
ലൈംഗിക ആരോപണത്തില്‍ പെട്ട പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി പുതിയ ക്ലബ് യുവന്‍റസിന്‍റെ ട്വീറ്റ്. തികഞ്ഞ പ്രൊഫഷണലിസവും സമര്‍പ്പണവും ഉള്ള വ്യക്തിയാണ് റൊണാള്‍ഡോയെന്നും ഇത് യുവന്‍റസില്‍ എല്ലാവരും അംഗീകരിക്കുന്ന കാര്യമാണെന്നും ക്ലബിന്‍റെ ട്വീറ്റര്‍ പോസ്റ്റില്‍ പറയുന്നു.
10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന് എന്ന് ആരോപിക്കപ്പെടുന്ന സംഭവത്തിന്‍റെ പേരില്‍ റോണോയെക്കുറിച്ചുള്ള ഈ അഭിപ്രായത്തില്‍ മാറ്റം വരില്ല. റൊണാള്‍ഡോയെ പരിചയമുള്ള എല്ലാവരും പറയുന്ന കാര്യമാണിതെന്നും യുവന്‍റസ് ട്വീറ്റ് ചെയ്തു.
ലൈംഗിക ആരോപണത്തെ തുടര്‍ന്ന് പോര്‍ച്ചുഗല്‍ ദേശീയ ടീമിന്‍റെ അടുത്ത രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് റൊണാള്‍ഡോയെ ഒഴിവാക്കിയ സാഹചര്യത്തിലാണ് യുവന്‍റസ് റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
കഴിഞ്ഞദിവസം പോളണ്ടിനും സ്കോട്‍ലൻഡിനും എതിരായ യുവേഫ നേഷൻസ് ലീഗ്, രാജ്യാന്തര സൗഹൃദ മൽസരങ്ങൾക്കുള്ള ടീമിൽനിന്ന് പരിശീലകൻ ഫെർണാണ്ടോ സാന്‍റോസ് താരത്തെ തഴഞ്ഞിരുന്നു.
പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് ഫെർണാണ്ടോ ഗോമസ്, പരിശീലകൻ സാന്‍റോസ് എന്നിവരുമായി റോണോ സംസാരിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് താരത്തെ ദേശീയ ടീമിൽ നിന്ന് മാറ്റിനിര്‍ത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ലോകകപ്പിനു ശേഷമുള്ള പോര്‍ച്ചുഗലിന്‍റെ ദേശീയ മത്സരങ്ങളില്‍ നിന്നെല്ലാം തന്നെ ക്രിസ്റ്റ്യോനോ മാറിനിന്നിരുന്നു. റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്‍റസിലേക്ക് കൂടുമാറിയ റൊണോയ്ക്ക് ഇറ്റലിയെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനായി ഏതാനും ആഴ്ചകള്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും അക്കാലത്ത് പരിശീലകന്‍ വ്യക്തമാക്കിയിരുന്നു.
ലൈംഗിക ആരോപണം റൊണാള്‍ഡോയുടെ മോഡലിങ്ങ് രംഗത്തെയും ബാധിക്കുമെന്ന് സൂചനയുണ്ട്. ആരോപണം പുറത്തുവന്നതിനു പിന്നാലെ റൊണാള്‍ഡോയുമായി കരാറുള്ള നൈക്കി ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ലെങ്കിലും ഇ.എ സ്‌പോര്‍ട്‌സ് ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.
റൊണാള്‍ഡോക്കെതിരേയുള്ള ആരോപണത്തിന്‍റെ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് നടപടികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ഇ.എ വക്താവ് അറിയിച്ചു. രണ്ടു തവണ റൊണാള്‍ഡോ ഇ.എ സ്‌പോര്‍ട്‌സിന്‍റെ പ്രസിദ്ധ ഗെയിമായ ഫിഫ സീരിസിന്‍റെ കവര്‍ ചിത്രമായിട്ടുണ്ട്.
അമേരിക്കയിലെ നിശാ ക്ലബ് ജീവനക്കാരിയാ കാതറിന്‍ മയോര്‍ഗയാണ് ക്രിസ്റ്റ്യാനോയ്ക്കെതിരെ പീഡന ആരോപണവുമായി രംഗത്തെത്തിയത്. റൊണാള്‍ഡോയ്ക്കെതിരെ യുവതിയുടെ ആരോപണം ഇങ്ങനെ. ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ച് 2009 ജൂണ്‍ 13-ന് തന്നെ മുറിയിലേക്ക് ക്ഷണിച്ച റൊണാള്‍ഡോ അവിടെ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു.
എതിര്‍പ്പറിയിച്ചപ്പോള്‍ ഒരു ചുംബനം നല്‍കിയാല്‍ പോകാന്‍ അനുവദിക്കാമെന്ന് റൊണാള്‍ഡോ പറഞ്ഞു. താന്‍ അതിന് തയ്യാറായപ്പോള്‍ റൊണാള്‍ഡോ മോശമായി പെരുമാറാന്‍ തുടങ്ങി. പിന്നീട് തന്നെ ബലമായി കിടക്കയിലേക്ക് തള്ളിയിട്ട് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഒടുവില്‍ റൊണാള്‍ഡോ ക്ഷമ ചോദിച്ചെന്നും യുവതി പറയുന്നു. കാതറിന്‍ മയോര്‍ഗ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സെപ്റ്റംബറില്‍ തന്നെ കേസില്‍ അനൗദ്യോഗിക അന്വേഷണം ആരംഭിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും ലാസ് വാഗസ് പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം ബലാത്സംഗം ചെയ്‌തെന്ന യുവതിയുടെ പരാതി വ്യാജമാണെന്ന് റൊണാള്‍ഡോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.
തന്‍റെ പേരുപയോഗിച്ച് പ്രശസ്തി നേടാനുള്ള
ശ്രമമാണ് യുവതി നടത്തുന്നതെന്നും ക്രിസ്റ്റ്യാനോ ആരോപിച്ചിരുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here