അറബിക്കടലിൽ രൂപം കൊണ്ട ലുബാന്‍ ചുഴലികൊടുങ്കാറ്റ് ശക്തിയാര്‍ജ്ജിക്കുന്നു. നാളെ രാവിലെ ആകുമ്പോഴേക്കും കാറ്റഗറി ഒന്നില്‍ പെട്ട അതി തീവ്ര ചുഴലികൊടുങ്കാറ്റ് ആയി ലുബാന്‍ മാറുമെന്നു ഒമാൻ പബ്ലിക്‌ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ മുന്നറിയിപ്പ് നല്‍കി.

സലാല നഗരത്തിനു ഏതാണ്ട് 830 കിലോമീറ്റര്‍ അകലെ വരെ ഇപ്പോള്‍ ചുഴലികൊടുങ്കാറ്റ് എത്തിയിട്ടുണ്ട്. വടക്ക് പടിഞ്ഞാറൻ ദിശയിൽ ദോഫാര്‍ ഗവര്‍ണറേറ്റ് തീരത്തെക്കും യമൻ തീരത്തേക്കാണ് ന്യൂന മർദത്തിന്‍റെ സഞ്ചാരം.

നാളെ രാവിലെ ദോഫാര്‍, അല്‍ വുസ്ത, മേഖലകളില്‍ ചുഴലികൊടുങ്കാറ്റിന്‍റെ ആഘാതമുണ്ടാകുമെന്നും നാല് മുതല്‍ ആറു മീറ്റര്‍ ഉയരത്തില്‍ വരെ തിലമാലകള്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വെള്ളിയാഴ്ച ദോഫാര്‍, അല്‍ വുസ്ത, ഗവര്‍ണറേറ്റുകളില്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ചുഴലികൊടുങ്കാറ്റിന്‍റെ ആഘാതം നേരിടാന്‍ എല്ലാ വിധ മുന്‍ കരുതലുകളും എടുത്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.