”ശബരിമല സ്ത്രീ പ്രവേശനത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു പ്രഖ്യാപിത നയമുണ്ട്; അത് രഹസ്യമല്ല, പറയാന്‍ ഭയവുമില്ല; എന്ത് പറയണമെന്നറിയാതെ ഉരുണ്ടു മറിയുന്നതല്ല, ഞങ്ങളുടെ രീതി”

ഡിവൈഎഫ്‌ഐ നേതാവ് അഡ്വ.എ.എ റഹീം എഴുതുന്നു.

നിലനില്‍ക്കുന്ന ആചാരങ്ങള്‍ക്ക് വിരുദ്ധമായി സുപ്രീം കോടതി,വിധി പ്രസ്താവിക്കുന്നത് ആദ്യമല്ല,ഭരണഘടനാപരമായി നിലനില്‍ക്കുന്ന ഒരു സര്‍ക്കാര്‍ ആചാരങ്ങള്‍ക്കല്ല, ഭരണഘടനയ്ക്ക് മാത്രമാണ് വിധേയമാകേണ്ടതും.

ശബരിമലയിലെ സ്ത്രീ പ്രവേശന കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു പ്രഖ്യാപിത നയമുണ്ട്.അത് രഹസ്യമല്ല,പറയാന്‍ ഭയവുമില്ല,യെസും നോയും പറയാതെ,എന്ത് പറയണമെന്നറിയാതെ ഉരുണ്ടു മറിയുന്നതല്ല, ഞങ്ങളുടെ രീതി.

ശബരിമലയില്‍ മാത്രമല്ല,വര്ഷങ്ങള്ക്കു മുന്‍പ് ഷാബാനു ബീഗം കേസിന്റെ വിധിവന്നപ്പോള്‍ മുസ്‌ലിം വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയല്ല സിപിഐഎമ്മിനെ നയിച്ചത്.സ്ത്രീ പക്ഷവും,പുരോഗമനപരവുമായ നിലപാടുയര്‍ത്തിയ ഒരേഒരു പാര്‍ട്ടി ഞങ്ങളുടേതാണ്.

ക്രിസ്ത്യന്‍ സ്ത്രീകളുടെ സ്വത്തവകാശത്തെ സംബന്ധിച്ച വിധിയിലും ഞങ്ങളെടുത്ത നിലപാട് വ്യത്യസ്തമായിരുന്നില്ല.

ഏതെങ്കിലും മതത്തിനോ വിശ്വാസത്തിനോ ഞങ്ങളാരും എതിരല്ല,വിശ്വാസികള്‍ക്കിടയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന ചര്‍ച്ചകളും പ്രതിരോധങ്ങളും തന്നെയാണ് അന്ധവിശ്വാസങ്ങള്‍ക്കും ഭരണഘടനാ വിരുദ്ധമായ ആചാരങ്ങള്‍ക്കും എതിരായ പൊളിച്ചെഴുത്തുകള്‍ ചരിത്രത്തില്‍ സൃഷ്ടിച്ചത്.

ഓര്‍ക്കുക,
സതി മുതല്‍ ഷാബാനു വരെയുള്ള നിയമപോരാട്ടങ്ങളുടെ വഴികളില്‍ കല്ലെറിഞ്ഞവരും വിധി അട്ടിമറിക്കാന്‍ നിന്നവരുമല്ല ചരിത്രത്തില്‍ ശോഭിച്ചു നില്‍ക്കുന്നത്,പുരോഗമനപരമായ നിലപാട് സ്വീകരിച്ചവര്‍ മാത്രമാണ്.

ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന് നിലപാട് പ്രഖ്യാപിച്ചവരാണ് ആര്‍എസ്എസ്.ഇന്നവര്‍ തലകീഴായി മറിയുന്നത് വിശ്വാസത്തിന്റെ ആധിക്യത്തില്‍ നിന്നല്ല,കേരളത്തിന്റെ സാഹോദര്യം തകര്‍ക്കാനുള്ള,വിഷം തീണ്ടിയ തലച്ചോറില്‍ നിന്നാണ്.

കോണ്‍ഗ്രസ്സിന്റെ നിലപാടും ബിജെപി നിലപാടും ഒന്നുതന്നെയാണ് .ഇതാദ്യമായല്ല,ഷാബാനു കേസില്‍ ലീഗും മുസ്‌ലിം സംഘടനകളും കോണ്‍ഗ്രസ്സും ഏറ്റുവിളിച്ചത് ഒരേ മുദ്രാവാക്യമായിരുന്നു.

വോട്ടു ബാങ്ക് നോക്കി നിലപാട് സ്വീകരിക്കുകയായിരുന്നു എക്കാലവും കോണ്‍ഗ്രസ്സ് ചെയ്തത്,ഷാബാനു വിധിക്കെതിരെ നിയമ നിര്‍മ്മാണം കൊണ്ടുവന്നത്, ബാബരിമസ്ജിദ് സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്കായി ആരാധനയ്ക്ക് തുറന്നു കൊടുത്തത്,രഥയാത്രയോടുള്ള സമീപനം ,ബാബരിപ്പള്ളി തകര്‍ക്കല്‍ തുടങ്ങി ഒടുവില്‍ ബീഫ് നിരോധനത്തില്‍ വരെ കോണ്‍ഗ്രസ്സ് നിലപാടുകള്‍ വോട്ടുനോക്കി മാത്രമായിരുന്നു.

ഇന്ന്,ആര്‍എസ്എസ് വിളിച്ചു തരുന്ന ‘ശരണമന്ത്രം’ ഏറ്റുവിളിക്കുന്ന കോണ്‍ഗ്രസ്സ് ,ഇന്നലകളിലേക്ക് തിരിഞ്ഞു നോക്കണം.

വോട്ടുബാങ്ക് മാത്രം നോക്കി നിങ്ങള്‍ സ്വീകരിച്ച,പുരോഗമന വിരുദ്ധമായ നിലപാടുകള്‍ രാഷ്ട്രീയ തകര്‍ച്ചയുടെ പടുകുഴിയിലേക്കാണ് കണ്‍ഗ്രസ്സിനെ തള്ളിവിട്ടത് എന്ന് മറന്നുപോകരുത്. ചരിത്രം ഇനിയും ആവര്‍ത്തിക്കും,കല്ലെറിഞ്ഞവര്‍ തോല്‍ക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News