ഗാന്ധിജി മുന്നോട്ടുവച്ച മൂല്യങ്ങളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്: പ്രകാശ് കാരാട്ട്; ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക വേളയിൽ പ്രകാശ് കാരാട്ടിന്‍റെ അനുസ്മരണം

ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കിൽ പശുക്കളെ കൊല്ലുന്നുവെന്നപേരിൽ നിഷ‌്കളങ്കരായ മുസ്ലിങ്ങളെ ആൾക്കൂട്ടക്കൊലയ‌്ക്ക് വിധേയമാക്കുന്നതിനെതിരെ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം നടത്തുമായിരുന്നു. കാരണം നിഷ്കളങ്കരായ മനുഷ്യർക്കുനേരെയുള്ള ഹിംസ അദ്ദേഹത്തിന് പൊറുക്കാനാകില്ലായിരുന്നു.

‘മഹാത്മാവിന്റെ’150–ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ കോടിക്കണക്കിന് വരുന്ന ഇന്ത്യയിലെ ജനങ്ങൾക്കുമാത്രമല്ല, ലോകജനതയ‌്ക്കും മഹാത്മാവായി അദ്ദേഹം എങ്ങനെ മാറിയെന്ന് ആലോചിക്കുന്നത് നല്ലതാണ്.

ഇരുപതാംനൂറ്റാണ്ടിൽ, ലോകമാകമാനം ശ്രദ്ധിക്കപ്പെട്ട ചരിത്രപുരുഷനായിരുന്നു ഗാന്ധിജി. ലോകത്തിലെതന്നെ ഏറ്റവും വലിയ ജനകീയപ്രസ്ഥാനമായ ഇന്ത്യൻ സ്വാതന്ത്ര്യസമരം നയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

സാമൂഹ്യമായി യാഥാസ്ഥിതിക വീക്ഷണഗതി പുലർത്തിയപ്പോഴും ഗാന്ധിജി ഉപയോഗിച്ച ഭാഷയും ശൈലിയും കർഷകജനസാമാന്യത്തെ സമരത്തിലേക്ക് എടുത്തെറിയാൻ സഹായിക്കുന്നതായിരുന്നുവെന്നാണ് ഇ എം എസ് നിരീക്ഷിച്ചത്.

ദക്ഷിണാഫ്രിക്കയിലെ വർഷങ്ങൾ നീണ്ട പ്രവാസജീവിതത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ഗാന്ധിജിയാണ് മധ്യവർഗത്തിന്റെ തടവറയിലായിരുന്ന കോൺഗ്രസിനെ ഒരു ജനകീയപ്രസ്ഥാനമാക്കി മാറ്റിയത്.

അങ്ങനെ ചെയ്യുമ്പോൾത്തന്നെ ഗാന്ധിജി ദേശീയപ്രസ്ഥാനത്തിന് അദ്ദേഹത്തിന്റേതായ ആശയങ്ങളും കാഴ്ചപ്പാടുകളും പ്രക്ഷോഭ രീതികളും പങ്കുവയ‌്ക്കുകയുംചെയ‌്തു.

ദക്ഷിണാഫ്രിക്കയിൽ അദ്ദേഹം തുടക്കംകുറിച്ച ‘സത്യഗ്രഹവും’ അഹിംസയിൽ അധിഷ്ഠിതമായ നിയമലംഘനവും സ്വാതന്ത്ര്യത്തിനായുള്ള ദേശീയപ്രസ്ഥാനത്തിന്റെ തന്നെ സവിശേഷരൂപവും ഭാവവുമായി മാറി.

പാവങ്ങളോടും അടിച്ചമർത്തപ്പെടുന്നവരോടും സമൂഹത്തിന്റെ അടിത്തട്ടിൽ കിടക്കുന്നവരോടും ഗാന്ധിജിക്ക് അങ്ങേയറ്റം സഹാനുഭൂതിയുണ്ടായിരുന്നു.

‘എല്ലാ കണ്ണുകളിൽനിന്നും കണ്ണീർ തുടയ‌്ക്കുക’ എന്നതാണ് തന്റെ ജീവിതലക്ഷ്യമെന്നും ഗാന്ധിജി ആത്മാർഥമായി വിശ്വസിച്ചിരുന്നു.

സ്വതന്ത്ര ഇന്ത്യയുടെ നയരൂപീകരണത്തിന്റെ മൗലികമായ അടിത്തറ എന്തായിരിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

‘നിങ്ങൾ ജീവിതത്തിൽ കണ്ട ഏറ്റവും പാവപ്പെട്ടവനെക്കുറിച്ച് ആലോചിക്കുകയും നിങ്ങൾ കൈക്കൊള്ളുന്ന നടപടി അവർക്ക് ഉപകാരപ്പെടുമോ എന്ന് സ്വയം ചോദിക്കുകയും ചെയ്യുക’ എന്നും ഗാന്ധിജി അവരോട് പറഞ്ഞു.

ഭാവി സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് മതനിരപേക്ഷ കാഴ്ചപ്പാടാണ് ഗാന്ധിജിക്കുണ്ടായിരുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ അടിത്തറ ഹിന്ദു–മുസ്ലിം ഐക്യമായിരിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ടായിരുന്നു.

‘ഹിന്ദുസ്ഥാൻ എന്ന പേരിലുള്ള സുന്ദരിയായ വധുവിന്റെ ഇരുകണ്ണുുകളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന‌്’ അദ്ദേഹം പറഞ്ഞു.

ഈ വീക്ഷണം വച്ചുപുലർത്തുന്നതിനാലാണ് നിസ്സഹകരണ പ്രസ്ഥാനത്തിന്റെഭാഗമായി 1920ൽ ഖിലാഫത്ത് പ്രസ്ഥാനത്തിന് ഗാന്ധിജി നേതൃത്വം നൽകിയത്.

ഒരു മതപരമായ വിഷയത്തിന്റെ പേരിലുള്ള ഈ പ്രക്ഷോഭത്തിന്റെ പരിമിതികൾ പിന്നീട് പൊന്തിവന്നെങ്കിലും ഹിന്ദു–മുസ്ലിം ഐക്യം സംബന്ധിച്ച ഗാന്ധിജിയുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കപ്പെട്ടു.

എല്ലാ മതങ്ങളെയും മതസമുദായങ്ങളെയും തുല്യബഹുമാനത്തോടെ കൈകാര്യംചെയ്യണമെന്നതായിരുന്നു ഗാന്ധിജിയുടെ സമീപനം.

ഒരു മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗാന്ധിജി പറഞ്ഞിരുന്നു. മതവും രാഷ്ട്രവുംതമ്മിൽ വേർതിരിവ് ആവശ്യമാണെന്നും അദ്ദേഹം കരുതി.

ഗുജറാത്തിലെ സോമനാഥക്ഷേത്രം പുതുക്കി പ്പണിയുന്നതിന‌് സർക്കാർ ഫണ്ട് നൽകണമെന്ന നിർദേശത്തിന് അദ്ദേഹം എതിരായിരുന്നു.

ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ചും സാമൂഹ്യ സങ്കീർണതകളെക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കിയ നേതാവായിരുന്നു ഗാന്ധിജി.

ഭാഷയുടെ അടിസ്ഥാനത്തിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിക്കാൻ ആദ്യം നിർദേശിച്ചത് ഗാന്ധിജിയായിരുന്നു.

അതനുസരിച്ചാണ് 1920ൽ എഐസിസി ഭാഷാടിസ്ഥാനത്തിൽ കോൺഗ്രസ് കമ്മിറ്റികൾ രൂപീകരിച്ചത്. വിവിധ വിഷയങ്ങളുയർത്തിപ്പിടിച്ച് രാജ്യത്തിന്റെ തലങ്ങും വിലങ്ങും അദ്ദേഹം സഞ്ചരിച്ചു.

ചമ്പാരനിലെ കർഷകസമരവും വൈക്കത്തെ ക്ഷേത്ര പ്രവേശനവും ദണ്ഡിയിലെ ഉപ്പുകുറുക്കൽ സമരവും ലഖ്നൗവിലെ നിയമലംഘനസമരവും മറ്റുംതന്നെ ഉദാഹരണങ്ങൾ. രാജ്യമെങ്ങും അംഗീകാരം നേടിയ ആദ്യ ജനകീയനേതാവായി ഗാന്ധിജി മാറി.

1930കളിൽ കോൺഗ്രസിൽ ഉയർന്നുവന്ന ഇടതുപക്ഷത്തിനും പിന്നീട് കമ്യൂണിസ്റ്റ‌് പാർടിക്കും ഗാന്ധിസത്തോട് ചില വിമർശനങ്ങളൊക്കെ ഉണ്ടായിരുന്നു.

ഗാന്ധിജി ജനകീയപ്രക്ഷോഭം ഉയർത്താൻ സ്വീകരിച്ച രീതികൾ അതൊരു ജനകീയവിപ്ലവമായി മാറാതിരിക്കുംവിധം നിയന്ത്രിച്ചുനിർത്തുന്നതായിരുന്നു.

കർഷകരുടെ ആവശ്യങ്ങൾക്കു വേണ്ടി പ്രക്ഷോഭങ്ങൾ നയിക്കുമ്പോഴും ഭൂപ്രഭുത്വത്തിന് അദ്ദേഹം എതിരായിരുന്നില്ല. ജീവിതം മുഴുവൻ അയിത്തോച്ചാടനത്തിനായി പ്രവർത്തിച്ചപ്പോഴും വർണാശ്രമധർമത്തെ ഗാന്ധിജി അംഗീകരിച്ചു.

ഇതിലെല്ലാംതന്നെ ഇടതുപക്ഷത്തിന് മൗലികമായ വിമർശനം ഗാന്ധിസത്തോട് ഉണ്ടായിരുന്നു. പക്ഷേ ദേശീയപ്രസ്ഥാനത്തിന്റെ അതുല്യനായ നേതാവായി അദ്ദേഹത്തെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ ആദർശവാദത്തെയും രാജ്യസ്നേഹത്തെയും ധീരതയെയും ആദരിക്കുകയുംചെയ‌്തിരുന്നു.

ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് അദ്ദേഹത്തിന്റെ ധീരതയാർന്ന പങ്ക് വ്യക്തമാക്കപ്പെട്ടത്. 1946ൽ രാജ്യം സ്വാതന്ത്ര്യത്തിലേക്കും വിഭജനത്തിലേക്കും നീങ്ങുന്ന ഘട്ടത്തിൽ ഗാന്ധിജി ഏകനും നിരാശനുമായി കാണപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ചും വടക്കേ ഇന്ത്യയിൽ വർഗീയകലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തിന്റെ വിഭജനത്തിലും ഹിന്ദു–മുസ്ലിം ഐക്യത്തിന്റെ തകർച്ചയിലും ഗാന്ധിജി വിലപിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ ഗാന്ധിജി വിസമ്മതിച്ചു.

അദ്ദേഹം അന്ന് കൊൽക്കത്തയിൽ വർഗീയകലാപാഗ്നി കെടുത്താൻ പരിശ്രമിക്കുകയായിരുന്നു. ആഗസ്ത് 14 ന് രാത്രി ഹിന്ദുഭൂരിപക്ഷ പ്രദേശമായ ബലിയാഘട്ടയിലെ ‘ഹൈദരി മൻസിൽ’ എന്ന മുസ്ലിം വീട്ടിലാണ് ഗാന്ധിജി രാത്രി ചെലവഴിച്ചത്. തന്റെ സാന്നിധ്യംവഴി ആ പ്രദേശത്തുള്ള യുവാക്കളെ, മുസ്ലിങ്ങളെ ആക്രമിക്കുന്നതിൽനിന്ന‌് അദ്ദേഹം പിന്തിരിപ്പിച്ചു.

അതിനുമുമ്പ് മൂന്നുമാസം, പിന്നീട് കിഴക്കൻ പാകിസ്ഥാന്റെ ഭാഗമായ നവ്ഖാലിയിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. അവിടത്തെ ഹിന്ദുക്കൾക്കെതിരെ ഭൂരിപക്ഷ മുസ്ലിങ്ങൾ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് അദ്ദേഹം നിരാഹാരം ഇരുന്നു.

കാൽനടയായി ഗ്രാമങ്ങളിൽനിന്ന‌് ഗ്രാമങ്ങളിലേക്ക് യാത്രചെയ‌്ത‌് സമാധാനം പാലിക്കാനും മതസൗഹാർദം കാത്തുസുക്ഷിക്കാനും ആവശ്യപ്പെട്ടു. വർഗീയഭ്രാന്ത് ബാധിച്ച മുസ്ലിംനേതാക്കൾ ഗാന്ധിജിയെ ഹിന്ദു നേതാവെന്ന് ആക്ഷേപിച്ച് ആക്രമിക്കാനും തയ്യാറായി.

കൊൽക്കത്തയ‌്ക്ക് ശേഷം അദ്ദേഹം പോയത് ഡൽഹിയിലേക്കായിരുന്നു. മുസ്ലിങ്ങൾ കൊലചെയ്യപ്പെടുന്നു എന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. തലസ്ഥാന നഗരിയിലെ അസ്വാസ്ഥ്യങ്ങൾ അദ്ദേഹത്തെ കാര്യമായിത്തന്നെ ബാധിച്ചു.

