പ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ നാലു ലക്ഷം രൂപ; ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്

പ്രളയത്തില്‍ വീട് തകര്‍ന്നവരില്‍ സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ 1,740 കോടി രൂപ ലഭിച്ചതായും മുഖ്യമന്ത്രിയുടെ ഒാഫീസ്. സംസ്ഥാനത്ത് ഇത് വരെയുളള പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പങ്കെടുത്ത യോഗം അവലോകനം നടത്തി.

പ്രളയത്തില്‍ വീട് തകര്‍ന്ന സ്വന്തമായി ഭൂമിയുളളവര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ നാലു ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ കലക്ടര്‍മാരെ അധികാരപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ദുരന്തബാധിതര്‍ സഹായം ലഭിക്കുന്നതിന് ജില്ലാ കലക്ടര്‍ക്ക് പ്രത്യേകം അപേക്ഷ നല്‍കേണ്ടതാണ്. അധികം വരുന്ന തുക ഗുണഭോക്താവ് വഹിക്കണം.

നാശം സംഭവിച്ച വീടുകളുടെ അടിസ്ഥാന വിവര ശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ് നടത്തിയിട്ടുണ്ട്. രണ്ട് ഗഡുക്കളായാണ് വീട് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സഹായം അനുവദിക്കുക.പ്രളയക്കെടുതിയില്‍ പൂര്‍ണ്ണമായി തകര്‍ന്നതും 75 ശതമാനത്തിലധികം കേടുപാട് സംഭവിച്ചതുമായ വീടുകള്‍ക്കാണ് ഈ തുക ലഭിക്കുക .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ 1,740 കോടി രൂപ ലഭിച്ചിട്ടുണ്ടെന്ന് അവലോകന യോഗത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. 11,618 അപേക്ഷകള്‍ ബാങ്കുകള്‍ക്ക് സമര്‍പ്പിച്ചു.

7,625 അപേക്ഷകള്‍ പാസായിട്ടുണ്ട്. ഇതിനകം ബാങ്കുകള്‍ 60.81 കോടി രൂപ അനുവദിച്ചു. ഇതിലധികവും വായ്പ നല്‍കിയത് സഹകരണ ബാങ്കുകളാണ്. പുനരധിവാസ- പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ക്രൗഡ് ഫണ്ടിംഗ് പരമാവധി പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്രൗഡ് ഫണ്ടിംഗിനുളള ഇന്‍റര്‍നെറ്റ് പോര്‍ട്ടല്‍ തയ്യാറായിട്ടുണ്ട്. ഈ പോര്‍ട്ടലിലേക്ക് വിവിധ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ അവര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം അടിയന്തിരമായി നല്‍കണമെന്നും യോഗം തീരുമാനിച്ചു.

പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഇപ്പോഴും 66 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1,848 പേരാണ് ക്യാമ്പുകളിലുളളത്. പ്രളയത്തെ തടര്‍ന്ന് 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേര്‍ക്ക് വിതരണം സര്‍ക്കാര്‍ വിതരണം ചെയ്തു.

അവലോകന യോഗത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ പി.എച്ച്. കുര്യന്‍, ടി.കെ. ജോസ്, രാജീവ് സദാനന്ദന്‍, സുബ്രതോ ബിശ്വാസ്, ബിശ്വാസ് മേത്ത മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തില്‍, പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍, സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News