സര്‍ക്കാര്‍, പുതുകേരള സൃഷ്ടിക്കുള്ള വിഭവസമാഹരണ പ്രവര്‍ത്തനത്തില്‍; പ്രധാന മേഖലകളിലെ മാത്രം നഷ്ടം 25,050 കോടി രൂപയെന്ന് ലോകബാങ്ക്-എ.ഡി.ബി സംഘം; പ്രവാസി മലയാളികളുടെ സഹായം സ്വീകരിക്കാന്‍ മന്ത്രിമാര്‍ വിദേശ  സന്ദര്‍ശനം നടത്തുമെന്നും മുഖ്യമന്ത്രി പിണറായി 

പ്രളയം നാശം വിതച്ച കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിന് വലിയ തോതിലുള്ള വിഭവസമാഹരണത്തിനുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാന സര്‍ക്കാറെന്ന് മുഖ്യമന്തി പിണറായി വിജയന്‍ .

നേരത്തെ വ്യക്തമാക്കിയതുപോലെ തകര്‍ന്ന കേരളത്തെ അതേപടി പുനഃസ്ഥാപിക്കുകയല്ല, പുതിയ കേരളം നിര്‍മ്മിക്കുകയാണ് ലക്ഷ്യം. ഇതിന് ഭീമമായ ചെലവ് ആവശ്യമാണ്.

പ്രവാസി മലയാളികളുടെ സഹായം ക്രോഡീകരിച്ച് സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ മന്ത്രിമാര്‍ ഒക്ടോബര്‍ 17 മുതല്‍ 21 വരെ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഗള്‍ഫ് നാടുകളും യൂറോപ്പും ഉള്‍പ്പെടെ 17 രാജ്യങ്ങളാണ് മന്ത്രിമാര്‍ സന്ദര്‍ശിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തിലെ പ്രസക്ത ഭാഗങ്ങള്‍

ലോക ബാങ്കും ഏഷ്യന്‍ ഡെവലപ്മെന്‍റ് ബാങ്കും ചേര്‍ന്ന് നടത്തിയ റാപ്പിഡ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്‍റ് പ്രകാരം പ്രധാന മേഖലകളിലെ മാത്രം നഷ്ടം 25,050 കോടി രൂപയാണ്.

ഹൗസിംഗ്- 2,534 കോടി
പൊതു സ്ഥാപനങ്ങള്‍ – 191 കോടി
നഗരങ്ങളിലെ അടിസ്ഥാന സൗകര്യം – 2,093 കോടി
ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യം – 5,216 കോടി
ജലസേചനവും ജലവിതരണവും – 1,484 കോടി
വൈദ്യുതി – 353 കോടി
ഗതാഗതം – 8,554 കോടി
ആരോഗ്യം – 280 കോടി
ജീവിതോപാധികള്‍ക്കുണ്ടായ നഷ്ടം (ടൂറിസം ഉള്‍പ്പെടെ) – 3,801 കോടി
പരിസ്ഥിതി-ജൈവവൈവിധ്യം – 452 കോടി
സാംസ്കാരിക പൈതൃകം – 86 കോടി

വ്യവസായം, കച്ചവടം മുതലായ മേഖലകളിലെ യഥാര്‍ത്ഥ നഷ്ടം എ.ഡി.ബി-ലോകബാങ്ക് കണക്കാക്കിയിട്ടില്ല. മാത്രമല്ല, ഉപജീവന മാര്‍ഗങ്ങള്‍, തൊഴില്‍ തുടങ്ങിയ മേഖലകളിലെ നഷ്ടം ലോകബാങ്ക്-എ.ഡി.ബി കണക്കുകളേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കും. വായ്പ അനുവദിക്കുന്നതുമായി ബന്ധപ്പെടുത്തി ഭൗതിക അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച നഷ്ടം വിലയിരുത്തുന്നതിലാണ് അവര്‍ ശ്രദ്ധിച്ചത്.

പല കാരണങ്ങളാലും വലിയ വിഭാഗം ജനങ്ങളെ അവരുടെ ഭൂമിയില്‍ നിന്നും മാറ്റി പുനരധിവസിപ്പിക്കേണ്ടിവരും. വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിനുള്ള ഭൂമിയുടെ വില തന്നെ ഏകദേശം 400 കോടി രൂപ വരും. ഇതെല്ലാം കണക്കിലെടുക്കുമ്പോള്‍ സംസ്ഥാനത്തിനുണ്ടായ യഥാര്‍ത്ഥ നഷ്ടം ലോകബാങ്ക്-എ.ഡി.ബി സംഘം തയ്യാറാക്കിയതിനേക്കാള്‍ വളരെ ഉയര്‍ന്നതായിരിക്കുമെന്ന് വ്യക്തമാണ്.

