പ്രതിപക്ഷനേതാവിന്‍റെ ചുമതല കേവലമായ ആരോപണം ഉന്നയിക്കലല്ല; ആരോപണങ്ങൾക്കു മറുപടിയുമായി മന്ത്രി ടി പി രാമകൃഷ്ണൻ

കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട പ്രതിപക്ഷനേതാവിന്റെ വാദങ്ങളെല്ലാം ജനങ്ങൾ പുച്ഛിച്ച് തള്ളിയപ്പോൾ ബ്രൂവറി യൂണിറ്റും കോമ്പൗണ്ടിങ‌്, ബ്ലെൻഡിങ‌് ആൻഡ‌് ബോട്ടിലിങ‌് യൂണിറ്റും അനുവദിച്ചത് അഴിമതിയാണെന്ന് പ്രചരിപ്പിച്ച് പുതിയ കഥകളുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്.

ആദ്യദിവസത്തെ ആരോപണവും ഇപ്പോൾ എത്തിനിൽക്കുന്ന വാദവും പരിശോധിച്ചാൽ പ്രതിപക്ഷനേതാവിന് സ്ഥലജല വിഭ്രാന്തിയാണ് വന്നുപെട്ടിരിക്കുന്നതെന്ന് വ്യക്തമാകും.

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നയത്തിന് വിരുദ്ധമായി ഇവ അനുവദിച്ചെന്നായിരുന്നു പ്രതിപക്ഷനേതാവിന്റെ ആരോപണം.

എൽഡിഎഫ‌് പ്രകടനപത്രികയിൽ മദ്യനയത്തെ സംബന്ധിച്ച് പറയുന്ന തരത്തിലുള്ള നടപടികളുമായിത്തന്നെയാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്.

ഇപ്പോൾ മൂന്ന് ബ്രൂവറിക്കും രണ്ട് ബ്ലെൻഡിങ‌്, കോമ്പൗണ്ടിങ‌് ആൻഡ‌് ബോട്ടിലിങ‌് യൂണിറ്റുകൾക്കുമാണ് തത്വത്തിൽ അനുമതി നൽകിയത്.

ഇതിലൊന്ന് പൊതുമേഖലയിലാണ്. പൊതുമേഖലയിലുള്ള ഒരു യൂണിറ്റിന്റെ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.

പുതുതായി ഇവിടെ ഉൽപ്പാദനം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസമെന്താണ്? പുറത്തുനിന്ന് വരുന്ന മദ്യത്തിന‌് കുറവ് വരികയും ഇവിടെ ഉൽപ്പാദിപ്പിക്കുന്നത് അതിനുപകരം സ്ഥാനംപിടിക്കുകയുംചെയ്യും.

ഇങ്ങനെ അന്യ സംസ്ഥാനത്തുനിന്നുള്ള മദ്യമൊഴുക്ക് കുറയ്ക്കുന്നതിന് താൻ അനുകൂലമാണെന്ന് പ്രതിപക്ഷനേതാവ് കഴിഞ്ഞ ദിവസം എനിക്ക് കത്ത് തന്നിട്ടുമുണ്ട‌്. അപ്പോൾ സർക്കാരിന്റെ നിലപാട് എങ്ങനെയാണ് തെറ്റായിത്തീരുന്നത്?

നികുതിവരുമാനത്തിലുണ്ടാകുന്ന നഷ്ടവും തൊഴിൽനഷ്ടവും സർക്കാർ പരിഗണിച്ചു. സംസ്ഥാനത്തിനകത്തുതന്നെ ബിയർ ഉൽപ്പാദിപ്പിക്കാനും ബോട്ടിലിങ് യൂണിറ്റ് സ്ഥാപിക്കാനും സാധിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങുന്നത് ഒഴിവാക്കാനും നേരിട്ടും അല്ലാതെയും നിരവധി പേർക്ക് തൊഴിൽ ലഭ്യമാക്കാനും സാധിക്കും.

