സുപ്രീംകോടതിയുടെ 46ാമത് ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗൊഗോയി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9മണിയ്ക്ക് രാഷ്ട്രപതി ഭവനില്‍ വെച്ച് സത്യപ്രതിജ്ഞ കഴിഞ്ഞതിനുശേഷമാണ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി കോടതിയിലെത്തുക. 2019 നവംബര്‍ 17 വരെ രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റിസായി തുടരും.

സത്യപ്രതിജ്ഞയ്ക്ക് ശേഷം കോടതിയിലെത്തുന്ന രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസായതിനുശേഷം പരിഗണിക്കുന്ന ആദ്യകേസ് അഡ്വക്കറ്റ് ആസിഫ് അലി സിദ്ദിഖിയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മിലുള്ള ഹര്‍ജിയാണ്.

ജസ്റ്റിസ് സജ്ഞയ് കിഷന്‍ കൗളും ജസ്റ്റിസ് കെ എം ജോസഫുമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കൊപ്പം ഒന്നാം നമ്പര്‍ കോടതിയില്‍ ഉണ്ടാവുക.

മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കൊപ്പം ഒന്നാം നമ്പര്‍ കോടതിയില്‍ ഉണ്ടായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂട് 11 ആം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് യു യു ലളിതിനൊപ്പമായിരിക്കും.

ജസ്റ്റിസ് എഎം ഖാന്‍വില്‍കര്‍ ജസ്റ്റിസ് കുര്യന്‍ ജോസഫിനൊപ്പം മൂന്നാം നമ്പര്‍ കോടതിയിലും. രണ്ടാം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കൊപ്പം ജസ്റ്റിസ് നവീന്‍ സിന്‍ഹയും ജസ്റ്റിസ് കെ എം ജോസഫും ആണ് ഇരുന്നിരുന്നത്.

അതില്‍ ജസ്റ്റിസ് നവീന്‍ സിന്‍ഹ 8 ആം നമ്പര്‍ കോടതിയില്‍ ജസ്റ്റിസ് രോഹിങ്ടന്‍ നരിമാനൊപ്പമായിരിക്കും. ചായ സല്‍കാരത്തിനു ശേഷം 12 മണിക്കാണ് കോടതി ആരംഭിക്കുക.

സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമായി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച നാലു ജസ്റ്റിസുമാരില്‍ ഒരാളായ രഞ്ജന്‍ ഗൊഗോയിയെ തന്നെ ദീപക് മിശ്രയുടെ പിന്‍ഗാമിയാക്കിയത് ശ്രദ്ധേയമായ കാര്യം തന്നെയായിരുന്നു.

1978 ല്‍ അഭിഭാഷക രംഗത്തെത്തിയ ഗോഗോയി, ഗുവാഹത്തി ഹൈക്കോടതിയിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. 2001 ഫെബ്രുവരി 28 നു ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി.

2010 സെപ്റ്റംബര്‍ ഒമ്പതിന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ചാര്‍ജെടുത്തു. 2011 ഫെബ്രുവരി 12 ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി.

അസം മുന്‍ മുഖ്യമന്ത്രി കേശവ് ചന്ദ്ര ഗൊഗോയിയുടെ മകനായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് 2012 ഏപ്രില്‍ 23നാണ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്.

ഗോവിന്ദച്ചാമിക്കെതിരായ സൗമ്യ വധക്കേസ്, അസം പൗരത്വ രജിസ്റ്റര്‍ കേസ്, ലോക്പാല്‍-ലോകായുക്ത നിയമന കേസ്, ജസ്റ്റിസ് കര്‍ണ്ണനെതിരായ കേസ് എന്നിവ ഗൊഗോയ് പരിഗണിച്ച സുപ്രധാന കേസുകളാണ്.