ശബരിമല സ്ത്രീ പ്രവേശന വിധി; പുനപരിശോധന ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി

ശബരിമല സ്ത്രീ പ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ സാധിക്കുകയില്ലെന്ന് സുപ്രീംകോടതി. അയപ്പ ഭക്തരുടെ ദേശീയ അസോസിയേഷന്‍ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജിയാണ് അടിയന്തര സ്വഭാവത്തോടെ പരിഗണിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വ്യക്തമാക്കിയത്.

തുലാമാസ പൂജകള്‍ക്കായി ഈ മാസം നട തുറക്കാന്‍ പോകുന്നതിനാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് തള്ളിയത്. ഹര്‍ജി അടിയന്തര സ്വഭാവത്തോടെ പരിഗണിക്കണമെന്നും ലക്ഷക്കണക്കിന് ആളുകളാണ് ഈ വിധിക്കെതിരെ തെരുവില്‍ ഇറങ്ങുന്നതെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

എന്നാല്‍ കൂടുതല്‍ വിഷയങ്ങള്‍ കേള്‍ക്കാന്‍ മടിച്ച കോടതി മറ്റു പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം ക്രമമനുസരിച്ച് മാത്രമേ പരിഗണിക്കു എന്ന് വ്യക്തമാക്കുകയും ചെയ്തു. തേര്‍ഡ് പാര്‍ട്ടി റിവ്യു പെറ്റിഷന്‍ ഫയല്‍ ചെയ്ത ശൈലജ വിജയന്റെ അഭിഭാഷകന്‍ മാത്യു നെടുമ്പാറയുടെ ആവശ്യമാണ് സുപ്രീംകോടതി തള്ളിയത്.

എന്നാല്‍ 12ാം തിയ്യതി കോടതിക്ക് പൂജ അവധി തുടങ്ങുന്നതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് വൈകുമെന്നും ശബരിമലയില്‍ ചടങ്ങുകള്‍ തുടങ്ങുന്ന സമയം അടുത്തതിനാല്‍ ഹര്‍ജിയുടെ അടിയന്തര പ്രാധാന്യം കണക്കാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു. ഹര്‍ജി പരിഗണിക്കരുതെന്ന് ശബരിമല ആചാര സംരക്ഷണ ഫോറം കോടതിയോട് ആവശ്യപ്പെട്ടു.

കേസില്‍ കക്ഷിയല്ലാത്ത സംഘടനയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ വേഗത്തില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും ശബരിമല ആചാര സംരക്ഷണ ഫോറം കോടതിയില്‍ ചൂണ്ടികാട്ടി.വിധി പറഞ്ഞ് 30 ദിവസം പുനപരിശോധന ഹര്‍ജി നല്‍കാന്‍ സമയമുണ്ട്. കൂടുതല്‍ പുനപരിശോധന ഹര്‍ജികള്‍ വരും ദിവസങ്ങളില്‍ ഫയല്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News