“ഇന്നലെ ചെയ്തോരബദ്ധം മൂഢർക്കിന്നത്തെയാചാരമാകാം,നാളത്തെ ശാസ്ത്രമതാകാം,അതിൽ മൂളായ്ക സമ്മതം രാജൻ”; ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ച് സുനില്‍ പി ഇളയിടം സംസാരിക്കുന്നു

ഭരണഘടനാ വാഗ്ദാനം ചെയ്യുന്ന മത വിശ്വാസത്തിനുള്ള അവകാശം പൗരന്മാർക്ക് തുല്യ അവകാശമാണ് എന്നിരിക്കെ ലിംഗ വിവേചനം മുൻനിർത്തിയുള്ള വിവേചനം സാധ്യമല്ല.

അങ്ങനെ വന്നാൽ അത് ഭരണഘടന വാഗ്ദാനം ചെയ്യുന്ന വ്യക്തിയുടെ അന്തസ്സ് എന്നതിന് എതിരാണ് എന്ന കാര്യമാണ് കോടതിയുടെ പ്രധാന നിരീക്ഷണം.

ഭരണഘടനാപരമായ ധാർമികതയും സാമൂഹിക ധാർമികതയും തമ്മിൽ വൈരുധ്യം വന്നാൽ സംശയ രഹിതമായി ഉയർത്തി പിടിക്കേണ്ടത് ഭരണഘടനാപരമായ ധാർമികതയാണ് എന്നതും കോടതി ചൂണ്ടിക്കാട്ടി.

ഉദാഹരണത്തിന് ജാതീയപരമായ ഒരു ആചാരം ഭരണഘടനയ്ക്ക് എതിരാണെങ്കിൽ അത് അനുവദനീയമല്ല എന്നാണ് കോടതി പറഞ്ഞത്.

ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയ്ക്ക് എതിരാണെങ്കിൽ ഒരു തത്വവും നിലനിക്കില്ല.
ആർത്തവത്തെ ആശുദ്ധമാക്കുന്നത് തൊട്ടുകൂടായ്മയ്ക്ക് തുല്യമായ ഒരു വിവേചനമാണെന്നും അത് പുരുഷാധിപത്യപരമായ സാമൂഹ്യ സംവിധാനം ആചാരമാക്കി മാറ്റിയതാണെന്നും കോടതി വ്യക്തമാക്കി.

ശബരിമലയിലെ വിശ്വാസികളെ പ്രത്യേക മത വിഭഗമായി പരിഗണിക്കേണ്ടതുണ്ടോ എന്ന് പരിശോധിച്ച കോടതി അങ്ങനെ കാണേണ്ടതില്ല എന്ന് കണ്ടെത്തി.

1951 ലെ മുംബൈ ഹൈക്കോടതി വിധി മുതൽ നിലനിൽക്കുന്ന സവിശേഷമായ ഒരു സാഹചര്യം സവിശേഷമായ മതാചാരങ്ങൾ കോടതിയുടെ പരിശോധനയ്ക്ക് വിധേയമക്കേണ്ടതില്ല എന്നതാണ്.എന്നാൽ ഇപ്പോഴത്തെ സുപ്രീം കോടതി വിധി ആ നിരീക്ഷണത്തെ റദ്ദാക്കി.

മതപരമായ ആചാരത്തിന്റെ മറപറ്റി ജനാധിപത്യത്തിനും ലിംഗ സമത്വത്തിനും ജാതി രാഹിത്യത്തിനും എതിരായ ഒരു മൂല്യത്തെ കൊണ്ടു നടക്കുന്നുണ്ടെങ്കിൽ അത് ഭരണ ഘടനയ്ക്ക് എതിരാണ് എന്നാണ് കോടതി പറയുന്നത്.

ഏതാണ് ആചാരം എന്നതിന് ഏറ്റവും വലിയ ഉത്തരം കുമാരനാശാന്റെ ചണ്ടാല ഭിക്ഷുകിയാണ്.അതിൽ പറയുന്നു “ഇന്നലെ ചെയ്തൊരു അബദ്ധം മൂഡർക്ക് ഇന്നത്തെ ആചാരമാകാം,നാളത്തെ ശാസ്ത്രമതാകാം,അതിൽ മൂളായ്ക സമ്മതം രാജൻ”.

ആചാരങ്ങൾ മാറ്റം കൂടാതെ പിന്തുടരേണ്ടതാണ് എന്ന് കരുതിയാൽ നമ്മൾ എന്തൊരു പ്രാചീന സമൂഹം ആകുമായിരുന്നു.

