ആര്‍ത്തവം അശുദ്ധമോ ? രാഷ്ട്രീയമല്ല ശാസ്ത്രം ഇതാ

ആര്‍ത്തവമാണ് ഇന്നത്തെ പ്രധാന ചര്‍ച്ച. ആര്‍ത്തവം അശുദ്ധമാണെന്ന് ഒരു കൂട്ടരും അല്ലെന്ന് മറ്റൊരു കൂട്ടരും. ഇത്രയധികം ആര്‍ത്തവത്തിന്‍റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യപ്പെടുമ്പോ‍ഴും ആര്‍ത്തവമെന്തെന്ന് അറിയാത്ത നിരവധി പേരുണ്ട്. ആര്‍ത്തവത്തിന്‍റെ ശാസ്ത്ര വശങ്ങളെ കുറിച്ച്.

എന്താണ് ആര്‍ത്തവം ?

മനുഷ്യ സ്ത്രീകളില്‍, അവരുടെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആര്‍ത്തവം. സ്ത്രീകളുടെ പ്രധാന പ്രത്യുല്പാദന അവയവങ്ങള്‍ ഓവറികളും, ഗര്‍ഭ പാത്രവുമാണ്. പ്രായ പൂര്‍ത്തിയാകുന്ന കാലം തൊട്ട്, ആര്‍ത്തവ വിരാമം വരെ ഏകദേശം എല്ലാ മാസവും ഓരോ അണ്ഡങ്ങള്‍ വളര്‍ച്ച പൂര്‍ത്തീകരിച്ച്, ഗര്‍ഭധാരണം നടക്കും എന്ന പ്രതീക്ഷയില്‍ ഓവറിയില്‍ നിന്നും ഗര്‍ഭപാത്രത്തിലേക്ക് ഉള്ള ഒരു യാത്രയിലാണ്.

ഈ പ്രക്രിയക്ക് സമാന്തരമായി ഗര്‍ഭ പാത്രത്തില്‍ കുറച്ചു മാറ്റങ്ങള്‍ നടക്കും. സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജന്‍ , പ്രോജസ്റ്ററോണ്‍ എന്നിവയാണ് ഈ മാറ്റങ്ങളെ നിയന്ത്രിക്കുക. ഗര്‍ഭാശയത്തിന്‍റെ ഏറ്റവും അകത്തുള്ള കവറിംഗ് ആയ എന്‍ഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുക. ആ സ്തരത്തിന്‍റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക തുടങ്ങിയ മാറ്റങ്ങള്‍ ഓവുലേഷനു മുന്നേ നടക്കും.

ഗര്‍ഭധാരണം നടന്നാല്‍ ഉണ്ടാകുന്ന ഭ്രൂണത്തിന് താമസിക്കാന്‍ പതുപതുത്ത ഒരു മെത്തയൊരുക്കുകയാണ് ഓരോ സ്ത്രീയും. ഗര്‍ഭധാരണം നടന്നില്ല എങ്കില്‍, പ്രോജസ്റ്റോണിന്‍റെ അളവ് പതിയെ കുറയും. എന്നിട്ട് ആ മാസം വന്ന അണ്ഡവും, അതിന്‍റെ കൂടെ എന്‍ഡോമെട്രിയത്തിന്‍റെ പുറത്തെ ഭാഗവും വേര്‍പെട്ടു പുറത്തേക്കു പോകും, ഒപ്പം പുതിയതായി ഉണ്ടായ രക്തകുഴലുകളില്‍ നിന്നുമുള്ള രക്തവും. ഈ പ്രക്രിയയാണ്‌ ആര്‍ത്തവം. ഇത് വീണ്ടും വീണ്ടും നടക്കുന്നതായത് കൊണ്ട് ഈ പ്രക്രിയകളെ വിളിക്കുന്ന പേരാണ് ആര്‍ത്തവ ചക്രം എന്നത്.

ആര്‍ത്തവ ചക്രത്തില്‍ എന്തൊക്കെ കാര്യങ്ങള്‍ നടക്കും ?

