മധ്യപ്രദേശ്, രാജസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് മായാവതി; ബിജെപിയേക്കാള്‍ സഖ്യകക്ഷികളെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം

ദില്ലി: ബിജെപിക്കെതിരെ മഹാസഖ്യത്തിനു തയാറെടുക്കുന്ന കോണ്‍ഗ്രസിന്റെ മോഹങ്ങള്‍ക്കു കനത്ത തിരിച്ചടി.

വരാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി തുറന്നടിച്ചു. ബിഎസ്പിയെ ഇല്ലാതാക്കാന്‍ നോക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും മായാവതി കൂട്ടിചേര്‍ത്തു.

പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും സഖ്യം വേണ്ടെന്നാണു നിലപാട്. ബിജെപിയേക്കാള്‍ സഖ്യകക്ഷികളെ പരാജയപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം, ഇങ്ങനെയുള്ള രൂക്ഷ ഭാഷയിലായിരുന്നു ബിഎസ്പി നേതാവ് മായാവതിയുടെ പ്രസ്താവനകള്‍.

മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കില്ല. ഒറ്റയ്‌ക്കോ പ്രദേശിക പാര്‍ട്ടികളുമായി ചേര്‍ന്നോ പോരാടും. ഒരു തരത്തിലും കോണ്‍ഗ്രസുമായി ഒത്തുപോകാനാകില്ല എന്ന തീരുമാനങ്ങളും ബിഎസ്പി എടുത്തു കഴിഞ്ഞു.

പൊതുതെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ദലിത് വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് മായാവതിയെ ഒപ്പംചേര്‍ക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതോടെ കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് തിരശ്ശീല വീണിരിക്കുകയാണ്.

ബിഎസ്പിയുമായി സീറ്റ് വിഭജന ചര്‍ച്ചകളില്‍ തുടരുന്ന വിയോജിപ്പ് പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ ദ്വിഗ് വിജയ് സിംഗ് ആര്‍എസ്എസിന്റെ എജന്റാണെന്നും അദ്ദേഹമടക്കമുള്ള പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും സഖ്യ രൂപീകരണത്തിന് താത്പര്യമില്ലെന്നും മായാവതി ആരോപിച്ചു.

എന്നാല്‍ ദിഗ്വിജയ് സിങ്ങടക്കമുള്ള പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും സിബിഐ ഏജന്‍സികളെയും ഭയമാണ്. അതോടൊപ്പം ബിജെപിയെ ഒറ്റയ്ക്ക് പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന അഹങ്കാരവുമുണ്ടെന്ന് മായാവതി ആരോപിച്ചു.

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സഖ്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന കാഴ്ചപ്പാടിലാണ് മായാവതി.എന്നാല്‍ അഭിപ്രായവിത്യാസങ്ങളുണ്ടെങ്കില്‍ പറഞ്ഞു തീര്‍ക്കുമെന്നും മായാവതിയുടെ പ്രസ്താവനകളില്‍ മറ്റ് അര്‍ത്ഥങ്ങള്‍ കാണേണ്ടെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വിമതനേതാവ് അജിത് ജോഗിയെ മായാവതി നേരത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്നു. 35 സീറ്റില്‍ ബിഎസ്പിയും 55 സീറ്റില്‍ അജിത് ജോഗിയുടെ ജെസിസിയെ മത്സരിപ്പിക്കാനുമാണ് മായാവതിയുടെ തീരുമാനം. മധ്യപ്രദേശില്‍ 230 സീറ്റിലും ഒറ്റയ്ക്കു മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel