വയനാട്ടില്‍ വിഷമദ്യം കഴിച്ച് അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു; കഴിച്ചത് ‘ഗുളികന്‍ സേവ’ക്കായി കൊണ്ടുവന്ന മദ്യം

കല്‍പ്പറ്റ: വയനാട്ടില്‍ വിഷം കലര്‍ന്ന മദ്യം കഴിച്ച് അച്ഛനും മകനും ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. വെള്ളമുണ്ട വാരാമ്പറ്റ കൊട്ടാരക്കുന്ന് കാവുംകുന്ന് കോളനിയിലെ തിഗ്‌നായി(65), മകന്‍ പ്രമോദ്(35), ബന്ധു പ്രസാദ്(40) എന്നിവരാണ് മരിച്ചത്.

വീട്ടില്‍ ‘ഗുളികന്‍ സേവ’ക്കായി കൊണ്ടുവന്ന മദ്യം കഴിച്ചാണ് മരണമെന്ന് വെള്ളമുണ്ട പൊലീസ് പറഞ്ഞു. ബുധനാഴ്ച്ച ഉച്ചയോടെ ‘ഗുളികന്‍ സേവ’ നടത്താനെത്തിയ മാനന്തവാടി സ്വദേശി നല്‍കിയ മദ്യം കഴിച്ചതോടെ തിഗ്‌നായി കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിക്കുംമുമ്പേ മരിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് കരുതിയത്. വ്യാഴാഴ്ച്ച സംസ്‌കാരം നിശ്ചയിക്കുകയും ചെയ്തു. ബാക്കിയുണ്ടായിരുന്ന മദ്യം ബുധനാഴ്ച്ച രാത്രി പ്രമോദും പ്രസാദും കഴിച്ചു.

മദ്യം കഴിച്ചതോടെ ഇരുവരും കുഴഞ്ഞുവീണു. മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും പ്രമോദ് മരിച്ചു. പ്രസാദ് ആശുപത്രിയിലും മരിച്ചു.

മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. കഴിച്ച മദ്യത്തിന്റെ സാമ്പിള്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സാധാരണ വിഷം അകത്തുചെന്നാലുണ്ടാകുന്ന ലക്ഷണങ്ങള്‍ മരിച്ചവരില്‍ കണ്ടില്ലെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News