദിക്കുന്നതായി ഫരീദാബാദ് രൂപത ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര.

സമീപകാല സംഭവങ്ങള്‍ സഭയ്ക്കകത്തു പ്രളയം ഉണ്ടാക്കിയെന്നും, നീതിക്കായി കന്യാസ്ത്രീകള്‍ തെരുവില്‍ സമരം ചെയ്തതിനെ പിന്തുണയ്ക്കുന്നുവെന്നും ഫരീദാബാദ് ബിഷപ്പ് പറഞ്ഞു. വിവാദങ്ങള്‍ക്ക് പരസ്യമായി ഒരു ബിഷപ്പ് മാപ്പ് പറയുന്നത് ഇതാദ്യമായാണ്.

ഭൂമി തട്ടിപ്പ്, ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനം ,ആഗോള കത്തോലിക്കാ സഭയിലെ മറ്റ് ലൈംഗിക ആരോപണങ്ങള്‍ എന്നിവ വിശ്വാസികളുടെ വിശ്വാസങ്ങളെ ബാധിച്ചിട്ടുണ്ട്.

കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയത് വിശ്വാസികള്‍ കണ്ടുവെന്നും സഭയില്‍ എല്ലാക്കാലത്തും നടന്നിട്ടുള്ള നീതിക്കായുള്ള പോരാട്ടങ്ങളുടെ തുടര്‍ച്ചയാണ് ഇതെന്നും ആര്‍ച്ചു ബിഷപ്പ് പറഞ്ഞു.

സീറോ മലബാര്‍ സഭ ഫരീദാബാദ് -ദില്ലി അതിരൂപതയുടെ വാര്‍ഷിക ധ്യാനത്തില്‍ സംസാരിക്കുകയായിരുന്നു ആര്‍ച്ചു ബിഷപ്പ്.

വിശ്വാസത്തിന്റെ അടിസ്ഥാനം ക്രിസ്തുവാണ് സഭാ നായകരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമരം ചെയ്ത കന്യാസ്ത്രീകളും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും ക്രിസ്തുവിന്റെ അവയവങ്ങളാണെന്നും ഒരു അവയവത്തിനും നീതി നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ജയിലില്‍ കഴിയുന്ന ഫ്രാങ്കോ ബിഷപ്പും സമരം ചെയ്ത കന്യാസ്ത്രീകളും രാജ്യത്തെ നിയമ സംവിധാനം അനുശാസിക്കുന്ന മാര്‍ഗങ്ങളിലൂടെ വേണം കടന്നു പോകാനെന്നും ആര്‍ച്ചു ബിഷപ്പ് ഓര്‍മിപ്പിച്ചു. വിവാദങ്ങള്‍ക്ക് പരസ്യമായി ഒരു ബിഷപ്പ് മാപ്പ് പറയുന്നത് ഇതാദ്യമായാണ്.