”സ്ത്രീകളെ കണ്ടാല്‍ അയ്യപ്പന് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തലാണ്”

തിരുവനന്തപുരം: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രിം കോടതി വിധിയുടെ പേരില്‍ ജാഥ നടത്തുന്നവര്‍ക്ക് രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്ന് എം ലീലാവതി.

”ഞാന്‍ വിധിയോട് പൂര്‍ണമായും യോജിക്കുന്നു. വിധി മതവിശ്വാസത്തിലുള്ള ഇടപെടലല്ല. ഒമ്പത് വയസ്സു മുതല്‍ അമ്പത് വയസ്സുവരെയുള്ളവര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുത് എന്ന് പറയണമെങ്കില്‍ ഭരണഘടനയില്‍ സ്ത്രീകള്‍ക്ക് തുല്യതയ്ക്ക് അവകാശമില്ല എന്നുണ്ടാകണം. തുല്യത നിലനില്‍ക്കുന്ന കാലത്തോളം ഇങ്ങനെയേ വിധിക്കാനാവൂ.”

”കേരളത്തിലെ മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെങ്കില്‍ എന്തുകൊണ്ട് ശബരിമലയിലായിക്കൂടാ. മനുഷ്യ ബ്രഹ്മചാരികള്‍ സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ ചഞ്ചലചിത്തരാകുന്നതു പോലെ മനുഷ്യസ്ത്രീകളെ കണ്ടാല്‍ അയ്യപ്പന് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തലാണ്.”

”പണ്ടു പാലിച്ചുപോന്ന ആചാരങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കണമെന്ന് പറയുന്നത് ശരിയല്ല. താഴ്ന്ന ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്ര ചൈതന്യവും ദേവചൈതന്യവും നഷ്ടപ്പെടുമെന്നായിരുന്നു മുമ്പ് മേല്‍ജാതിക്കാരുടെ നിലപാട്.”

”എന്നാല്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് മുമ്പും ശേഷവും ഗുരുവായൂരില്‍ പോയ്‌ക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയില്‍ ഈ വാദം ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. അന്നത്തേതിന്റെ നൂറിരട്ടിയാളുകളാണ് ഇപ്പോള്‍ ഗുരുവായൂരെത്തുന്നത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ ക്ഷേത്രത്തില്‍ പോകുന്നുണ്ട്.”

”ആര്‍ത്തവ കാലമാണോ എന്ന് ആരും അവരെ പരിശോധിക്കുന്നില്ല. അതിന് കാരണം ഈ അവസ്ഥയില്‍ ഒരു സ്ത്രീയും അതിന് മുതിരുകയില്ല എന്ന വിശ്വാസമാണ്. ശബരിമലയുടെ കാര്യത്തില്‍ മാത്രം സ്ത്രീകളെ വിശ്വാസത്തിലെടുക്കാത്ത നിലപാടിനോട് യോജിക്കാനാവില്ല.”-എം ലീലാവതി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News