ഇനിയും പാടിത്തീരാത്ത വിഷാദഗാനങ്ങളുടെ പാമരനാം പാട്ടുകാരന്; ബാബുരാജ് മാസ്റ്ററുടെ ഓർമ്മകൾക്ക് മുന്നില്‍

മലയാളത്തിൻറെ പ്രിയ സംഗീത സംവിധായകൻ എം എസ് ബാബുരാജ് മാസ്റ്ററുടെ ഓർമ്മകൾക്ക് ഇന്ന് 40 വയസ്സ്.

ഹിന്ദുസ്ഥാനിയുടെ അമര സംഗീതത്തിന്‍റെ സ്ഫടികജാലകം മലയാളിക്കായി തുറന്നിട്ടത് മുഹമ്മദ് സബീർ ബാബുരാജ് എന്ന മലയാളികളുടെ സ്വന്തം ബാബുക്കയായിരുന്നു.

സുറുമയെഴുതിയ മിഴികളില്‍ പ്രതിഫലിക്കുന്ന സൂര്യകാന്തിയുടെ പ്രഭയേറ്റുവാങ്ങിയ സംഗീതം. ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ പൊന്നിന്‍ ചിലമ്പൊലികളിൽ മാറ്റൊലികൊണ്ട ഈണങ്ങള്‍. ബാബുക്കയുടെ സംഗീതത്തിനു ജീവനുണ്ടായിരുന്നു.

സര്‍ഗാത്മകതയുടെ നിത്യചൈതന്യമുണ്ടായിരുന്നു. വഴിയോരത്തു വയറ്റത്തടിച്ചു പാടിയിരുന്ന സുബൈദറെന്ന ബാലനെ സംഗീതരാജനാക്കിയത് ഹിന്ദുസ്ഥാനി സംഗീതത്തിന്റെ തേന്‍തുള്ളിയിറ്റിച്ച് ചാലിച്ചെടുത്ത മധുരഗാനങ്ങള്‍ കാലത്തെ അതിജീവിച്ച് , മലയാള മനസ്സിന്റെ ഉള്ളറകളിലേക്ക് അത്രമേൽ ആ‍ഴത്തിൽ തറഞ്ഞത് കൊണ്ടാവാം.

അന്യഭാഷാ ഗാനങ്ങളുടെ ഈണമനുസരിച്ച് വരികള്‍ ചിട്ടപ്പെടുത്തി യാന്ത്രികമായ ആലാപനത്തിന്റെ വിരസതയനുഭവിച്ചിരുന്ന ഒരു കാലഘട്ടത്തില്‍ മലയാള സിനിമാ സംഗീതത്തിന് തിരിക്തമായ ഭാവതലങ്ങള്‍ ആ വലിയ കലാകാൻ സമ്മാനിച്ചു.

പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിക്കുമ്പോഴും വിനയം കൈവെടിയാതെ ഒരു സാധാരണക്കാരനായിതന്നെ സ്നേഹിക്കുന്നവര്‍ക്കിടയില്‍ അദ്ദേഹം ജീവിച്ചു.

സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയും സ്നേഹം നടിച്ചവര്‍ക്കുവേണ്ടിയും കയ്യയച്ച് സഹായങ്ങള്‍ നല്‍കി. ബംഗാളിയായ ഹിന്ദുസ്ഥാനി ഗായകന്‍ ജാന്‍ മുഹമ്മദ് സാഹിബിന്റെ മകനായി 1921 മാർച്ച് 29 നു ആയിരുന്നു ബാബുരാജിന്റെ ജനനം.

അമ്മ മലയാളിയും. ഏറെ കഷ്ടതകള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. അന്നന്നത്തെ അന്നത്തിനു വേണ്ടി തെരുവിലും ട്രെയിനിലും പാട്ടു പാടി നടന്നിരുന്ന ബാബുരാജിനെ സംഗീതസ്നേഹിയായ ഒരു പോലീസുകാരന്‍ കണ്ടെത്തുകയും ദത്തെടുക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി.

ആദ്യകാലത്തു് നിലമ്പൂര്‍ ബാലന്റെ സംഗീത ട്രൂപ്പില്‍ അംഗമായിരുന്നു. ആദ്യമായി ഉത്തരേന്ത്യന്‍ സംഗീതം മലയാളത്തില്‍ കൊണ്ടുവന്നതു് ബാബുരാജാണു്.

