ജംബോ കമ്മിറ്റിയില്‍ തിരുകിക്കയറ്റലും കസേരകളിയും; കൊല്ലത്ത് ഡിസിസിയില്‍ വാക്കേറ്റം

കെ.പി.സി.സി,ഡി.സി.സി ഭാരവാഹികള്‍ അടങ്ങുന്ന ജംബോ പട്ടികയുടെ എണ്ണം കുറയ്ക്കുമെന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്ഥാനയുടെ ചൂടാറുംമുമ്പേ കൊല്ലത്തെ ഡി.സി.സിയുടെ ജംബോ കമ്മിറ്റിയില്‍ വീണ്ടും തിരുകിക്കയറ്റലും കസേരകളിയും തകൃതി.

ജനറല്‍സെക്രട്ടറിയാകാന്‍ ആഗ്രഹിക്കുന്ന നേതാവ് ഡി.സി.സി ഓഫീസിലെത്തി കസേര കയ്യടക്കിയത് വിവാദങ്ങള്‍ക്ക് കാരണമായി.ഐ ഗ്രൂപ്പുകാരനായ നേതാവിനെതിരെ ഐ ഗ്രൂപ്പിലെ മറ്റൊരു വിഭാഗം രംഗത്തുവന്നത് ഇന്നലെ ചേര്‍ന്ന ഡി.സി.സി യോഗത്തില്‍ വാക്കേറ്റത്തിന് കാരണമായി.

ട്രഷററുടെയും രണ്ട് ജനറല്‍സെക്രട്ടറിമാരുടെയും ഒഴിവു നികത്താനെന്ന വ്യാജേനെയാണ് യു.ഡി.എഫ് കൊല്ലം നിയോജകമണ്ഡലം ചെയര്‍മാന്‍ പി.ആര്‍ പ്രതാപചന്ദ്രനെ ഡി.സി.സി ജനറല്‍സെക്രട്ടറിയാക്കാന്‍ കെ.പി.സി.സി ജനറല്‍സെക്രട്ടറി ശൂരനാട് രാജശേഖരന്‍ ശ്രമിച്ചത്. ഇത് ചന്ദ്രശേഖരന്‍ അനുകൂലികളുടെ പ്രതിഷേധത്തിന് ഇടയാക്കി. കെ.പി.സി.സി പ്രസിഡന്റ് പദം ഒഴിയുന്നതിന് മുമ്പ് എം.എം ഹസന്‍ പ്രതാപചന്ദ്രന് നിയമനം നല്‍കുകയും പിന്നീട് റദ്ദാക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിന് പിറകേയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം മുല്ലപ്പള്ളിയോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ് പ്രതാപചന്ദ്രനെ യോഗത്തില്‍ എത്തിച്ചതെന്നാണ് വിമര്‍ശനം.

ഇതിനിടെ ചന്ദ്രശേഖരന്റെ അനുയായി ശുരനാട് രാജശേഖരുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് കെ.പി.സി.സി പ്രസിഡന്റിനോട് വിവരം ധരിപ്പിക്കാമെന്ന് പറഞ്ഞ് ഡി.സി.സി പ്രസിഡന്റ് വിവാദം അവസാനിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ നിയമന ഉത്തരവ് കാണണമെന്ന് ചന്ദ്രശേഖരന്‍ വിഭാഗം ആവശ്യപ്പെടുകയും ചെയ്തത് ബഹളത്തിന് ഇടയാക്കി. ഈ സമയത്ത് എ ഗ്രൂപ്പും കൊടിക്കുന്നില്‍ വിഭാഗവും നിശബ്ദത പാലിക്കുകയും ചെയ്തു.

ഐ ഗ്രൂപ്പിലെ ജില്ലയിലെ പ്രമുഖനായ ഒരു കെ.പി.സി.സി ജനറസെക്രട്ടറി ശൂരനാടന്റെ താല്‍പ്പര്യപ്രകാരം എം.എം ഹസന്‍ കെ.പി.സി.സി പ്രസിഡന്റ് പദവി ഒഴിയുന്നതിന് മുമ്പായിരുന്നു നേതാവിന്റെ പേരു ഉള്‍പ്പെടുത്തിയ കത്ത് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണക്ക് ലഭിച്ചത്. എന്നാല്‍ പുതിയ കെ.പി.സി.സി പ്രസിഡന്റ് വരട്ടെയെന്ന നിലപാടായിരുന്നു ഡി.സി.സി നേതൃത്വത്തിന്.

പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്ന അഞ്ചലില്‍ നിന്നുള്ള ഡി.സി.സി ജനറല്‍സെക്രട്ടറിയുടെ ഒഴിവില്‍ നിയമിക്കണമെന്ന നിര്‍ദ്ദേശവും ഡി.സി.സി നേതൃത്വം നിരാകരിച്ചിരുന്നു. ഇതിനെതിരെ കെ.പി.സി.സി ഭാരവാഹി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ സമീപിച്ചെങ്കിലും ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനോട് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

ഇതിനിടെയിലാണ് കഴിഞ്ഞദിവസം നിയമനം അടിയന്തിരമായി നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡി.സി.സി പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുവെന്നും സംസാരമുണ്ട്. ഇതിനെ തുടര്‍ന്നാണ് പ്രതാപചന്ദ്രന്‍ ഇന്നലെ പകല്‍ ഡി.സി.സി ഓഫീസിലെത്തി കസേര കയ്യടക്കിയത്. ഇതിനിടെ ശബരിമല വിഷയത്തില്‍ ഡി.സി.സി പ്രസിഡന്റിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News