സംസ്ഥാനത്ത് കനത്ത കാറ്റിനും മ‍ഴയ്ക്കും സാധ്യത; ജില്ലാ കലക്ടര്‍മാര്‍ക്ക് മുന്നൊരുക്കങ്ങള്‍ക്ക് നിര്‍ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കനത്ത കാറ്റിനും മ‍ഴയ്ക്കും സാധ്യതയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

വ്യാഴാഴ്ച മുതൽ കനത്ത മ‍ഴയും കാറ്റും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. ഞായറാഴ്ച ലക്ഷദ്വീപിനു സമീപം അറബിക്കടലിൽ ന്യൂനമർദം ശക്തമാകുമെന്നും തിങ്കളാഴ്ച ചുഴലിക്കാറ്റാകുമെന്നുമാണു പ്രവചനം.

മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നിരുന്നു.

ഈ മാസം ഏഴിനു കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാൽ പാലക്കാട്, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ഇതിന് പുറമെ സംസ്ഥാനത്താകെ ജാഗ്രതാ നിർദേശവുമുണ്ട്. മിക്ക ജില്ലകളിലും അഞ്ചു മുതൽ ഏഴു വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചില ജില്ലകളിൽ നാലിന് ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകും. ഇടുക്കിയിൽ നാലു മുതൽ ആറു വരെ തീയതികളിലും തൃശൂരും പാലക്കാടും ആറിനും പത്തനംതിട്ടയിൽ ഏഴിനും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ചു‍ഴലിക്കാറ്റിനും സാധ്യതയുള്ളതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കാന്‍ മു‍ഴുവന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീഴാനുളള സാധ്യതയും വൈദ്യുതി ലൈനുകള്‍ തകരാറിലാവാനുളള സാധ്യതയും ഉണ്ട്. ഇത് കണക്കിലെടുത്ത് ജാഗ്രത പുലര്‍ത്തുകയും രാത്രികാലങ്ങളിലെ യാത്ര നിയന്ത്രിക്കുകയും വേണം.

പ്രളയബാധിത പ്രദേശങ്ങളില്‍ പോലീസ് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കുന്നതാണ്. പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പൂര്‍ണമായും വാസയോഗ്യമായിട്ടില്ല.

അതിനാല്‍ മുമ്പ് ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ ആരംഭിക്കുകയും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് കണക്കിലെടുത്ത് കേന്ദ്രസേനാവിഭാഗങ്ങളോട് അടിയന്തരമായി സജ്ജമാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.ഡി.ആര്‍.എഫിന്‍റെ അഞ്ച് ടീമിനെ അധികമായി കേരളത്തിലേക്ക് അയക്കാന്‍ ആവശ്യപ്പെടും.

ഭിന്നശേഷിക്കാരെ സാമൂഹ്യസുരക്ഷാ വകുപ്പ് പ്രത്യേകം പരിഗണിക്കുകയും ദുരന്തസാധ്യതാ മേഖലകളില്‍ നിന്ന് അവരെ മാറ്റിപ്പാര്‍പ്പിക്കുകയും വേണം.

ദുരന്തനിവാരണ അതോറിറ്റിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേര്‍ന്ന് ഡാമുകളുടെ ജലനിരപ്പ് പ്രത്യേകം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News