അയിത്തം,മൃഗബലി,സതി,നരബലി,ഗരുഡൻ തൂക്കം തുടങ്ങിയവ ആചാരങ്ങൾ ആയിരുന്നില്ലേ?ഇതിനോടൊക്കെ ഏറ്റുമുട്ടിയല്ലേ ഇന്ന് ഈ കാണുന്ന നിലയിൽ എത്തിയത്.ബ്രാഹ്മണന് മാത്രമേ വിഗ്രഹ പ്രതിഷ്ഠയ്ക്ക് അവകാശം ഉണ്ടായിരുന്നുള്ളൂ.

ആ സമയത്ത് ഒരു തന്ത്ര വിധിയെയും മാനിക്കാതെ വിഗ്രഹ പ്രതിഷ്ഠ നടത്തിയ ആളാണ് ശ്രീ നാരായണ ഗുരു. ആചാരമാണ് ശരി എന്ന് പറയുന്നവർ ആധുനിക കേരളത്തെ സൃഷ്ടിച്ച ഗുരു തെറ്റാണ് എന്ന് പറയേണ്ടി വരും.

ആചാരത്തെ പുറത്താക്കിയാണ് ഗുരു പ്രവർത്തിച്ചത്. ആചാരമല്ല മതം എന്ന് പഠിപ്പിച്ചതാണ് നവോത്ഥാനം. എന്നാൽ ആചാരമായി മതത്തെ മാറ്റാനാണ് ഇന്ന് നടക്കുന്ന ശ്രമം.

ആചാരങ്ങളെ തിരുത്തിക്കൊണ്ടാണ് മതങ്ങൾ വളർന്നു വന്നത് വ്യത്യസ്ഥ പാരമ്പര്യങ്ങളും സങ്കൽപ്പങ്ങളും കൂടിക്കലർന്നതാണ് ശബരിമല. ധർമ്മശാസ്താ ക്ഷേത്രം എന്നതിനെ അയ്യപ്പ ക്ഷേത്രം എന്ന് പേര് മാറ്റിയത് അടുത്ത കാലത്താണ്.

നിഷ്കളങ്കമല്ല ആ തീരുമാനം.ധർമ്മ ശാസ്താവിന് രണ്ട് പത്നിമാരും ഒരു മകനും ഉണ്ട്.ധർമ്മ ശാസ്താവിലേക്ക് അയ്യപ്പ ചൈതന്യം ലയിച്ചു എന്നാണ് സങ്കൽപ്പം.മൂല പ്രതിഷ്ട ധർമ്മ ശാസ്താവ് ആണെങ്കിൽ ബ്രഹ്മചര്യം ആരോപിക്കാൻ കഴിയില്ല.

അതുകൊണ്ട് പേര് മാറ്റം മൂല സങ്കൽപ്പത്തെ തന്നെ ആചാരത്തിന് വേണ്ടി തിരുത്തിയതാണ്.സ്ത്രീ പ്രവേശന നിഷേധത്തെ ഉറപ്പിച്ച് എടുക്കുന്നതിന് വേണ്ടിയുള്ള സൂത്രപ്പണിയായിരുന്നു അത്.

ശബരിമല വിധിക്ക് പിന്നാലെ ചിലർ നടത്തുന്ന നീക്കങ്ങൾ ഇടതുപക്ഷ രാഷ്ട്രീയത്തിനും മാർക്സിസത്തിനും എതിരായ വലിയൊരു സമര മുഖമാക്കി മാറ്റി ഹൈന്ദവ വർഗീയതയുടെയും നാനാതരം വർഗീയതയുടെയും ഒരു ഏകോപിത സ്ഥാനമാക്കി മാറ്റി കേരളത്തെ വിഭജിക്കാൻ പോന്ന ഒരു പ്രമേയമാക്കി മാറ്റാനുള്ള വലിയ പരിശ്രമമാണ് നടക്കുന്നത്.

ഹിന്ദുത്വത്തിന്റെ പരീക്ഷണ ശാലയാക്കി കേരളത്തെ മാറ്റാനുള്ള ഉപകരണമായി അയ്യപ്പ സ്വാമിയെ കുറിച്ചുള്ള സങ്കൽപ്പത്തെ മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്.

ഇപ്പോഴത്തെ സമരങ്ങൾ വിശ്വാസത്തിന്റെ പ്രശ്നമല്ല,വിശ്വാസത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയ അട്ടിമറിക്ക് വേണ്ടിയാണ് എന്ന് വിശ്വാസികൾ തിരിച്ചറിയണം സഹോദര്യത്തെ തകർക്കാതെ ഹിന്ദുത്വത്തിന് കേരളത്തിൽ വേരുറപ്പിക്കാൻ കഴിയില്ല.

സഹോദര്യത്തെ തകർക്കുന്നതിനുള്ള ഉപകരണമായി ക്ഷേത്ര സങ്കൽപ്പത്തെ മുൻനിർത്തിയുള്ള ചർച്ചകളെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്.അത് കേരള സമൂഹം തിരിച്ചറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News