കേരള ബാങ്കിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കി; ബാങ്കിന് അനുമതി നല്‍കുന്നത് തടയാന്‍ സംസ്ഥാനത്തെ ചിലര്‍ ആര്‍ബിഐയെ സമീപിച്ചിരുന്നെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരള ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തത്വത്തില്‍ അംഗീകാരം നല്‍കി.

ഒക്ടോബര്‍ മൂന്നിന് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിലാണ് റിസര്‍വ് ബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്. റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരമുള്ള സാമ്പത്തികവും, നിയമപരവും, ഭരണപരവുമായ വ്യവസ്ഥകള്‍ പാലിച്ച് 2019 മാര്‍ച്ച് 31ന് മുന്‍പ് ലയനനടപടികള്‍ പൂര്‍ത്തീകരിക്കണമെന്നും ആര്‍ബിഐ അറിയിച്ചു.

ലയന നടപടികള്‍ സംബന്ധിച്ച് റിസര്‍വ് ബാങ്കിനെ ബോധ്യപ്പെടുത്തി അന്തിമ അനുമതിയും തുടര്‍ലൈസന്‍സിംഗ് നടപടികളും സാധ്യമാക്കണം. കേരള സഹകരണനിയമവും ചട്ടവും സമ്പൂര്‍ണമായും പാലിച്ച് വേണം ലയനം നടത്താനെന്ന് റിസര്‍വ് ബാങ്ക് കത്തില്‍ സൂചിപ്പിച്ചിട്ടുള്ള വ്യവസ്ഥകളില്‍ പറയുന്നു.

ലയനത്തെ സ്റ്റേ ചെയ്തുകൊണ്ടോ നിരോധിച്ചുകൊണ്ടോ കോടതിവിധികള്‍ ഒന്നുമില്ല എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണം. ഒക്‌ടോബര്‍ 4 മുതല്‍ ജില്ലാ ബാങ്കുകളും, സംസ്ഥാന സഹകരണ ബാങ്കും, സംസ്ഥാന സര്‍ക്കാരും തമ്മില്‍ ഒരു ധാരണാപത്രം ഒപ്പുവയ്ക്കണം. ഭരണസമിതി, മാനേജ്‌മെന്റ് ഘടനകള്‍, മനുഷ്യവിഭവശേഷിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആസ്തിബാധ്യതകളുടെ കൈമാറ്റം എന്നീ കാര്യങ്ങളാണ് ധാരണാപത്രത്തില്‍ വരേണ്ടത്.

ബാങ്കിന്റെ ബാലന്‍സ് ഷീറ്റ് എല്ലാവിധ നിയമപരമായ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള ശേഷി ഉള്ളതും, ജനങ്ങള്‍ക്ക് എല്ലാവിധ സേവനങ്ങളും നല്‍കുന്നതിനുള്ള വിവിധ അനുമതികള്‍ക്ക് പര്യാപ്തവുമായിരിക്കണം. ക്രമരഹിത ഇടപാടുകളിലൂടെ ആസ്തികള്‍ നിഷ്‌ക്രിയമായിട്ടുണ്ടെങ്കില്‍ മുഴുവന്‍ തുകയ്ക്കും കരുതല്‍ സൂക്ഷിക്കണം.

ആസ്തിബാധ്യതകളുടെ വാല്യുവേഷന്‍ നടത്തുകയും നഷ്ട ആസ്തികള്‍ക്ക് പൂര്‍ണ്ണമായും കരുതല്‍ സൂക്ഷിക്കുകയും വേണം. ഇതിന്റെ തുടര്‍നടപടികളുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് വേണമോ എന്നത് നിയമപരമായി ആലോചിക്കും.

ചിലര്‍ ഇതിനെതിരെ കത്തയച്ചതിനെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. കേരള ബാങ്കിന് അനുമതി നല്‍കുന്നത് തടയാന്‍ സംസ്ഥാനത്തെ ചിലര്‍ റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
‘ബാങ്ക്’ എന്ന പദം ഉപയോഗിച്ച് കേരളത്തില്‍ പുതിയ സഹകരണസംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ പാലിച്ചതിനുശേഷം അന്തിമ അനുമതിക്കായി സംസ്ഥാന സഹകരണ ബാങ്ക് നബാര്‍ഡ് മുഖാന്തിരം ആര്‍.ബി.ഐയെ സമീപിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News