സൈക്കിള്‍ ബെല്ലിന് കാതോര്‍ത്ത ബാല്യം; വിലാസങ്ങളില്ലാത്ത ലോകത്തേക്ക് പോയ മനുഷ്യര്‍

പുതിയ കാലത്ത് കത്തുകളുടെ പ്രസക്തി നഷ്ടമായി. കത്തുകള്‍ തന്ന അനുഭൂതികളും നഷ്ട സ്മൃതികളായി. വിലാസങ്ങളില്ലാത്ത ലോകത്തേക്ക് പോയ ഒരു പോസ്റ്റുമാന്‍റെ ഓര്‍മ്മ പ്രശസ്ത ഫോട്ടോഗ്രഫര്‍ കെ ആര്‍ സുനില്‍ എ‍ഴുതുന്നു.

“അഛനെത്തേടി ദിവസേനയെന്നോണം കത്തുകൾ വരുമായിരുന്നു, പലതരത്തിലുള്ള കത്തുകൾ. പഠനത്തിന്റെ ഭാഗമായി സൗഹൃദങ്ങളേറിയപ്പോൾ എനിക്കും വരാൻ തുടങ്ങി കത്തുകൾ. മനസ്സിൽ പതിഞ്ഞ പല കത്തുകളും കൂടെയുണ്ട്. ആത്മമിത്രങ്ങൾ നമുക്കെഴുതുന്ന വരികളിൽ നിറയുക നമ്മുടെതന്നെ ജീവിതമായിരിക്കും. ഡയറിക്കുറിപ്പുകൾ പോലെ ചിലപ്പോളെല്ലാം അതെടുത്തു വായിക്കാറുമുണ്ട്.

ഓർമ തുടങ്ങുമ്പോൾ മുതൽ കത്തുകളുമായി എത്തിയിരുന്നത് പോസ്റ്റ്മാൻ ചന്ദ്രേട്ടൻ.
മിതഭാഷിയായ ഒരു സാധു മനുഷ്യൻ. മേൽവിലാസക്കാരന്റെ വീടിനുമുന്നിൽ നിന്നുള്ള സൈക്കിൾ ബെൽ കേട്ടാലറിയാം കത്തുണ്ടെന്ന്.ആളെ കണ്ടില്ലെങ്കിൽ ബെല്ലൊന്നു മുറുകും, വൈകുന്നതിന്റെ പരിഭവം!

അന്തർമുഖനായ ഇദ്ദേഹത്തിന്റെ ഭാഷ തന്നെ സൈക്കിൾബെൽ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. ചെറുതും വലുതുമായ വഴികളിലൂടെ എത്രയോ കാലം ആ മനുഷ്യൻ കത്തുകളുമായി കടന്നുപോയിക്കാണും!

പുതിയ കാലത്ത് കത്തുകളുടെ പ്രസക്തി നഷ്ടമായി. എങ്കിലും കയ്യക്ഷരങ്ങൾക്ക് മാത്രം
തരാനാകുന്ന ചില വികാരങ്ങളുമായി ചന്ദ്രേട്ടനെത്തിയിരുന്നു.

മരണശേഷവും അച്ഛനെ തേടി വല്ലപ്പോഴുമൊക്കെ കത്തുകൾ വന്നു, അത് തരുമ്പോൾ മുഖത്തേക്ക് നോക്കാതെ ചന്ദ്രേട്ടൻ കടന്നുപോകും…

കുറച്ചു നാളുകൾ മുൻപ് വഴിയരികിൽ കയ്യിൽപിടിച്ച കത്തുകളുമായി രണ്ടുപേർ, ചന്ദ്രേട്ടന്റെ മക്കൾ..അവർക്ക് അപരിചിതമായ വിലാസങ്ങൾ തിരയുകയാണ്..അദ്ദേഹം സുഖമില്ലാതെ കിടപ്പിലായതിനാൽ പകരം എത്തിയതാണവർ.

ഒരു കാലമത്രയും കത്തുകളുമായി കടന്നുവന്ന ആ മനുഷ്യൻ അധികംവൈകാതെ മറ്റൊരു ലോകത്തേക്ക് തിരികെ പോയി. എന്നാൽ അദ്ദേഹത്തിന്റെ സൈക്കിൾബെല്ലിനായി ചെവിയൊർത്തിരുന്ന നാട്ടിലെ പലരും അതറിഞ്ഞതുമില്ല.

ഒരിക്കൽ സത്യൻ അന്തിക്കാടിന്റെ അരികിലേക്ക് നാട്ടിലെ പ്രമുഖരിൽ ചിലരെത്തി, സിനിമയിൽ ഇരുപത്തഞ്ചു വർഷം തികഞ്ഞ സംവിധായകനെ നാട്ടിലൊന്ന് ആദരിക്കണം.. വിനയപൂർവ്വം അവരെ വിലക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞതിങ്ങനെ – ”നമ്മുടെ നാട്ടിൽ സ്വന്തം കർമമേഖലയിൽ ഇരുപത്തഞ്ചു വർഷം പൂർത്തിയാക്കിയ എത്രയോ പേരുണ്ട്.. അദ്ധ്യാപകർ.. ഡോക്ടർമാർ.. ഡ്രൈവർമാർ.. കൃഷിക്കാർ തുടങ്ങിയവർ.. നമുക്കുവേണ്ടി ജീവിക്കുന്ന അവരെയല്ലേ ആദ്യം ആദരിക്കേണ്ടത്… ”

വിലാസങ്ങളില്ലാത്തയിടത്തേക്ക് യാത്രയായ ഒരു മനുഷ്യനെ ഓർമ വരുന്നു..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News