ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനും രാത്രികാല യാത്രയ്ക്കും നിരോധനം; ആറ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: അതിശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇടുക്കി ജില്ലയില്‍ കനത്ത ജാഗ്രത.

രാത്രികാലങ്ങളില്‍ ഹൈറേഞ്ച് യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി. അറിയിപ്പുണ്ടാകുന്നത് വരെ ജില്ലയില്‍ വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും ഞായറാഴ്ച റെഡ് അലേര്‍ട്ടുമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ഡാമുകളുടെയും ജലനിരപ്പ് പരിശോധിച്ചുവരികയാണ്.

ഡാമിന്റെ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാര്‍ ജില്ലാ കലക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജലനിരപ്പ് ഉയര്‍ന്ന മാട്ടുപ്പെട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഇന്നലെ ഉയര്‍ത്തി വെള്ളം ഒഴുക്കിക്കളയുന്നുണ്ട്.

1250 ലിറ്റര്‍ ജലമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുകുന്നത്. മുതിരപ്പുഴയാര്‍, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ എന്നിവിടങ്ങളിലെ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് നേരിയ മഴ തുടരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമിന്റെ പരമാവധി സംഭരണശേഷിയായ 2403ല്‍നിന്ന് 15 അടി താഴെയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മഴ കനക്കുകയാണെങ്കില്‍ അണക്കെട്ടില്‍ നിന്ന് കുറഞ്ഞ അളവില്‍ വെള്ളം തുറന്ന് വിടും.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 129.10 അടിയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുറിയിപ്പിനെ തുടര്‍ന്ന് രാത്രി സമയ ഹൈറേഞ്ച് യാത്രയ്ക്ക് ജില്ലാ കലക്ടര്‍ നിരോധനമേര്‍പ്പെടുത്തി.

പ്രളയകാലത്ത് ഏറെ ദുരന്തം വിതച്ച കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലൂടെ മൂന്നാറിലേക്കുള്ള യാത്രകളും ഒഴിവാക്കണം. അറിയിപ്പ് ഉണ്ടാകുന്നത് വരെ നീലക്കുറിഞ്ഞി കാണാനായെത്തുന്ന സഞ്ചാരികളും യാത്രകള്‍ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലയില്‍ ആറ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here