ഡ്യൂട്ടിയിനത്തിൽ അധികവരുമാനവും ലഭ്യമാകും. ഇതിനൊപ്പം പൊതുമേഖലയിലുള്ള മദ്യഉൽപ്പാദനകേന്ദ്രങ്ങളിലും ഉൽപ്പാദനം തുടങ്ങാനും ഉൽപ്പാദന അളവ് വർധിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

പാലക്കാട് ചിറ്റൂർ ഷുഗേഴ്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി (ചികോപ്സ്) ലിമിറ്റഡ് പ്രവർത്തിച്ച സ്ഥലത്ത് വിദേശമദ്യനിർമാണത്തിന് മലബാർ ഡിസ്റ്റിലറീസ് മാനേജർ സമർപ്പിച്ച അപേക്ഷപ്രകാരം അഞ്ച് ലൈൻ ബോട്ടിലിങ് യൂണിറ്റിന് 2018 ആഗസ്ത് 31ന് അനുമതി നൽകിയിരുന്നു.

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ‌് കെമിക്കൽസ് ലിമിറ്റഡിൽ അഡീഷണൽ ബോട്ടിലിങ് ലൈൻ തുടങ്ങാൻ 2018 ജൂലൈ 24ന് അനുമതി നൽകിയിട്ടുണ്ട്.

പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള രണ്ടാമത്തെ ഭാഗം മദ്യവർജനത്തിനായി ഇന്നുള്ളതിനേക്കാൾ ശക്തമായ ഇടപെടൽ നടത്തും എന്നാണ്.

ഈ ഇടപെടൽതന്നെയാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ മദ്യവർജനബോധവൽക്കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്ഥാന ലഹരിവർജന മിഷൻ വിമുക്തിക്ക് രൂപം നൽകി.

എല്ലാ ജില്ലയിലും ഡീ‐അഡിക‌്ഷൻ സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി 14 ജില്ലകളിൽ തെരഞ്ഞെടുത്ത ആശുപത്രികളിൽ ഒക്ടോബറിൽ പ്രവർത്തനം ആരംഭിക്കുകയാണ്.

ഇതിനാവശ്യമായ തസ്തികകൾ അനുവദിച്ച‌് ഉത്തരവാകുകയും ഭരണച്ചെലവിനാവശ്യമായ തുക വിമുക്തി മിഷൻ അനുവദിക്കുകയും ചെയ‌്തിട്ടുണ്ട‌്.

ഡീ‐അഡിക‌്ഷൻ വാർഡുകൾ മാതൃകാ ചികിത്സാകേന്ദ്രമായി മാറ്റുകയാണ്. ഇതിനുപുറമെ സംസ്ഥാനത്ത് ഒരു മാതൃകാ ഡീ‐അഡിക‌്ഷൻ സെന്റർ കോഴിക്കോട് കിനാലൂരിൽ തുടങ്ങും.

സർക്കാരിനെതിരെ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷനേതാവ് പരസ്പരവിരുദ്ധമായ വാദങ്ങളാണ് ഓരോദിവസവും ഉയർത്തുന്നത്. സർക്കാർ രഹസ്യഇടപാട് നടത്തിയതായി ആരോപിച്ച് പുകമറ സൃഷ്ടിക്കുകയാണ്.

കേരള ഫോറിൻ ലിക്വർ(കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ്) റൂൾ 1975ലും ബ്രൂവറി റൂൾസ് 1967ലും അബ്കാരിനിയമത്തിലും നിഷ്കർഷിച്ചിട്ടുള്ള വ്യവസ്ഥകൾ കൃത്യമായി പാലിച്ചാണ് സർക്കാരിന് ലഭിച്ച അപേക്ഷകളിൽ നിയമാനുസൃതമായ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാർ നടപടികൾ സുതാര്യവും നിയമാനുസൃതവുമാണ്.