സാധാരണമായി ഒരു ആര്‍ത്തവ ചക്രത്തിന്‍റെ ദൈര്‍ഘ്യം 21 ദിവസങ്ങള്‍ മുതല്‍ 35 ദിവസങ്ങള്‍ വരെയാണ്. ശരാശരി 28 ദിവസങ്ങള്‍‍. എന്നാല്‍ ഈ 28 ദിവസം നീണ്ടുനിൽക്കുന്ന കൃത്യമായ ആര്‍ത്തവചക്രം പൊതുവേ കുറവാണ്‌. ആര്‍ത്തവം ആരംഭിക്കുന്ന സമയത്തും, അതുപോലെ ആര്‍ത്തവ വിരാമം അടുക്കുമ്പോഴും ഈ ചക്രത്തില്‍ സ്വാഭാവികമായി വ്യത്യാസം ഉണ്ടാകാം. അങ്ങനെ അല്ലാത്തവരില്‍ കൃത്യമായും, ക്രമമായും ഉള്ള ആര്‍ത്തവ ചക്രങ്ങള്‍ ഇല്ലെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധനകള്‍ നടത്തേണ്ടതുണ്ട്. ആര്‍ത്തവം തുടങ്ങുന്ന ഒന്നാമത്തെ ദിവസത്തെയാണ് ആര്‍ത്തവ ചക്രത്തിന്‍റെ ഒന്നാം ദിനമായി കണക്കാക്കുന്നത്.

ആര്‍ത്തവ ചക്രത്തെ പൊതുവേ 2 പകുതികളായി തിരിക്കാം. ഓവുലേഷന്‍ നടക്കുന്ന ദിവസം അടിസ്ഥാനപ്പെടുത്തിയാണ് ഇങ്ങനെ തിരിക്കുന്നത്. ഒന്നാം ദിവസം തൊട്ട് ഓവുലേഷന്‍ നടക്കുന്ന ദിവസം വരെയുള്ള സമയത്തെ proliferative phase എന്നും, ഓവുലേഷന്‍ തൊട്ടു അടുത്ത ചക്രം തുടങ്ങുന്നത് വരെയുള്ള കാലത്തെ secretory phase എന്നും പറയും.

PROLIFERATIVE PHASE- ആര്‍ത്തവം തുടങ്ങുന്ന ദിവസം തൊട്ടു ഓവുലേഷന്‍ വരെ.
ഇനി വരാനിരിക്കുന്ന അണ്ഡത്തിനായി ഗര്‍ഭപാത്രത്തെ ഒരുക്കുന്ന പ്രക്രിയയാണ്‌ ഇത്. പിറ്റ്യൂറ്ററി ഗ്രന്ധിയില്‍ നിന്നുള്ള FSH എന്ന ഹോര്‍മോണിന്‍റെ പ്രവര്‍ത്തനം കൊണ്ട് ഓവറിയില്‍ ഒരു അണ്ഡം പൂര്‍ണ്ണ വളര്‍ച്ചയിലേക്ക് എത്തും, അതോടൊപ്പം ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ ഉല്‍പാദനവും കൂടും. ഈ ഹോര്‍മോണ്‍ ആണ് ഗര്‍ഭപാത്രത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്‌. മൂന്നു പ്രധാന കാര്യങ്ങള്‍ ഈ ഘട്ടത്തില്‍ ഗര്‍ഭാശയത്തില്‍ നടക്കും.

• ഗര്‍ഭാശയത്തിന്‍റെ ഏറ്റവും ഉള്ളിലുള്ള സ്തരമായ എന്‍ഡോമെട്രിയം കൂടുതല്‍ വളര്‍ന്ന്, ഏകദേശം 4 മില്ലി മീറ്റര്‍ ഘനം ഉള്ളതാകും.

• ഈ സ്തരത്തിലേക്ക് കൂടുതല്‍ രക്ത കുഴലുകള്‍ വളരും.

• ഒപ്പം പുരുഷ ബീജത്തിന് പ്രവേശനം സുഗമം ആകുന്ന തരത്തില്‍ ഗർഭാശയത്തിലെ മ്യുക്കസ് കൂടുതല്‍ നേര്‍ത്തതാകും.

