സംസ്ഥാനത്തെ സ്കൂളുകളില്‍ ബാലാവകാശ നിയമങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.പി സുരേഷ്.

കുട്ടികള്‍ക്ക് വേണ്ടി സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ബാലലാകാശ കമ്മീഷന്‍റെ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്നും പുതിയ ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പീപ്പിളിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കി

സംസ്ഥനത്തെ പുതിയ ബാലവാകാശ കമ്മീഷന്‍ ചെയര്‍മാനായി ചുമതലയേറ്റെടുത്തതിന് പിന്നാലെ പീപ്പിള്‍ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ബാലാവാകാശ നിയമങ്ങള്‍ പാഠ്യ പദ്ധതിയുടെ ഭാഗമാകേണ്ടതിന്‍റെ ആവശ്യകത റിട്ട ജഡ്ജ് പി സുരേഷ് ചൂണ്ടികാട്ടിയത്.

നിയമത്തെ പറ്റിയുളള അവബോധം ഉണ്ടാകുന്ന തരത്തിലുളള സിബമ്പസ് പരിഷ്കാരങ്ങള്‍ ആണ് വേണ്ടെതെന്നും ഈ കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന കരിക്കുലം കമ്മറ്റിക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

സ്കൂളുകളിലും വീടുകളിലും ഉണ്ടാവുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് നേരിട്ട് ബാലവകാശ കമ്മീഷന് പരാതി നല്‍കാനുളള സാഹചര്യം ഒരുക്കുന്നതിന് ആയി പരാതിപെട്ടികള്‍ സ്ഥാപിക്കും.

എല്ലാ സ്കൂളുകളിലും ബാലവകാശ കമ്മീഷന്‍റെ പരാതിപെട്ടി ഉടന്‍ സ്ഥാപിക്കാന്‍ വിദ്യാഭ്യാസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കും.

സമഗ്രമായ ബാലവകാശ നയം സംസ്ഥാനത്ത് രൂപപെടുത്തേണ്ടതിന്‍റെ ആവശ്യകതയെ പറ്റി സര്‍ക്കാരുമായി ചര്‍ച്ച നടത്തും.

കുട്ടികള്‍ക്ക് എതിരെ ഉയരുന്ന ലൈംഗീകാതിക്രമങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് നിയമസഹായ സെല്ലുകളുടെ സഹായത്തോടെ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.

വിജിലന്‍സ് കോടതിയിലെ ജഡ്ജിയായി വിരമിച്ച തലശേരി എരിഞ്ഞോളി സ്വദേശിയായ അഡ്വ.പി സുരേഷ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിയ വ്യക്തയാണ്.