കര്‍ഷക പ്രക്ഷോഭത്തില്‍ അനുനയനീക്കവുമായി കേന്ദ്രം; കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച് ഉത്തരവിറക്കി; കടം എഴുതി തള്ളുന്നതിനെക്കുറിച്ച് തീരുമാനമായില്ല

ദില്ലിയെ സ്തംഭിപ്പിച്ച കര്‍ഷക പ്രക്ഷോഭത്തില്‍ അനുനയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക വിളകളുടെ താങ്ങുവില വര്‍ദ്ധിപ്പിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം ഉത്തരവിറക്കി.

ഗോതബ്, ബാര്‍ലി, വെള്ളിച്ചെണ്ണ തുടങ്ങി ആറ് ഇനങ്ങളുടെ താങ്ങ് വിലയാണ് വര്‍ദ്ധിപ്പിച്ചത്. എന്നാല്‍ കാര്‍ഷിക കടം എഴുതി തള്ളുന്നതിനെക്കുറിച്ച് തീരുമാനം എടുത്തില്ല. റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി പുതിയ കോര്‍പറേഷന്‍ രൂപീകരിക്കാനും കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്ന കാര്‍ഷിക പ്രക്ഷോഭങ്ങള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്ര മന്ത്രിസഭാ നടത്തുന്നത്. വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ കൃഷി ചെയ്യുന്ന ഗോതബ്, ബാര്‍ലി, ഗ്രാബു തുടങ്ങി ആറ് ഇനങ്ങളുടെ താങ്ങ് വില വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

എന്നാല്‍ കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണമാകുന്ന കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനാവില്ലെന്ന നിലപാടില്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍. താങ്ങുവില വര്‍ദ്ധിപ്പിച്ചതോടെ രാജ്യത്തെ കര്‍ഷകര്‍ക്ക് അറുപത്തി രണ്ടായിരം കോടി രൂപയുടെ വരുമാന വര്‍ദ്ധനവ് ഉണ്ടാകുമെന്ന് കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

മഹാരാഷ്ട്രയില്‍ സിപിഐഎം നേതൃത്വത്തില്‍ നടത്തിയ കാര്‍ഷിക പ്രക്ഷോഭത്തിന് പിന്നാലെ ദില്ലിയില്‍ അഞ്ച് ലക്ഷത്തിലേറെ കര്‍ഷകര്‍ പങ്കെടുത്ത പ്രക്ഷോഭം കേന്ദ്ര സര്‍ക്കാരിനെതിരെ നടന്നിരുന്നു.

ഇക്കഴിഞ്ഞ ദിവസം മറ്റ് പ്രതിപക്ഷ സംഘടനകളും ദില്ലിയിലേയ്ക്ക് വന്‍ മാര്‍ച്ച് നടത്തി. ഈ പശ്ചാത്തലത്തിലാണ് താങ്ങുവില വര്‍ദ്ധിപ്പിക്കാനെങ്കിലും മന്ത്രിസഭായോഗം തീരുമാനിച്ചത്.

രാജ്യത്തെ റയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിനായി പുതിയ കോര്‍പറേഷന്‍ രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ രണ്ട് മെട്രോ പ്രോജക്ടുകള്‍ക്കും അനുമതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News