വിഴിഞ്ഞത്തെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍; കൈവശമുള്ളത് കൃത്യമായ രേഖകള്‍

തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദിലെ ലേബര്‍ ക്യാമ്പില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തിരുവനന്തപുരത്തെത്തിയ അഞ്ചംഗ അഭയാര്‍ത്ഥി കുടുംബത്തെയാണ് വിഴിഞ്ഞത്ത് നിന്നും പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രി ശബരി എക്‌സ്പ്രസിലാണ് രണ്ടു കുട്ടികള്‍ അടങ്ങിയ അഞ്ച് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ തിരുവനന്തപുരത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ റോഡ്മാര്‍ഗം വിഴിഞ്ഞത്തെത്തി. രണ്ടു വര്‍ഷത്തോളം ആയി ഹൈദരാബാദില്‍ കഴിഞ്ഞിരുന്ന തയ്യൂബ്, ഭാര്യ സഫൂറ, മകന്‍ സഫിയാന്‍, സഹോദരന്‍ അര്‍ഷാദ്, ഭാര്യാ സഹോദരന്‍ അന്‍വര്‍ ഷാ എന്നിവരാണ് വിഴിഞ്ഞത്ത് എത്തിയത്.

വിഴിഞ്ഞത്ത് പള്ളിയില്‍ എത്തിചേര്‍ന്ന ഇവരെ പളളിഅധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിസ്ഥാനത്തില്‍ പൊലീസ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. ഹൈദരാബാദിലെ ജോലിയില്‍ നിന്നും വേണ്ടത്ര പണം ലഭിക്കാത്തതിനാലാണ് കേരളത്തിലെത്തിയതെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്.

സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ, റോ തുടങ്ങിയ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സംസ്ഥാന പൊലീസിനോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ചോദ്യം ചെയ്യലില്‍ കൃത്യമായ വിവരങ്ങളും രേഖകളുമാണ് ലഭ്യമായതെന്നും ഇവരെ രണ്ട് ദിവസത്തിനകം നാട്ടിലേക്ക് തിരികെ അയയക്കുമെന്നും പൊലീസ് പറഞ്ഞു. ഈ രണ്ടു ദിവസം വിഴിഞ്ഞം പൊലീസ് സ്റ്റേഷന്റെ റസ്റ്റ് റൂമില്‍ ഇവര്‍ പൊലീസ് സംരക്ഷണത്തിലായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here