എസ്ഡിപിഐ തീവ്രവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ‘പത്മവ്യൂഹത്തിലെ അഭിമന്യു’വിന്‍റെ സ്വിച്ച് ഓൺ കർമ്മം സൈമണ്‍ ബ്രിട്ടോ നിർവഹിച്ചു

മഹാരാജാസ് കോളേജിൽ SDPI തീവ്രവാദികൾ കൊലപ്പെടുത്തിയ അഭിമന്യുവിന്റെ ജീവിതം സിനിമയാകുന്നു. പത്മവ്യൂഹത്തിലെ അഭിമന്യു എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം സൈമണ്‍ ബ്രിട്ടോ നിർവഹിച്ചു.

പോപ്പുലർ ഫ്രണ്ട്-SDPI മത തീവ്രവാദികൾ കുത്തി കൊലപ്പെടുത്തിയ മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ നിറമുള്ള ഓർമ്മകൾ ഇന്നും ഇവിടെ നിന്നും മാഞ്ഞു പോയിട്ടില്ല.അതി ദാരുണമായി കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുകയാണ് സംവിധായകൻ വിനീഷ് ആരാധ്യ.

റെഡ് മലബാർ കോമ്രേഡ് സെൽ എന്ന പേരിലുള്ള വാട്‌സ്ആപ്പ് കൂട്ടായ്‌മയാണ് അഭിമന്യു എന്ന വിദ്യാർത്ഥി നേതാവിന്റെ പോരാട്ട ജീവിതം ചലച്ചിത്രമാക്കുന്നത്.പത്മവ്യൂഹത്തിലെ അഭിമന്യു എന്ന പേരിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ സ്വിച്ച്‌ ഓൻ കർമ്മം നിരവധി സമര പോരാട്ടങ്ങൾക്ക് വേദിയായ തൃശൂർ കേരള വർമ്മ കോളേജിൽ KSU ഗുണ്ടാ സംഘത്തിന്റെ കുത്തേറ്റ് ജീവിക്കുന്ന സൈമൻ ബ്രിട്ടോ നിർവഹിച്ചു.

അഭിമന്യുവിന്റെ ജീവിതം ഭാവിയിലെ ക്യാമ്പസുകളെ കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണെന്ന് സ്വിച്ച് ഓണ് കർമ്മം നിർവഹിച്ച ശേഷം സൈമൻ ബ്രിട്ടോ പറഞ്ഞു.

ചിത്രത്തിൽ അഭിമന്യുവായി വയനാട് സ്വദേശി ആകാശ് വേഷമിടും.അഭിമന്യുവിന്റെ അച്ഛനായി ഇന്ദ്രൻസും അമ്മയായി ഷൈലജയും അധ്യാപികയായി സജിത മഠത്തിലും സിനിമയിൽ എത്തും.

സംവിധായകൻ വിനീഷ് ആരാധ്യ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ജീവിത സമരത്തിൽ അകാലത്തിൽ പൊലിഞ്ഞു പോയെങ്കിലും അഭിമന്യു എന്ന വിപ്ലവ നക്ഷത്രം സിനിമകളായും കവിതകളായും ചിത്രങ്ങളായും വർഗീയതയ്ക്ക് എതിരായ സന്ധി ഇല്ലാത്ത പോരാട്ടങ്ങളിൽ പുനർജനിക്കുക തന്നെ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here