ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കും; മുന്നൊരുക്കങ്ങള്‍ ആരംഭിച്ച് കെഎസ്ബിഐ; സ്ഥിതി നിയന്ത്രണവിധേയം, ആശങ്കപ്പെടെണ്ട സാഹചര്യമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ബിഐയുടെ ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കാന്‍ തീരുമാനം. അതിതീവ്ര മഴയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണിത്. ആവശ്യമെങ്കില്‍ ഡാമുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ കെഎസ്ബിഐ ആരംഭിച്ചു. നിലവില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടെണ്ട സാഹചര്യമില്ലെന്നും കെഎസ്ബിഐ ചെയര്‍മാന്‍ എന്‍.എസ് പിള്ള വ്യക്തമാക്കി.

കേരളത്തില്‍ അതിതീവ്ര മഴയുടെ സാധ്യതയും ചില ജില്ലകളില്‍ റെഡ് അലെര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ അധീനതയിലുള്ള ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടികള്‍ എടുക്കുന്നതിന് തീരുമാനമായത്.

ഡാമുകളില്‍ ജലനിരപ്പ് ക്രമീകരിക്കും. മഴയുടെ തോത് കൂടി പരിശോധിച്ചാകും ജലം ചെറിയ തോതില്‍ പുറത്തെയ്ക്ക് വിടുകയെന്ന് കെഎസ്ബിഐ ചെയര്‍മാന്‍ എന്‍.എസ് പിള്ള പീപ്പിള്‍ ടിവിയോട് പറഞ്ഞു.

നിലവിലുള്ള 59 ഡാമുകളില്‍ 14 ഡാമുകളാണ് ഷട്ടര്‍ വച്ച് ക്രമീകരിക്കുന്നത്. ഇതില്‍ 8 പ്രധാന ഡാമുകളില്‍ നിന്നുമാണ് ചെറിയ തോതില്‍ വെള്ളം പുറത്തെയ്ക്ക് ഒഴുക്കുക. ഇതില്‍ ഷോളയാര്‍ ഡാമിന്റെ ഒരു ഷട്ടറും പൊരിങ്ങല്‍കുത്ത് ഡാമിന്റെ രണ്ടു ഗേറ്റ്കളും ജില്ലാ ഭരണാധികാരികളുടെ അനുമതിയോടെ തുറന്ന് ചെറിയ തോതില്‍ വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്.

ഇടമലയാര്‍ ഡാമിന്റെ ഗേറ്റുകള്‍ തുറന്നു വയ്ക്കും. ബാണാസുരസാഗര്‍, കുറ്റ്യാടി ഡാമില്‍ നിന്നും ആവശ്യമെങ്കില്‍ ജലം പുറത്തേയ്ക്ക് ഒഴുക്കും. ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതുകൂടി കണക്കിലെടുത്താകും പമ്പ, കക്കി ഡാമുകളില്‍ നിന്നും ജലം പുറത്തേയ്ക്ക് ഒഴുക്കുക.

ഇടുക്കി ജില്ലയില്‍ റെഡ് അലര്‍ട്ടും അതി തീവ്ര മഴയും പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി നിരപ്പായ 2403 അടിയേക്കാള്‍ 15 അടി കുറവാണെങ്കില്‍ പോലും കുറേശ്ശയായി വെള്ളം ആവശ്യമെങ്കില്‍ പുറത്തേയ്ക്ക് ഒഴുക്കി വിടണമെന്നും തീരുമാനിച്ചിട്ടുണ്ട്.

എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചതായും പകല്‍ സമയം മാത്രമാകും ഷട്ടറുകള്‍ തുറക്കുകയെന്നും കെഎസ്ബിഐ ചെയര്‍മാന്‍ അറിയിച്ചു. എന്നാല്‍ ആശങ്കപ്പെടെണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here