ഈ പ്രക്രിയ പൂര്‍ത്തിയാകുന്നതോട് കൂടി, പിറ്റ്യൂറ്ററി ഗ്രന്ഥിയില്‍ നിന്നും LH ഹോര്‍മോണ്‍ വളരെ കൂടുതലായി ഉണ്ടാകും. ഇതാണ് ഓവുലഷനിലേക്ക് നയിക്കുന്നത്. ഇങ്ങനെ പുറത്തു വരുന്ന അണ്ഡം പതിയെ ഫല്ലോപിയന്‍ കുഴല്‍ വഴി ഗര്‍ഭാശയത്തിലേക്കുള്ള യാത്ര ആരംഭിക്കും. ഗര്‍ഭധാരണം നടക്കുക ഈ കുഴലില്‍ വെച്ചാണ്‌. എന്നിട്ട് പതിയെ താഴോട്ട് നീങ്ങും.

SECRETORY PHASE– ഓവുലേഷന്‍ തൊട്ട് അടുത്ത ആര്‍ത്തവം തുടങ്ങും വരെ.

ഈ കാലത്തെ നിയന്ത്രിക്കുന്നത്‌ പ്രോജസ്‌റ്ററോണ്‍ ആണ്. ഇതും ഉണ്ടാകുന്നതു ഓവറികളില്‍ നിന്ന് തന്നെയാണ്. ഈ ഹോര്‍മോണിന്‍റെ സ്വാധീനത്തില്‍ ഗര്‍ഭാശയത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ ഇവയാണ്.

• ഗര്‍ഭാശയ സ്തരത്തില്‍ കൂടുതല്‍ ഗ്രന്ഥികള്‍ വളരും. ഘനം ഏകദേശം 6 തൊട്ടു 8 mm എത്തും.

• രക്തക്കുഴലുകള്‍ കൂടുതല്‍ വലുതായി രക്തയോട്ടം കൂടും.

• മ്യുക്കസ് കൂടുതല്‍ കട്ടിയുള്ളതായി മാറി, ഗര്‍ഭാശയത്തിന്‍റെ വാതിലുകള്‍ അടക്കും.

• ഇങ്ങനെ വരാനിരിക്കുന്ന ഭ്രൂണത്തിനായി കാത്തിരിക്കും.

ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ഈ ചെയ്ത കാര്യങ്ങളൊക്കെ വെറുതെയാകുമല്ലോ. തുടര്‍ന്നുള്ള മാറ്റങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട അളവില്‍ പ്രോജസ്റ്ററോണ്‍ ഓവറികളില്‍ നിന്നും കിട്ടാതെയാകും. അതോടെ ഗര്‍ഭാശയ സ്തരത്തിലെ മാറ്റങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ പറ്റാതെ, ഈ സ്തരത്തിന്‍റെ ഏറ്റവും മുകളിലുള്ള ഭാഗവും,അതിനോട് ചേര്‍ന്നുള്ള രക്തക്കുഴലുകളും, അണ്ഡവും എല്ലാം വേര്‍പെടും. പിന്നെ അതിനെ പുറത്തേക്കു കളയാന്‍ ഗര്‍ഭപാത്രം ശ്രമം തുടങ്ങും. ആര്‍ത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദനക്ക് ഇതാണ് കാരണം. അങ്ങനെ പുറത്തു വരുന്ന കോശങ്ങളും രക്തവുമാണ് ആര്‍ത്തവം. ഇതില്‍ മലിനമായും അശുദ്ധമായും യാതൊന്നുമില്ല.

ആര്‍ത്തവ സമയം– 3 മുതല്‍ 5 ദിവസം.

