ശബരിമലയിൽ സ്ത്രീകൾ കയറുമോ ?; മഡെ സ്നാന ഇന്ന് യഡെ സ്നാനയാണ്

ശബരിമല സ്ത്രീപ്രവേശനത്തില്‍ ജനരോക്ഷം ആളിക്കത്തുകയാണ്.സമൂഹത്തില്‍ അസമത്വം നേരിടുന്ന ആര്‍ക്കുവേണ്ടിയാണോ സുപ്രീം കോടതി വിധി കല്പിച്ചത്,അവര്‍ തന്നെ വിധിക്കെതിരെ പ്രക്ഷോഭമായി രംഗത്തിറങ്ങുന്ന സാഹചര്യമാണ് കേരളം കാണുന്നത്.

ആചാരങ്ങള്‍ തീര്‍ച്ചയായും നല്ലതാണ്.സംരക്ഷിക്കപ്പെടുക തന്നെ ചെയ്യണം.എന്നാല്‍ ഒരാള്‍ സ്ത്രീയായതുകൊണ്ട് ഇതേ ആചാരങ്ങള്‍ പിന്തുടരാന്‍ വിലക്ക് കല്‍പിക്കേണ്ടതുണ്ടോ?

ഒരുമതത്തിനും സ്ത്രീയുടെ പ്രാര്‍ത്ഥനാ സ്വാതന്ത്രത്തില്‍ കൈകടത്താനുള്ള അവകാശം ഇല്ലെന്നിരിക്കെ മുകളില്‍ ചേര്‍ത്ത ചോദ്യത്തിനുള്ള കേരളത്തിലെ ജനങ്ങളുടെ ഉത്തരം വരുംദിവസങ്ങളില്‍ കണ്ടുതന്നെ അറിയണം.

ഇവിടെയാണ് കര്‍ണ്ണാടകത്തിലെ ചില അമ്പലങ്ങളില്‍ ഉത്സവകാലഘട്ടത്തില്‍ അനുഷ്ഠിച്ചുപോരുന്ന മഡെ സ്നാന എന്ന ആചാരത്തെപ്പറ്റി അറിയേണ്ടത്.

മഡെ സ്നാന എന്ന ആചാരം മറ്റൊന്നുമല്ല ബ്രാഹ്മണര്‍ സദ്യ ക‍ഴിച്ചതിനു ശേഷമുള്ള ഉച്ഛിഷ്ടത്തിനു മേലുള്ള ശയനപ്രദിക്ഷിണം.

500 വര്‍ഷത്തിലേറെയായി നിലനില്‍ക്കപ്പെടുന്നു എന്നു പറയപ്പെടുന്ന ഈ ആചാരത്തിലൂടെ താ‍ഴ്ന്ന ജാതിയിലുള്ളവര്‍ക്ക് ജീവിതത്തില്‍ ഉന്നമനം ലഭിക്കും എന്നാണ് വിശ്വാസം.

ഇനി എന്തിനാണ് മഡെ സ്നാനെയെപ്പറ്റി പറയുന്നത്. മംഗലാപുരം കുക്കൈ സുബ്രഹമണ്യസ്വാമി ക്ഷേത്രത്തില്‍ 2011 ഡിസംബറില്‍ ഒരു സംഭവമുണ്ടായി.

മഡെ സ്നാന എന്ന ക്ഷേത്രാചാരം എതിര്‍ത്തതിന്‍റെ പേരില്‍ ഡോ.ശിവറാം എന്ന മനുഷ്യനെ ക്ഷേത്രാചാര സംരംക്ഷകര്‍ മര്‍ദ്ദിച്ചു.

ദ് ബാക്ക്വേര്‍ഡ് ക്ലാസ്സെസ് അവേര്‍നെസ്സ് ഫോറത്തിന്‍റെ കര്‍ണ്ണാടക സ്റ്റേറ്റ് പ്രസിഡന്റായിരുന്നു ഡോ.ശിവറാം. അദ്ദേഹം ചെയ്ത കുറ്റം മറ്റൊന്നുമായിരുന്നില്ല ബ്രാഹ്മണര്‍ ക‍ഴിച്ചശേഷമുള്ള ബാക്കി ഭക്ഷണത്തിനു പുറത്തുകൂടി ഉരുണ്ടുള്ള പുണ്യം കിട്ടുന്ന ഏര്‍പ്പാടിനെ എതിര്‍ത്തു.

ദളിതര്‍ക്കുവേണ്ടി സ്വരമുയര്‍ത്തിയ ഇദ്ദേഹത്തിന് കമ്യൂണിസ്റ്റുകാര്‍ പിന്തുണ നല്‍കിയതോടെ വിഷയം കോടതിക്കുമുന്നിലെത്തുകയും എച്ചിലില്‍ ഉരുണ്ടുള്ള പുണ്യം വേണ്ടെന്ന് കോടതി വിധിവരുകയും ചെയ്തു.

എന്നാല്‍ കോടതി വിധിക്കെതിരെ ഒരുവിഭാഗം രംഗത്ത് വന്നു. രാജ്യ ആദിവാസി ബുഡാക്ക് ഹിതരക്ഷണ വേദികെ എന്ന ദളിത് സംഘടന വിധിക്കെതിരെ അപ്പീല്‍ പോയി.

അവരുടെ ആവശ്യം ബ്രാഹ്മണന്‍റെ എച്ചിലില്‍ ഉരുണ്ട് പുണ്യം നേടാനുള്ള തങ്ങളുടെ അവകാശത്തില്‍ കോടതി ഇടപെടരുത് എന്നും. കോടതി വിധി സ്റ്റേ ചെയ്തു.

പിന്നീട് എന്തായാലും ക്ഷേത്ര ആചാരസംരംക്ഷകര്‍ വിശ്വാസികളുടെ അവകാശം പരിഗണിച്ച് പുതിയ ആചാരം കൊണ്ടുവന്നു.

മഡെ സ്നാനക്ക് പകരം ഇപ്പോ‍ഴുള്ളത് യഡെ സ്നാനയാണ്. ബ്രാഹ്മണന്‍രെ എച്ചിലിന് പകരം ഇപ്പോള്‍ പശുതിന്ന തിന്റെ ബാക്കിയായ വൈക്കോലും പിണ്ണാക്കും ക്ഷേത്രമണ്ഡപത്തില്‍ വിതറി വിശ്വാസികൾക്ക് ഉരുളാനുള്ള അവസരം ഒരുക്കിയിട്ടുമുണ്ട്. ദളിതന്റെ ആവശ്യത്തിനെതിരെ ദളിതന്‍ തന്നെ രംഗത്ത് എത്തിയ സംഭവം കൂടി ആണിത്.

ശബരിമല വിഷയത്തിലും കോടതി വിധിക്കെതിരെ സമരം ചെയ്യുന്ന വിശ്വാസികള്‍ പറയുന്നത് മറിച്ചല്ല. തങ്ങളുടെ വിശ്വാസത്തിന്‍റെ കാര്യത്തില്‍ സുപ്രീം കോടതിയല്ല, പിന്നെയോ പന്തളം രാജകുടുംബവും തന്ത്രിയും തീരുമാനമെടുത്താല്‍ മതിയെന്നുതന്നെ.

അതിനര്‍ത്ഥം എന്താണ്? ഈ കാലഘട്ടത്തിലും രാജാവും ബ്രാഹ്മണനും തീരുമാനിച്ചാല്‍ മതിയെന്നോ? അപ്പോള്‍ പിന്നെ ജനാതിപത്യഭരണ സംവിധാനങ്ങള്‍ എന്തിന്? .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News