താരാട്ടിന്‍റെ ഈണങ്ങള്‍ ബാക്കിയാക്കി തേജയും ബാലഭാസ്കറും പോയി; തീരാത്ത നൊമ്പരമായി ആ വയലിന്‍ തന്ത്രികള്‍ ഇനിയും പാടിക്കൊണ്ടേയിരിക്കും

ബാലഭാസകര്‍ കേള്‍ക്കുന്നവര്‍ക്ക് വയലിന്‍ സംഗീതത്തിന്‍റെ പശ്ചാത്തലമില്ലാതെ ഒര്‍ക്കാന്‍ ക‍ഴിയാത്തൊരു പേരാണത്. ചുരുങ്ങിയ കാലം കൊണ്ട് ലോകമെമ്പാടുമു‍ള്ള ആരാധകരുടെ കാതിലും ഹൃദയത്തിലും ആ‍ഴത്തില്‍ പതിഞ്ഞ സംഗീതമാണ് ബാലഭാസ്കര്‍.

വയലില്‍ കൈയ്യിലെടക്കുന്നവര്‍ക്ക് മനസ്സില്‍ പതിഞ്ഞ പേരാണ് ബാലുവിന്‍റേത്. ചെറുപ്പം മുതല്‍ തന്‍റെ പ്രതിഭകൊണ്ട് സംഗീത ലോകത്ത് ഇടം കണ്ടെത്തിയ കലാകാരന്‍.

സംഗീതം ബാലുവിന് ജീവിതംതന്നെയായിരുന്നു. അതുകൊണ്ട് തന്നെ സംഗീതം കൊണ്ടുതരുന്ന നേട്ടങ്ങളേക്കാല്‍ ആ കലാകാരന്‍ തിരഞ്ഞത് കലാസൃഷ്ടിയുടെ സത്ത ചോരാതെ അതിനി പിറവിയെടുക്കാനുള്ള ഇടങ്ങളെയായിരുന്നു.

തികച്ചും യാദൃശ്ചികമായാണെങ്കിലും വളരെ ചെറിയ പ്രായത്തില്‍ സിനിമാ സംഗീതത്തിന്‍റെ ലോകത്ത് എത്തിയിട്ടും യേശുദാസിനെപോലൊരാളില്‍ നിന്ന് തന്നെ തുടക്കം കിട്ടിയിട്ടും ആ കലാകാരന്‍ അവിടെ വേരുറച്ച് പോവാതിരുന്നതും ഒരുപക്ഷേ ഇതുകൊണ്ട് തന്നെയാവാം.

ഫ്യൂഷന്‍ സംഗീതത്തിന്‍റെ ലോകത്തും തന്‍റെ സൗഹൃദങ്ങള്‍ക്കിടയില്‍ തന്നെയാണ് എല്ലാ തിരക്കുകള്‍ക്കുമൊടുവില്‍ അയാള്‍ വിശ്രമം കണ്ടെത്തിയതും.

ഈ സൗഹൃദത്തിന്‍റെ കൂടി കരുത്തിലാണ് 21ാം വയസ്സില്‍ തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജില്‍ നിന്നും ലക്ഷ്മിയുടെ കൈ പിടിച്ച് അയാള്‍ ജീവിതം തുടങ്ങിയത്.

നിറഞ്ഞ സദസ്സുകള്‍ക്കും കൈയ്യടികള്‍ക്കുമിടയില്‍ ഇന്നുവരെ ബാലുവിന്‍റെ വയലിനില്‍ വിരിഞ്ഞ ഈണങ്ങള്‍ പോലെ സ്നേഹ സാന്ദ്രമായിരുന്നു അല്ലെങ്കില്‍ അയാള്‍ തനിക്കായി വായിച്ച ഈണങ്ങളില്‍ എറ്റവും പ്രിയപ്പെട്ടതായിരുന്നു ലക്ഷ്മി.

പതിനാറുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മകള്‍ തേജസ്വിനികൂടി അവര്‍ക്കിടയില്‍ വന്നതോടെ അത് കൂടുതല്‍ മനോഹരമായിരുന്നു.

വയലിന്‍ തന്ത്രികള്‍ പോലെ ലക്ഷമിയേയും തേജയെയും അയാള്‍ നെഞ്ചോട് ചേര്‍ത്തുവച്ചു. എല്ലാ തിരക്കുകള്‍ക്കിടയിലും തന്‍റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി അയാള്‍ വയലിനില്‍ കവിതകള്‍ എ‍ഴുതി.

സ്നേഹം ചാലിച്ച് അവ പതിയെ വായിച്ചു. ഇടയ്ക്ക് വയലിന്‍ വായിക്കുന്ന ബാലുവിനരികിലിരുന്ന് മകള്‍ തേജ ഉറക്കിത്തിലേക്ക് വീ‍ഴുന്നത് നാം കണ്ടിരുന്നു സംഗീതത്തോട് എത്രത്തോളം ഇ‍ഴചേര്‍ന്നിരിക്കുന്നതാണ് ആ കുടുംബം എന്ന ഈ ഒറ്റക്കാ‍ഴ്ചയില്‍ നമ്മള്‍ക്ക് മനസ്സിലാക്കാം.

ഒരുപാട് താരാട്ടുകള്‍ തേജയ്ക്ക് വേണ്ടി ആ തന്ത്രികളില്‍ ഇനിയുമയാള്‍ കരുതിക്കാണണം. ക‍ഴിഞ്ഞ ദിവസങ്ങളില്‍ യുട്യൂബില്‍ മലയാളികള്‍ തിരഞ്ഞ ബാലുവിന്‍റെ സൃഷ്ടികളില്‍ മലര്‍ക്കൊടിപോലെ എന്ന് തുടങ്ങുന്ന വിഷുക്കണിയിലെ ഗാനം മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നത് ആ വായനയില്‍ അയാള്‍ ചേര്‍ത്തുവച്ച സ്നേഹവും വാത്സല്യവും കൊണ്ട് തന്നെയാവാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News