ഇടുക്കി ഡാം നാലു മണിക്ക് തുറക്കും

മഴ ശക്തമാവുകയും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പുയരുകയും ചെയ്ത സാഹചര്യത്തില്‍ ഇടുക്കി ഡാം ഇന്ന് തുറക്കും.

വൈകിട്ട് വൈകിട്ട് നാലു മണിക്ക് ചെറുത്തോണിയിലെ ഒരു ഷട്ടര്‍ തുറന്ന് 50 ക്യൂ മെക്‌സ് വെളളം തുറന്നു വിടാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഡാം തുറക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.

ഇടുക്കിയില്‍ രാവിലെ പത്തിന് ജലനിരപ്പ് 2387.76 അടിയാണ്. പൂര്‍ണ സംഭരണശേഷി 2403 അടിയാണ്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 131.5 അടിയായി. 142 അടിയാണ് മുല്ലപ്പെരിയാറിന്റെ സംഭരണശേഷി.

ഇന്ന് രാവിലെ തൃശൂരിലെ ചിമ്മിണി ഡാം തുറന്നിരുന്നു. തെന്മല പരപ്പാര്‍ ഡാമും തുറന്നു. മലമ്പുഴ, പൊന്‍മുടി മാട്ടുപ്പെട്ടി ഡാമുകള്‍ ഇന്നലെ തുറന്നിരുന്നു. ഇവയില്‍നിന്നും കൂടുതല്‍ വെള്ളം തുറന്നുവിട്ടുതുടങ്ങി.

കക്കയം ഡാം ഉച്ചക്ക് രണ്ടിനും ബാണാസുരസാഗര്‍ വൈകിട്ട് നാലിനും തുറക്കും. പത്തനംതിട്ടയില്‍ കക്കി, ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചക്ക് രണ്ടിന് തുറക്കും.

ഇതിന്റെ അടിസ്ഥാനത്തില്‍ പമ്പ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. പമ്പയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിറുത്തി വയ്ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here