അവിടെ ബിർളാഹൗസിൽവച്ച‌് 1948 ജനുവരി 12നാണ് ഗാന്ധിജി തന്റെ അവസാന നിരാഹാരസത്യഗ്രഹം ആരംഭിച്ചത്.

മതസൗഹാർദം സ്ഥാപിക്കുന്നതിനും പാകിസ്ഥാന് നൽകാനുള്ള 55 കോടി രൂപ ഇന്ത്യൻ സർക്കാർ ഉടൻ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഈ സത്യഗ്രഹം.

കശ‌്മീരിലെ സംഘർഷം ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിസഭയാണ് പണം നൽകുന്നത് തടഞ്ഞുവച്ചത്. നിരാഹാരസത്യഗ്രഹത്തോട് ജനങ്ങൾ വൻതോതിൽ പ്രതികരിച്ചു.

ഹിന്ദുക്കളും മുസ്ലിങ്ങളും സമരപ്പന്തലിലെത്തി കലാപത്തിൽനിന്ന‌് പിന്തിരിയുമെന്ന് പറഞ്ഞു. സർക്കാരാകട്ടെ, പാകിസ്ഥാനുള്ള പണം നൽകുകയും ചെയ്തു.

ഈ ‘മുസ്ലിം അനുകൂല’ ‘പാകിസ്ഥാൻ അനുകൂല’ സമീപനം ആരോപിച്ചാണ് നാഥുറാം ഗോഡ്സെയും മറ്റ് ആർഎസ്എസ‌്, ഹിന്ദു മഹാസഭാ നേതാക്കളും ഗാന്ധിജിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതും അദ്ദേഹത്തെ വധിച്ചതും.

ജീവിതത്തിന്റെ ഈ അവസാനഘട്ടത്തിലാണ് അദ്ദേഹത്തിന്റെ കുലീനതയും മഹത്വവും ദുരന്തവും ഒരുപോലെ ഉയർത്തിക്കാട്ടപ്പെട്ടത്.

ഇതിഹാസ സമാനമായ ജീവിതത്തിനിടയിൽ മുഖാമുഖം കണ്ട എല്ലാ വൈരുധ്യങ്ങളെയും സങ്കീർണതകളെയും അദ്ദേഹം അതിജീവിക്കുകയും മഹാനായ നേതാവായി ഉയർന്നുവരികയും ചെയ‌്തു.

ഇന്ന് മഹാനായ ഈ നേതാവിന്റെ 150 0ാ ജന്മദിനം ആഘോഷിക്കുമ്പോൾ ഗാന്ധിജിയുടെ ഘാതകരും അവർ പിന്തുടരുന്ന ഹിന്ദുത്വ തത്വശാസ്ത്രവും അദ്ദേഹത്തെ കവർന്നെടുക്കാനാണ് ശ്രമിക്കുന്നത്.

ആർഎസ്എസും ബിജെപി സർക്കാരും ഗാന്ധിജിയെ തട്ടിയെടുത്ത് അദ്ദേഹത്തിന്റെ വീക്ഷണങ്ങളിലെ മതനിരപേക്ഷ ഉള്ളടക്കം പിഴുതുമാറ്റി, മതപരമായ ലോകവീക്ഷണത്തെ ഹിന്ദുത്വത്തിന്റെ ഭാഗമാക്കാനുള്ള വഞ്ചനാപരമായ നീക്കമാണ് നടത്തുന്നത്.

ഗാന്ധിജി നേതൃത്വംനൽകിയ സ്വാതന്ത്ര്യസമരത്തിൽനിന്ന‌് വിട്ടുനിന്ന, അദ്ദേഹത്തെ മുസ്ലിംപ്രീണകനെന്ന് ആക്ഷേപിച്ച അതേ ശക്തികളാണ് ഈ നീക്കവും നടത്തുന്നത്.

ഗാന്ധിജിയെ മാത്രമല്ല, സ്വാതന്ത്ര്യത്തിനായുള്ള മഹത്തായ ദേശീയ പ്രസ്ഥാനത്തെയും അത് മുന്നോട്ടുവച്ച മൂല്യങ്ങളെയും സംരക്ഷിക്കേണ്ടതും മുന്നോട്ടുകൊണ്ടുപോകേണ്ടതും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുത്വവർഗീയതയെ ശക്തമായി എതിർത്തുകൊണ്ടുമാത്രമേ ഇത് സാധ്യമാകൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News