റൊണാള്‍ഡോയുടെ വാദം തള്ളി; പീഡനക്കേസില്‍ പുനരന്വേഷണം; സൂപ്പര്‍ താരം കുടുങ്ങുമോ

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പുനരന്വേഷണം നടക്കുകയാണെന്ന് ലാസ് വെഗാസ് പൊലീസ്. 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്ന അമേരിക്കന്‍ യുവതി കാതറിന്‍ മയോര്‍ഗയുടെ പരാതിയിലാണ് പുനരന്വേഷണം ആരംഭിച്ചിരിക്കുന്നത്.

നിശാക്ലബ് ജീവനക്കാരിയായ കാതറിന്‍ മയോര്‍ഗ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സെപ്റ്റംബറില്‍ തന്നെ കേസില്‍ അനൗദ്യോഗിക അന്വേഷണം ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കൂടുതലൊന്നും പറയാന്‍ ക‍ഴിയില്ലെന്നും ലാസ് വെഗാസ് പെലീസ് പറയുന്നു.

റൊണാള്‍ഡോ കാതറിനെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച അറ്റോര്‍ണി ലെസ്ലി മാര്‍ക്ക് സ്‌റ്റൊവാള്‍, ക്ലാര്‍ക്ക് കണ്‍ട്രി ജില്ലാ കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് വീണ്ടും കേസ് അന്വേഷണം ആരംഭിച്ചതെന്ന് സ്പോട്സ് സൈറ്റായ ഇ എസ് പി എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

റൊണാള്‍ഡോയ്ക്കെതിരെ യുവതിയുടെ ആരോപണം ഇങ്ങനെ. ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് 2009 ജൂണ്‍ 13-ന് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു.

എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് റൊണാള്‍ഡോ ബലാത്സംഗം ചെയ്യുകയായിരുന്നു.

ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചു. സംഭവം പുറത്തുപറയാതിരിക്കാന്‍ 3,75,000 ഡോളര്‍ റൊണാള്‍ഡോ നല്‍കിയെന്നും യുവതി പറയുന്നു.

എന്നാല്‍ റൊണാള്‍ഡോ യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും യുവതിയുടെ സമ്മതത്തോടുകൂടി തന്നെയാണ് എല്ലാം നടന്നതെന്നുമായിരുന്നു റൊണാള്‍ഡോയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയത്. റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കാമുകി ജോര്‍ജിന റോഡ്രിഗസും രംഗത്തെത്തിയിരുന്നു.

അതേസമയം ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു. തന്‍റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നും ക്രിസ്റ്റ്യാനോ ആരോപിച്ചിരുന്നു.

മാഞ്ചെസ്റ്റര്‍ വിട്ട് റയലിലേക്ക് റൊണാള്‍ഡോ മാറുന്ന സമയത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ലാസ് വെഗാസില്‍ ബന്ധുക്കള്‍ക്കൊപ്പം അവധിക്കാലം ചെലവിടാനെത്തിയതായിരുന്നു റൊണാള്‍ഡോ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News