ദില്ലി: റഫേല്‍ ഇടപാടിലെ ക്രമക്കേടുകളെ സംബന്ധിച്ച് കോണ്‍ഗ്രസ് സിഎജിക്ക് കൂടുതല്‍ വിവരങ്ങള്‍ കൈമാറി. പുതിയ വെളിപ്പെടുത്തലുകള്‍ സിഎ ജിപരിശോധിക്കണം എന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ സിഎജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും കോണ്‍ഗ്രസ് ആരോപിച്ചു.

എച്ച്എഎല്ലുമായി അവസാന വട്ട ചര്‍ച്ചയിലാണെന്ന് പറഞ്ഞ ദാസോള്‍ കമ്പനി മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തോടെ കരാറില്‍ നിന്ന് അപ്രതീക്ഷിതമായി പിന്മാറിയതെന്തിന്, റഫേല്‍ വിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വില കൂടിപ്പോയെന്ന് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥന്‍ എഴുതിയ വിയോജനക്കുറിപ്പ് മറ്റൊരു ഉദ്യോഗസ്ഥയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ മറികടന്നതെങ്ങനെ, ഫ്രഞ്ച് മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍ ഇവ മൂന്നും സിഎജി പരിശോധിക്കണമെന്നാണ് കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

ആനന്ദ് ശര്‍മ്മ, ജയറാം രമേഷ്, അഹമ്മദ് പട്ടേല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തിലായിരുന്നു സിഎജിയുമായുള്ള കൂടിക്കാഴ്ച. റഫേല്‍ ഇടപാടില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ സിഎജി അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായും ധനമന്ത്രിയുടെ പ്രസ്താവന ഇതിന്റെ സൂചനയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് കൃത്യമായി അന്വേഷണം നടത്തുമെന്ന് സിഎജി ഉറപ്പ് നല്‍കിയതായി കോണ്‍ഗ്രസ് വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കപ്പെട്ടാല്‍ ഇടപാടിലെ അഴിമതി പുറത്തു വരുമെന്നും സംയുക്ത പാര്‍ലമെന്ററി സമിതി അത് അന്വേഷിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.ഇത് രണ്ടാം തവണയാണ് സിഎജിയുമായി കോണ്‍ഗ്രസ് റഫേല്‍ വിഷയത്തില്‍ കൂടിക്കാഴ്ച നടത്തുന്നത്.