കൊച്ചിയില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍

കൊച്ചിയില്‍ 200 കോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി പ്രശാന്ത് കുമാറിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മയക്കു മരുന്ന് കടത്ത് സംഘത്തിലെ കണ്ണിയാണ് പ്രശാന്ത്.ഇയാള്‍ക്കു പിന്നിലുള്ളവരെക്കുറിച്ച് എക്സൈസ് അന്വേഷണം തുടങ്ങി.

ക‍ഴിഞ്ഞ 29നാണ് കൊച്ചി എം ജി റോഡിലെ കൊറിയര്‍ കമ്പനിയില്‍ പാര്‍സലായി എത്തിയ 200 കോടി രൂപയുടെ എം ഡി എം എ എക്സൈസ് പിടിച്ചെടുത്തത്. ചെന്നൈയില്‍ നിന്നും മലേഷ്യയിലേക്ക് അയക്കാനായി പാര്‍സലില്‍ എത്തിയ മയക്കുമരുന്നിന്‍റെ ഉറവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് എക്സൈസിന് സൂചനകള്‍ ലഭിച്ചത്.

ചെന്നൈ സ്വദേശി അലി,കണ്ണൂര്‍ സ്വദേശി പ്രശാന്ത് എന്നിവര്‍ക്കു വേണ്ടി നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രശാന്തിനെ വലയിലാക്കുകയായിരുന്നു. നേരത്തെ കൊച്ചിയില്‍ താമസിച്ച് മയക്കുമരുന്ന് കടത്തിയ സംഘം രണ്ടാം തവണയും മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിക്കവെ സംശയം തോന്നിയ കൊറിയര്‍ കമ്പനി അധികൃതര്‍ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു.‍ വളരെ വിദഗ്ധമായി പ്രതികളെ പിടികൂടിയ ഉദ്യോഗസ്ഥ സംഘത്തിന് പാരിതോഷികം നല്‍കുമെ ന്ന് എക്സൈസ് കമ്മീഷണര്‍ റിഷിരാജ് സിങ്ങ് പറഞ്ഞു.

കോടതിയില്‍ ഹാജരാക്കുന്ന പ്രശാന്തിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. മറ്റൊരു പ്രധാന പ്രതിയായ അലിയെക്കുറിച്ചും ഇവര്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന റാക്കറ്റിനെക്കുറിച്ചും പ്രശാന്തില്‍ നിന്നും നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് എക്സൈസിന്‍റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel