പുനർവിവാഹത്തിന് പത്രത്തിൽ പരസ്യം; പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചു  പണവും സ്വർണവുമായി മുങ്ങും; കൊച്ചിയില്‍ വിവാഹ തട്ടിപ്പ് വീരൻ പിടിയിൽ

പുനർവിവാഹത്തിന് പത്രത്തിൽ പരസ്യം നൽകി വിവാഹാലോചന വരുന്ന പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ചു അവരുടെ പണവും സ്വർണവുമായി മുങ്ങുന്ന വീരനെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

38കാരനായ പയ്യന്നൂർ സ്വദേശി ബിജു ആന്‍റണിയാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിനി ആയ യുവതിയുമായി ഇത്തരത്തിൽ അടുപ്പത്തിലായ ഇയാൾ കഴിഞ്ഞ മാസം വടുതലയിൽ വാടകക്ക് വീടെടുത്തു താമസം തുടങ്ങി. ഒരാഴ്ചക്കകം യുവതിയുടെ പണവും സ്വർണവുമായി ഇയാള്‍ കടന്നു കളഞ്ഞു.യുവതിയുടെ പരാതിയില്‍ നോർത്ത് പോലീസ് കേസെടുത്തു അന്വഷണം നടത്തിവരുന്നതിനിടെയാണ് ഇയാള്‍ വലയിലായത്.

ഒരു തവണ അടുപ്പത്തിൽ ആയ യുവതികളുടെ പേരിൽ എടുത്ത സിം കാർഡ് ആണ് ഇയാൾ പിന്നീട് പരസ്യം നൽകാനും അടുത്ത ഇരയെ വിളിക്കാനും ഉപയോഗിച്ചിരുന്നത്. അതിനാൽ സൈബർ സെല്ലിന്‍റെ സഹായത്തോടെ നിരവധി അന്വഷണങ്ങൾ നടത്തിയെങ്കിലും ഇയാളെ കുറിച്ച് വിവരം ഒന്നും കിട്ടിയില്ല.

വായനാടിലും ഗുണ്ടല്പേട്ടിലും മാറി മാറി താമസിച്ചിരുന്ന പ്രതിക്കായി പലസ്ഥലങ്ങളിലും അന്വഷണം നടത്തി വരവേ കൽപ്പറ്റ പോലീസിന്റെ സഹായത്തോടെ ഇന്നലെ പുലർച്ചെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുമായി മടങ്ങി സ്റ്റേഷനിലേക്ക് വരുമ്പോഴും കഴിഞ്ഞ ദിവസം ഇയാൾ നൽകിയ വിവാഹ പരസ്യം കണ്ടു നിരവധി യുവതികൾ വിളിക്കുന്നുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പരാതിക്കാരിയായ യുവതിയോടൊപ്പം എറണാകുളത്തു താമസിക്കുമ്പോൾ തന്നെ ഇയാൾ കോട്ടയം സ്വദേശിനിയും അംഗപരിമിതയുമായ യുവതിയുമായി വിവാഹം ഉറപ്പിച്ചശേഷം 45000 രൂപ കൈക്കലാക്കിയിരുന്നു. കൂടാതെ വൈക്കം സ്വദേശിനിയുമായി അടുപ്പം സ്ഥാപിച്ചു വരികയുമായിരുന്നു.

ഇത്തരത്തിൽ 2008 മുതൽ തട്ടിപ്പ് നടത്തിയതിനു കാസറഗോഡ് കുമ്പള, കണ്ണൂർ ചൊക്ലി, കോഴിക്കോട് നടക്കാവ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.മലപ്പുറം സ്വദേശിനിയോട് റഫീഖ് എന്നും, വൈക്കം സ്വദേശിനിയോട് ജീവൻ എന്നും മറ്റുള്ളവരോട് ബിജു എന്നുമാണ് ഇയാൾ പേര് പറഞ്ഞിരുന്നത്.

ഫേസ്ബുക് ൽ നിന്നും ഇയാളുമായി സാമ്യമുള്ളവരുടെ ഫോട്ടോ എടുത്തശേഷം അതാണ്‌ ഇയാൾ വാട്സ്ആപ്പ് DP ആയി ഉപയോഗിച്ചിരുന്നത്.ഇത്തരത്തിൽ അമ്പതോളം യുവതികളെ ഇയാൾ കെണിയിൽ പെടുത്തിയിട്ടുണ്ട്. 25 വയസ്സുമുതൽ 60 വയസ്സുവരെയുള്ളവർ ഇതിൽ പെടും.

അറസ്റ്റ് ചെയ്യുന്നതിന് തലേദിവസവും ഇയാൾ പത്രത്തിൽ വിവാഹ പരസ്യം നൽകിയിരുന്നു. കിട്ടുന്ന പണം മുഴുവൻ ആഡംബര ജീവിതം നയിക്കുന്നതിനാണ് ഉപയോഗിച്ചിരുന്നത്. അസിസ്റ്റന്‍റ് കമ്മീഷണർ കെ ലാൽജിയുടെ നിർദ്ദേശപ്രകാരം നോർത്ത് SI വിബിൻദാസിന്‍റെ നേതൃത്വത്തിലാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News