ചക്രത്തിന്‍റെ ഒന്നാം ദിവസത്തില്‍ ആണ് ബ്ലീഡിംഗ് കൂടുതല്‍ കാണുക. ഒപ്പം വയറുവേദനയും ചെറിയ വികാര വിക്ഷോഭങ്ങളും ഒക്കെ ഉണ്ടാകും. പതിയെ ബ്ലീഡിംഗ് കുറഞ്ഞു വരും. ആര്‍ത്തവം തുടങ്ങിയ ആദ്യ സമയങ്ങളില്‍ ഈ ബ്ലീഡിങ്ങും ക്രമമല്ലാതെ വരാം. സാധാരണ ഒരു ആര്‍ത്തവ സമയത്ത് 15 മുതല്‍ 35 മില്ലി വരെ രക്തം നഷ്ടപ്പെടാം. 80 മില്ലിയില്‍ കൂടുതല്‍ രക്തം പോകുന്നതോ, ബ്ലീഡിംഗ് കൂടുതല്‍ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതോ ഗര്‍ഭാശയ രോഗങ്ങളുടെ ലക്ഷണം ആകാം എന്നതിനാല്‍ ശ്രദ്ധ വേണം.

ആർത്തവ സമയത്തെ വൃത്തി:

അറപ്പിന്റെ പേര്‌ പറഞ്ഞ്‌ മൂത്രമൊഴിക്കാൻ പോലും പോകാതെ ആർത്തവകാലം കഴിച്ചു കൂട്ടാറുള്ള സ്‌ത്രീകളുണ്ട്‌. ധാരാളം വെള്ളം കുടിക്കുകയും കൃത്യമായ ഇടവേളകളിൽ മൂത്രമൊഴിക്കുകയും ചെയ്യണം. എത്ര കുറച്ച്‌ രക്‌തസ്രാവമേ ഉള്ളുവെങ്കിലും 6-8 മണിക്കൂറിനപ്പുറം പാഡ്‌/കോട്ടൺ തുണി ഉപയോഗിക്കരുത്‌. പാഡ്‌ കൃത്യമായി കളയേണ്ട ഇടങ്ങളിൽ മാത്രം കളയുക, ഫ്ലഷ്‌ ചെയ്യുകയോ പൊതുസ്‌ഥലത്ത്‌ കളയുകയോ അരുത്‌. കോട്ടൺ തുണി വൃത്തിയായി കഴുകി വെയിലത്തിട്ടുണക്കാൻ സാധിക്കുമെങ്കിൽ മാത്രം ഉപയോഗിക്കുക. മെൻസ്‌ട്രുവൽ കപ്പുപയോഗിക്കുന്നവർ കപ്പ്‌ നിറഞ്ഞാൽ/12 മണിക്കൂറിൽ ഒരിക്കൽ (ഏതാണോ നേരത്തേ, അത്‌ ചെയ്യണം) വൃത്തിയാക്കണം. കോട്ടൺ അടിവസ്‌ത്രങ്ങളുപയോഗിക്കാനും മാസത്തിലൊരിക്കലെങ്കിലും സ്വകാര്യഭാഗത്തെ രോമവളർച്ച നീക്കാനും ശ്രദ്ധിക്കണം.

ഒരു സ്ത്രീയെ പുരുഷനില്‍ നിന്നും വ്യത്യസ്ത ആക്കുന്ന ഏറ്റവും പ്രധാന ഘടകം അവളുടെ മാതൃത്വമാണ്. ഞാനും നിങ്ങളും അടങ്ങുന്ന ലോകത്തെ ഓരോ മനുഷ്യ ജീവനും കാരണമായത് ആര്‍ത്തവം എന്ന പ്രക്രിയയാണ്‌. അതുകൊണ്ട് തന്നെ ഓരോ സ്ത്രീയും അഭിമാനത്തോടെ കാണുന്ന ഒന്നാണ് അവളുടെ ആര്‍ത്തവം. അതിനെ മലിനം എന്നും അശുദ്ധമെന്നും മുദ്ര കുത്താന്‍ ശ്രമിക്കുന്നവരോട് നല്ല നമസ്കാരം പറഞ്ഞു കൊണ്ട് നിറുത്തട്ടെ.

എഴുതിയത്: ഡോ. ഷിമ്ന അസീസ്, ഡോ. ജിതിന്‍ ടി ജോസഫ് ( ഇന്‍ഫോ ക്ലിനിക്)

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here