1999നുശേഷം ആദ്യം ലൈസൻസ് നൽകിയത് എ കെ ആന്റണിയുടെ ഭരണകാലയളവിൽ
1999നുശേഷം ആദ്യമായി ബ്രൂവറി ലൈസൻസ് അനുവദിച്ചത് 2003ൽ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവൺമെന്റിന്റെ കാലത്താണ്.

ഇപ്പോൾ മൂന്ന് ബ്രൂവറികൾക്കും എ കെ ആന്റണി സർക്കാരിന്റെ കാലത്ത് അനുവദിച്ചതുപോലെ ലൈസൻസ് നൽകിയിട്ടില്ല.

അതിന് ഒട്ടേറെ നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അത് പ്രതിപക്ഷനേതാവിനും അറിയാവുന്നതേയുള്ളൂ. 1998ലെ എൽഡിഎഫ് സർക്കാരാണ് മലബാർ ബ്രൂവറിക്ക് അനുമതി നൽകിയതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ലൈസൻസ് നൽകുക മാത്രമാണ് എ കെ ആന്റണി സർക്കാർ എന്നുമുള്ള വാദം പ്രതിപക്ഷനേതാവ് ഉയർത്തുന്നു.

1999ലെ സർക്കാർ ഉത്തരവ് നയപരമാണെങ്കിൽ എന്തുകൊണ്ട് ആ ഉത്തരവ് അടിസ്ഥാനമാക്കി ബ്രൂവറിക്ക് നൽകിയ അനുമതി റദ്ദാക്കുകയും ലൈസൻസ് നിഷേധിക്കുകയും ചെയ്തില്ല.

1998ൽ ലഭിച്ച തത്വത്തിലുള്ള അനുമതി ഉപയോഗിച്ച് ബിയർ ഉൽപ്പാദന യൂണിറ്റ് ആരംഭിക്കാൻ കഴിയില്ലെന്ന പ്രാഥമിക കാര്യം പോലും പ്രതിപക്ഷനേതാവ് വിസ്മരിക്കുകയാണ്.

ലൈസൻസ് കിട്ടിയെങ്കിൽമാത്രമേ ഉൽപ്പാദനം ആരംഭിക്കാൻ കഴിയൂ എന്നിരിക്കെ മദ്യനിരോധനം പ്രഖ്യാപിതലക്ഷ്യമെന്നവകാശപ്പെട്ട എ കെ ആന്റണി സർക്കാർ അത് തടയാത്തതെന്തെന്ന‌് വിശദീകരിക്കണം.

തത്വത്തിലുള്ള അനുമതി റദ്ദാക്കി ലൈസൻസ് നിഷേധിക്കാത്തതിന്റെ കാരണം വ്യക്തമാക്കാതെ പ്രതിപക്ഷനേതാവ് ഒളിച്ചുകളിക്കുകയാണ്.

ബ്രൂവറി‐ഡിസ്റ്റിലറി ലൈസൻസ് അനുവദിക്കുന്നതിനെക്കുറിച്ച് അബ്കാരിനയത്തിൽ പ്രഖ്യാപിക്കേണ്ടതുണ്ടോ?
നാളിതുവരെ സംസ്ഥാനത്ത് പുറപ്പെടുവിച്ചിട്ടുള്ള ഒരു അബ്കാരി നയത്തിലും ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നതിനെക്കുറിച്ച് പരാമർശിച്ചിട്ടില്ല.

യുഡിഎഫ് സർക്കാരിന്റെയോ എൽഡിഎഫ് സർക്കാരിന്റെയോ കാലത്ത് അബ്കാരിനയങ്ങളിലും ഇതില്ല. ഇത് നയപരമായി പ്രഖ്യാപിക്കേണ്ട വിഷയമല്ല.

കേരള ഫോറിൻ ലിക്വർ(കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ് റൂൾ 1975)ചട്ടം മൂന്ന് പ്രകാരവും ബ്രൂവറി റൂൾസ് 1967 ചട്ടം രണ്ട് പ്രകാരവുമാണ് കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ് യൂണിറ്റുകൾക്കും അപേക്ഷ സമർപ്പിക്കേണ്ടത്.

ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതിനാൽ അബ്കാരിനയത്തിൽ ഇതേക്കുറിച്ച് പ്രഖ്യാപനം നടത്തേണ്ടതില്ല. സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ വേണ്ട പരിശോധന നടത്തി തീരുമാനം കൈക്കൊള്ളുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ഒരു ഭരണകാലയളവിലും പത്രപരസ്യം നൽകിയല്ല ലൈസൻസിനുള്ള അപേക്ഷകൾ സ്വീകരിച്ചിട്ടുള്ളത്.

ഇപ്പോൾ നൽകിയത് അനുമതിമാത്രം

ബ്രൂവറികളും കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ് യൂണിറ്റും പ്രവർത്തനമാരംഭിച്ചു എന്നമട്ടിലാണ് പ്രതിപക്ഷനേതാവിന്റെ പ്രചാരവേല. അപേക്ഷ സ്വീകരിക്കുന്നതിന് കേരള ഫോറിൻ ലിക്വർ (കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ്)റൂൾ 1975ലും ബ്രൂവറി റൂൾസ് 1967ലും പ്രത്യേക വ്യവസ്ഥകളൊന്നും നിഷ്കർഷിച്ചിട്ടില്ല.

എക്സൈസ് കമീഷണർക്ക് ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിലാണ് തത്വത്തിലുള്ള അനുമതി നൽകുന്നത്. 1975ലെ കേരള ഫോറിൻ ലിക്വർ (കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ്) റൂളിലെ നടപടിക്രമങ്ങൾ അബ്കാരി നിയമത്തിന് വിധേയമായാണ് നടപ്പാക്കേണ്ടത്.

അബ്കാരി നിയമത്തിലെ 14 –ാം വകുപ്പ് പ്രകാരമുള്ള അനുമതിമാത്രമാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. ചട്ടത്തിലെ വ്യവസ്ഥകളായി പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ലൈസൻസിനായി കമീഷണർക്ക് അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽമാത്രമാണ് ബാധകമാകുക.

അനുമതി എന്നതിനർഥം അനുമതി കിട്ടിയവർക്ക് ഉൽപ്പാദനം തുടങ്ങാം എന്നല്ല. എക്സൈസ് കമീഷണറുടെ പരിശോധനകൾക്കു ശേഷം ലൈസൻസ് ലഭിച്ചെങ്കിൽമാത്രമേ ബ്രൂവറികൾക്കും കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ് യൂണിറ്റിനും പ്രവർത്തിക്കാൻ കഴിയൂ.

മാത്രമല്ല, ജലലഭ്യത, പാരിസ്ഥിതികാഘാതം, മലിനീകരണം തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ ലൈസൻസ് അനുവദിക്കൂ.

വിവിധ വകുപ്പുകളിൽ ഏതെങ്കിലൂം ഒന്നിന്റെ ക്ലിയറൻസ് ലഭിക്കാതിരുന്നാൽ ലൈസൻസ് ലഭിക്കുകയുമില്ല. എൽഡിഎഫ്/യുഡിഎഫ് ഭരണകാലയളവുകളിൽ ഈ നടപടിക്രമം ഒരുപോലെതന്നെയാണ് പാലിച്ചുവരുന്നത്. വ്യത്യസ്തമായ ഒരു കാര്യം ഇപ്പോൾ സംഭവിച്ചു എന്ന ആക്ഷേപം കാടടച്ച് വെടിവയ്ക്കലാണ്.

അപേക്ഷ ക്ഷണിക്കാത്തതെന്ത്?

സംസ്ഥാനത്ത് ബ്രൂവറികളും കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ് യൂണിറ്റും അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചില്ലെന്ന ആരോപണത്തിന് ഒരടിസ്ഥാനവുമില്ല.