മുടിയനായ പുത്രന്‍ എന്ന ചിത്രത്തിലൂടെ പി ഭാസ്ക്കരന്റെ ഗാനങ്ങള്‍ക്കാണു് കൂടുതല്‍ ഈണം നല്‍കിയതു്. കോഴിക്കോട്ടെ കല്യാണരാവുകള്‍ ബാബുരാജ് സംഗീതം കൊണ്ടു നിറച്ചു.

1951-ല്‍ ‘ഇന്‍‌ക്വിലാബിന്റെ മക്കള്‍’ എന്ന നാടകത്തിനു സംഗീതം നല്‍കിക്കൊണ്ട് നാടകരംഗത്ത്‌ എത്തിയ ബാബുരാജ് പിന്നീട് ഒട്ടനവധി നാടകങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിക്കുകയും പാടുകയും ചെയ്തു.

ടി മുഹമ്മദ് യൂസഫിന്റെ ‘കണ്ടം ബെച്ച കോട്ട്’, കേരള കലാവേദിയുടെ ‘നമ്മളൊന്ന്’ എന്നിവയാണ് അതില്‍ പ്രധാനം.  1957 ല്‍ ‘മിന്നാമിനുങ്ങ്‌’ എന്ന ചിത്രത്തിലൂടെയാണ് ബാബുരാജ് സ്വതന്ത്ര സിനിമാ സംഗീതസംവിധായകനാവുന്നത്.

അദ്ദേഹം ഈണം പകര്‍ന്നതിലേറെയും പി ഭാസ്കരന്റെ വരികള്‍ക്കാണ്. വയലാര്‍, ഓ എന്‍ വി, ശ്രീകുമാരന്‍ തമ്പി, യൂസഫലി കേച്ചേരി എന്നിവരുടെ രചനകള്‍ക്ക് നല്‍കിയ സംഗീതവും മറക്കാനാവാത്തതാണ്

1978 ഒക്ടോബർ 7 നു ബാബുരാജ് ഓര്‍മ്മയായി.. അനശ്വരങ്ങളായ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു അദ്ദേഹം.

ശ്രദ്ധേയമായ ചില ഗാനങ്ങള്‍:

താമസമെന്തേ വരുവാന്‍.., വാസന്തപഞ്ചമി നാളില്‍… (ഭാര്‍ഗ്ഗവീ നിലയം)
അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍.., പ്രാണസഖീ, ഒരു പുഷ്പം… (പരീക്ഷ)
അഞ്ജനക്കണ്ണെഴുതി.., കന്നിനിലാവത്ത്… (തച്ചോളി ഒതേനന്‍)
ഇന്നലെ മയങ്ങുമ്പോള്‍.., താമരക്കുമ്പിളല്ലോ…, കവിളത്തെ കണ്ണീര്‍ കണ്ടു… (അന്വേഷിച്ചു കണ്ടെത്തിയില്ല)
ചന്ദ്രബിംബം നെഞ്ചിലേറ്റും… (പുള്ളിമാന്‍)
സുറുമയെഴുതിയ… (ഖദീജ)
തളിരിട്ട കിനാക്കള്‍… (മൂടുപടം)
സൂര്യകാന്തി… (കാട്ടുതുളസി)
തേടുന്നതാരെ…(അമ്മു)
സൃഷ്ടി തന്‍ സൌന്ദര്യ… (സൃഷ്ടി)
താനേ തിരിഞ്ഞും മറിഞ്ഞും… (അമ്പലപ്രാവ്)
വിജനതീരമേ… (രാത്രിവണ്ടി)
ഒരു കൊച്ചുസ്വപ്നത്തിന്‍… (തറവാട്ടമ്മ)
അകലെ അകലെ നീലാകാശം… (മിടുമിടുക്കി)
മണിമാരന്‍ തന്നത്… (ഓളവും തീരവും)
അനുരാഗനാടകത്തിന്‍… (നിണമണിഞ്ഞ കാല്പ്പാടുകള്‍)
അനുരാഗഗാനം പോലെ…, എഴുതിയതാരാണ്‌ സുജാത… (ഉദ്യോഗസ്ഥ)
ഇരുകണ്ണീര്‍ത്തുള്ളികള്‍…, ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന… (ഇരുട്ടിന്റെ ആത്മാവ്)
കണ്ണീരും സ്വപ്നങ്ങളും… (മനസ്വിനി)
കണ്ണ് തുറക്കാത്ത… (അഗ്നിപുത്രി)
താമരത്തോണിയില്‍… (കാട്ടുമല്ലിക)
ആദ്യത്തെ കണ്മണി…(ഭാഗ്യജാതകം)
നദികളില്‍ സുന്ദരി… (അനാര്‍ക്കലി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News