ഇതു സംബന്ധിച്ച്, സംസ്ഥാന സര്‍ക്കാര്‍ വിശദമായ പഠനം നടത്തിവരികയാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

കേന്ദ്രസഹായം അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ആഭ്യന്തര ധനകാര്യ ഏജന്‍സികളില്‍നിന്നും ബാങ്കുകളില്‍നിന്നുമുള്ള വായ്പ, ദുരിതാശ്വാസ നിധിയിലേക്ക് ലഭിക്കുന്ന സംഭാവന, പദ്ധതി വിഹിതത്തില്‍ വരുത്തിയ കുറവ് മൂലം ലഭിക്കുന്ന തുക – ഇതെല്ലാമാണ് പുനര്‍നിര്‍മ്മാണത്തിന് വിനിയോഗിക്കാന്‍ ലഭിക്കുക. എന്നാല്‍, യഥാര്‍ത്ഥ നഷ്ടം കണക്കിലെടുത്താല്‍ ഈ തുക പുനര്‍നിര്‍മ്മാണത്തിന് തീരെ അപര്യാപ്തമായിരിക്കും.

പദ്ധതി വിഹിതത്തില്‍ 20 ശതമാനം കുറവ് വരുത്താന്‍ തീരുമാനിച്ചിരുന്നു. പൊതുമരാമത്ത്, ജലസേചനം, ജലവിതരണം, വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പ് എന്നിവ ഒഴികെ ഉള്ള എല്ലാ വകുപ്പുകളുടെയും വാര്‍ഷിക പദ്ധതിയുടെ 20 ശതമാനം കുറവ് വരുത്താനാണ് തീരുമാനിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതി, വിദേശ സഹായ പദ്ധതി, നബാര്‍ഡ് എന്നിവയ്ക്കുള്ള സംസ്ഥാന വിഹിതത്തെ പദ്ധതി വെട്ടിക്കുറവില്‍ നിന്ന് ഒഴിവാക്കുന്നതാണ്.

പദ്ധതിവിഹിതത്തില്‍ കുറവ് വരുത്തിയാല്‍ 2000 കോടി രൂപ മാത്രമാണ് പുനര്‍നിര്‍മ്മാണത്തിനു വേണ്ടി പദ്ധതിവിഹിതത്തില്‍ നിന്ന് ലഭിക്കുക. പദ്ധതിയില്‍ കുറവ് വരുത്തുമ്പോള്‍ ലഭിക്കുമ്പോള്‍ തുക ബന്ധപ്പെട്ട മേഖലയിലെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടിയാണ് വിനിയോഗിക്കുക.

പുനര്‍നിര്‍മ്മാണമാണ് സര്‍ക്കാരിന്‍റെ മുമ്പില്‍ ഇപ്പോഴുളള മുഖ്യ അജണ്ട. എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയോടെയും സഹകരണത്തോടെയും പുനര്‍നിര്‍മമാണത്തിന് സര്‍ക്കാര്‍ തയ്യാറെടുക്കുകയാണ്. ധനസമാഹരണമാണ് ഈ ഘട്ടത്തില്‍ പ്രധാന വെല്ലുവിളി.

അതുകൊണ്ടാണ് മന്ത്രിമാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പ്രവാസികളില്‍നിന്ന് സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചത്. ഇതിനകംതന്നെ പ്രവാസികള്‍ നല്ലതോതില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

പ്രവാസികള്‍ക്ക് പുതിയ കേരള സൃഷ്ടിയില്‍ മുഖ്യ പങ്ക് വഹിക്കാന്‍ കഴിയും. ലോകകേരളസഭയില്‍ ചര്‍ച്ച ചെയ്ത പ്രധാന വിഷയം കേരള വികസനവും പ്രവാസികളുടെ പങ്കാളിത്തവുമായിരുന്നു. പുനര്‍നിര്‍മ്മാണത്തിനുളള ധനസമാഹരണ യജ്ഞത്തില്‍ ലോകകേരളസഭയുടെ പ്രതിനിധികള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അവരുടെ കൂടി സഹകരണത്തോടെയാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തുന്നത്.

സമുദ്രനിരപ്പില്‍ താഴെ കിടക്കുന്ന കുട്ടനാട് മേഖലയുടെ പുനര്‍നിര്‍മ്മാണത്തിന് നെതര്‍ലാന്‍റിന്‍റെ സാങ്കേതിക സഹായം കേരളം തേടിയിരുന്നു. അതിന് അനുമതി ലഭിച്ചിട്ടുണ്ട്. സമുദ്രനിരപ്പില്‍ താഴെ സ്ഥിതി ചെയ്യുന്ന നെതര്‍ലാന്‍റിന് ഈ രംഗത്തുളള വൈദഗ്ധ്യം ലോകം അംഗീകരിച്ചതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News