കേരളത്തിന്‍റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ വരവും അത് കേരളത്തിൽ വരുത്തിയ മാറ്റങ്ങളും
ഒാർമ്മപ്പെടുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷിപ്പിച്ച കേരളം ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സംസ്ഥാനമായി മാറിയത് നവോത്ഥാന നായകൻമാരുടെ ഇടപെടലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേരള വളർച്ചയ്ക്ക് നവോത്ഥാന പ്രസ്ഥാനങ്ങളും നായകൻമാരും നൽകിയ പങ്കിനെ കുറിച്ച് മുഖ്യമന്ത്രി എടുത്ത് പറഞ്ഞ് വാർത്താസമ്മേളനം നടത്തിയത്. രാജ്യം മുഴുവന്‍ സഞ്ചരിച്ച സ്വാമി വിവേകാനന്ദന്‍ കേരളത്തെ വിശേഷിപ്പിച്ചത് ഭ്രാന്താലയം എന്നായിരുന്നു.

എന്നാല്‍, ഇന്ന് ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സംസ്ഥാനമായി കേരളം മാറുന്ന സ്ഥിതിയുണ്ടായി. ഇതിന് ഇടയാക്കിയത് നവോത്ഥാന ആശയങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളുമായിരുന്നുവെന്നും മുഖ്യമന്ത്രി ഒാർമ്മപ്പെടുത്തി.

ആചാരങ്ങളുടെ പേരിൽ വലിയ തർക്കങ്ങൾ നടക്കുന്ന ഘട്ടത്തിൽ ശ്രീനാരായണ ഗുരു നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ കേരളത്തിന്‍റെ വിപ്ലവകരമായ സാമൂഹ്യമാറ്റത്തിന് അടിസ്ഥാനമായി എന്നകാര്യവും വില്ലുവണ്ടിയിലൂടെ അയ്യങ്കാളി സഞ്ചരിച്ചത് നവോത്ഥാനത്തെ ജനാധിപത്യപരമായ പോരാട്ടങ്ങളുമായി ബന്ധിപ്പിച്ചെന്നും ചട്ടമ്പിസ്വാമികളെപ്പോലെയുള്ളവർ ഇത്തരമു‍ള്ള നവീകണത്തിനും നേതൃത്വം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാറിടം മറയ്ക്കാനുള്ള അവകാശം, വിധവാ വിവാഹം, സ്ത്രീവിദ്യാഭ്യാസം മുതലായ ഇടപെടലുകളിലൂടെ, സ്ത്രീകളെ അരങ്ങത്തേക്ക് കൊണ്ടുവരുന്നതിനും ഇത്തരം മുന്നേറ്റങ്ങൾ വ‍ഴിതെളിച്ചതിലൂടെയാണ് വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിളിച്ച കേരളം ആധുനിക കേരളമായതെന്നും ചിരിത്രത്തിന്‍റെ ഏടുകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേരളത്തെ വീണ്ടും ബോധ്യപ്പെടുത്തിയത്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ചര്‍ച്ചകളിലേക്ക് നാം കടക്കുമ്പോള്‍ കേരളത്തിന്‍റെ ഈ സാമൂഹ്യമുന്നേറ്റത്തിന്‍റെ ചരിത്രം കൂടി ഉള്‍ക്കൊള്ളേണ്ടെന്ന ഒാർമ്മപ്പെടുത്തലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാക്കുകൾ.