മൃതശരീരത്തിന്റെ ഭാരമനുസരിച്ച് യാത്രാനിരക്ക് നിശ്ചയിക്കുന്നു; വിമാനക്കമ്പനികളുടെ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനും എയര്‍ ഇന്ത്യയ്ക്കും ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

മൃതശരീരത്തിന്റെ ഭാരമനുസരിച്ച് യാത്രാനിരക്ക് നിശ്ചയിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയില്‍ ദില്ലി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനും എയര്‍ ഇന്ത്യയ്ക്കും നോട്ടീസയച്ചു. പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. 2019 ജനുവരി 14ന് കേസ് വീണ്ടും പരിഗണിക്കും.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ നിരക്ക് ക്രമപ്പെടുത്തണം, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പ്രവാസികളുടെ മൃതശരീരങ്ങള്‍ സൗജന്യമായി നാട്ടില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കണം, മൃതശരീരങ്ങള്‍ തൂക്കി നോക്കി വില നിര്‍ണ്ണയിക്കുന്ന രീതി അവസാനിപ്പിക്കണം, മൃതശരീരങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന അന്തസ്സ് കാത്തു സൂക്ഷിക്കണം തുടങ്ങിയ ആവശ്യങ്ങളടങ്ങിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രാജേന്ദ്ര മേനോന്‍, ജസ്റ്റിസ് വി.കെ.റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.

ഇതേ ആവശ്യവുമായി പ്രവാസി ലീഗല്‍ സെല്‍ വിദേശകാര്യ മന്ത്രാലയത്തിന് അടുത്തിടെ സമര്‍പ്പിച്ച നിവേദനത്തിന്മേല്‍ യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വിദേശത്ത് മരണപ്പെടുന്ന ഇന്ത്യാക്കാരുടെ മൃതശരീരത്തിന്റെ ഭാരം തൂക്കിനോക്കിയാണ് നിലവില്‍ വിമാനക്കമ്പനികള്‍ യാത്ര നിരക്ക് നിശ്ചയിക്കുന്നത്.

ഈ നടപടി മൃതശരീരങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന മാന്യതയുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതോടെ സാമ്പത്തികമായി കൂടുതല്‍ ഞെരുക്കത്തിലാവുന്ന സാഹചര്യമാണ് നിലവിലുള്ളത്.

വിമാന കമ്പനികള്‍ തീരുമാനിക്കുന്ന ഭീമമായ യാത്രാ നിരക്ക് താങ്ങാനാവാതെ മൃതദേഹങ്ങള്‍ മറുനാട്ടില്‍ ദഹിപ്പിച്ചതിന് ശേഷം ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുവരുന്ന സാഹചര്യങ്ങളും കുറവല്ല. മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിനായി 48 മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടിലെ ഹെല്‍ത്ത് ഓഫീസര്‍ക്ക് അറിയിപ്പ് നല്‍കണമെന്ന എയര്‍ ഇന്ത്യയുടെ കഴിഞ്ഞ വര്‍ഷത്തെ ഉത്തരവും വിവാദമായിരുന്നു.

ഇതിനെതിരെ പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി സ്റ്റേ അനുവദിച്ചിരുന്നു. പ്രസ്തുത കേസ് അന്തിമവാദത്തിനായി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News