യുഡിഎഫ് മുന്ന് ബ്രൂവറികളും പതിനൊന്ന് കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ് യൂണിറ്റുകളും അനുവദിച്ചത് ഏതെങ്കിലും വിധത്തിൽ അപേക്ഷ ക്ഷണിച്ചിട്ടാണോ. 1998ൽ രണ്ട് കോമ്പൗണ്ടിങ്‐ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ് യൂണിറ്റ് അനുവദിച്ചതും അപേക്ഷ ക്ഷണിച്ചല്ല.

കേരള ഫോറിൻ ലിക്വർ (കോമ്പൗണ്ടിങ്,ബ്ലെൻഡിങ് ആൻഡ‌് ബോട്ടിലിങ്) റൂൾസ് 1975, കേരള ബ്രൂവറി റൂൾസ് 1967 എന്നിവ പ്രകാരം എക്സൈസ് കമീഷണറാണ് ലൈസൻസിങ് അതോറിറ്റി.

സർക്കാർ അനുമതി നൽകിയ യൂണിറ്റുകളുടെ കാര്യത്തിൽ നിയമപരമായ പരിശോധനകളും മറ്റ് നിബന്ധനകളും പരിഗണിച്ച് തുടർനടപടി സ്വീകരിക്കേണ്ടത് കമീഷണറാണ്.

കിൻഫ്ര ഭൂമിയുടെപേരിലും പുകമറ

കിൻഫ്ര ഭൂമിയുടെപേരിലും അദ്ദേഹം പുകമറ സൃഷ്ടിക്കുകയാണ്. അപേക്ഷകന് ഭൂമി നൽകാമെന്ന കിൻഫ്രയുടെ എൻഒസി ബ്രൂവറിക്ക് അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.

28‐092017ന് കിൻഫ്ര / പിആർജെ/2016 17ാം നമ്പർ കത്ത് പ്രകാരം കളമശ്ശേരി കിൻഫ്ര ഹൈടെക്ക് പാർക്കിലെ പത്ത് ഏക്കർ ഭൂമി പവർ ഇൻഫ്രാടെക്ക് ലിമിറ്റഡിന് ബ്രൂവറി പ്രോജക്ടിനായി അലോട്ട് ചെയ്യാമെന്നും ഭൂമി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്നുള്ള ക്ലിയറൻസ് ഹാജരാക്കണമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ എൻഒസിയുടെയും എക്സൈസ് കമീഷണറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് കിൻഫ്രയുടെ ഭൂമിയിൽ സ്ഥാപിക്കാനുദ്ദേശിക്കുന്നതായി പറഞ്ഞ ബ്രൂവറിക്ക് അനുമതി നൽകിയത്.

അനുവദിക്കാത്ത ഭൂമി വിട്ടുകൊടുത്തെന്ന് ആദ്യം ആക്ഷേപിച്ച പ്രതിപക്ഷനേതാവ് ഇതിനു വിരുദ്ധമായ കാര്യങ്ങളാണ് തുടർന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്.

മദ്യശാല തുറക്കാനും അടയ്ക്കാനും മദ്യലോബികളുമായി വിലപേശിയ മുൻ സർക്കാരിന്റെ ശൈലിയല്ല എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്.

വസ്തുതകളുമായി ഒരുബന്ധവുമില്ലാത്ത ആരോപണങ്ങൾ അടിക്കടി ആവർത്തിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷനേതാവ് നടത്തുന്നത്.

ഇത് പ്രതിപക്ഷനേതാവിന്റെ ചുമതല കേവലമായ ആരോപണം ഉന്നയിക്കലാണ് എന്ന തെറ്റായ തോന്നലിന്റെയും രാഷ്ട്രീയതാൽപ്പര്യങ്ങളുടെയും ഭാഗം മാത്രമാണ്. യുഡിഎഫ് ഭരണകാലത്തെക്കുറിച്ച് നല്ല ബോധ്യമുള്ള കേരളത്തിലെ ജനങ്ങൾ ഇതെല്ലാം തള്ളിക്കളയുമെന്നതിൽ തർക്കമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News