കെ ദേവയാനി അവാർഡ് നിലമ്പൂർ ആയിഷയ്ക്ക്

കെ ദേവയാനി അവാർഡ് നിലമ്പൂർ ആയിഷയ്ക്ക്. കേരളത്തിലെ മഹിളാപ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളിലൊരാളും സ്വാതന്ത്ര്യപൂർവ്വകാലം തൊട്ടു ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ മുൻനിരയിലെത്തിയ സാമൂഹിക-രാഷ്ട്രീയരംഗങ്ങളിലെ സജീവപ്രവർത്തകയും കരിവെള്ളൂർ സമരനായകൻ എ.വി. കുഞ്ഞമ്പുവിന്റെ പത്‌നിയുമായിരുന്ന കെ. ദേവയാനിയുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ്, കൗമാരപ്രായത്തിൽ തന്നെ നാടകരംഗത്തേക്കു കടന്നുവന്ന് മതയാഥാസ്ഥിതികശക്തികളുടെ കടുത്ത എതിർപ്പുകളും കല്ലേറും വെടിവെപ്പും വരെ നേരിട്ട് അരങ്ങിലുറച്ചുനിന്നു പൊരുതിയ പ്രശസ്ത നാടക-ചലച്ചിത്രനടി നിലമ്പൂർ ആയിഷയ്ക്ക്.

25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ‘ജ്ജ് നല്ല മന്‌സനാകാൻ നോക്ക്’ എന്ന ഇ.കെ. അയമുവിന്റെ നാടകത്തിൽ ആയിഷ എന്ന ഏറനാട്ടിലെ ഒരു മുസ്ലീം പെൺകുട്ടി അഭിനയിച്ചുതുടങ്ങിയത് പലർക്കും സഹിക്കാൻ കഴിഞ്ഞിരുന്നില്ല.

‘നാടകത്തിലേക്കല്ല നരകത്തിലേക്കാണ് അവൾ പോവുക’ എന്ന പ്രചാരണത്തെ മാത്രമല്ല, കായികാക്രമണങ്ങളെയും നിലമ്പൂർ ആയിഷ ധീരമായി ഉറച്ചുനിന്ന് പൊരുതിത്തോല്പിച്ചു. 2018ലെ കെ. ദേവയാനി അവാർഡ് നിലമ്പൂർ ആയിഷക്ക് നൽകുന്നതിലൂടെ ജീവിതം സമൂഹത്തിനു സമർപ്പിച്ച അതുല്യരാഷ്ട്രീയബോധമുള്ള കലാകാരികളുടെ ഒരു തലമുറയെ മുഴുവൻ ആദരിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് അവാർഡ് കമ്മിറ്റി അറിയിച്ചു.

പ്രൊഫ. ടി.എ. ഉഷാകുമാരി അദ്ധ്യക്ഷയും എൻ. സുകന്യ, കരിവെള്ളൂർ മുരളി എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് നിർണ്ണയം നടത്തിയത്. അവാർഡ് സമർപ്പണതീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കെ. ദേവയാനി മെമ്മോറിയൽ ട്രസ്റ്റിനുവേണ്ടി മാനേജിംഗ് ട്രസ്റ്റി അഡ്വ. കെ. വിജയകുമാർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News