തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധിയെ തുടര്‍ന്ന് സംഘപരിവാര്‍ സംഘടനകള്‍ വിശ്വാസികളെ തെരുവിലിറക്കുന്നത് രാഷ്ട്രീയ ലാക്കോടെയാണെന്ന് സംവിധായകന്‍ ആഷിക് അബു.

ഇത്തരത്തില്‍ കേരളത്തെ പ്രക്ഷുബ്ദമാക്കാന്‍ ശ്രമിക്കുമ്പോള്‍ കേള്‍ക്കേണ്ടത് മുഖ്യമന്ത്രിയുടെ വാക്കുകളാണെന്നും ആഷിക് അബു ഫേസ്ബുക്കില്‍ കുറിച്ചു.

ആഷിക് അബു പറയുന്നു:

സുപ്രീംകോടതി വിധിയെ റിവ്യൂ ചെയ്യാന്‍ ഭരണഘടനാപരമായ നിയമസംവിധാനവും, രാജ്യത്തിന്റെ ജനാധിപത്യ ഭരണസംവിധാനവും നിലവിലിരിക്കെ സംഘപരിവാരം കേരളത്തിന്റെ തെരുവുകളിലേക്ക് വിശ്വാസികളെ കൊണ്ടുവരുന്നത് തികച്ചും രാഷ്ടീയലാക്കോടെയാണ്. പക്ഷെ അവിടെയും യുക്തിയെ നിരാകരിക്കല്‍ മാത്രമാണ് അവര്‍ ചെയ്യുന്നത്.

അതും മനസിലാക്കാം. യുക്തിയെ അംഗീകരിക്കുന്ന ശീലം അവര്‍ക്കില്ല. കേരളത്തിലെ കോണ്‍ഗ്രസ്സ് കണ്‍ഫ്യൂഷനിലാണ്, അത് സ്വാഭാവികം.

കേരളം പ്രക്ഷുബ്ദമാവുമ്പോള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്ന ഒരു പത്രസമ്മേളനമുണ്ട്. അതില്‍ വാക്കുകള്‍ക്ക് ശക്തിയും യുക്തിയും ജനാധിപത്യവും പക്ഷവും രാഷ്ട്രീയവുമുണ്ട്. നമ്മുടെ നാടിന് ഒരു മുഖ്യമന്ത്രിയുണ്ട് !