ശബരിമല അനുകൂല വിധി നേടിയെടുക്കാന്‍ നേരിട്ട് ഇടപെട്ടത് ആര്‍എസ്എസ്; കേസില്‍ പന്ത്രണ്ട് വര്‍ഷവും അഭിഭാഷകയായത് ആര്‍എസ്എസ് വനിതാ വിഭാഗം രാഷ്ട്ര സേവികാ സമിതിയുടെ സജീവ പ്രവര്‍ത്തക

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ അനുകൂല വിധി നേടിയെടുക്കാന്‍ ആര്‍എസ്എസും നേരിട്ട് ഇടപെട്ടു. ആര്‍എസ്എസിന്‍റെ വനിതാ വിഭാഗമായ രാഷ്ട്ര സേവികാ സമിതിയുടെ സജീവ പ്രവര്‍ത്തകയായിരുന്നു കേസില്‍ വാദിഭാഗമായിരുന്ന അഭിഭാഷക പ്രേരണ കുമാരി.

യങ്ങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ കേസില്‍ വാദി ഭാഗം ചേര്‍ന്ന് ഹര്‍ജി നല്‍കിയ മൂന്ന് അഭിഭാഷകരും സംഘപരിവാര്‍ കുടുംബാഗങ്ങള്‍.

അതേസമയം സ്ത്രീപ്രവേശനമാവശ്യപ്പെട്ട് യങ് ലോയേഴ്‌സ് അസേസിയേഷന് വേണ്ടി ഹര്‍ജി നല്‍കിയ ഭക്തി പസ്രിജ സേതി കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പീപ്പിള്‍ ടിവിയോട് പറഞ്ഞു.

കേരളത്തില്‍ ശബരിമല വിധി ചൂണ്ടികാണിച്ച് സമരം ചെയ്യുന്ന സംഘപരിവാര്‍ നേതൃത്വത്തിന്റെ മറ്റൊരു മുഖമാണ് ദില്ലിയില്‍ കാണുന്നത്.

സ്ത്രീ പ്രവേശനമാവശ്യപ്പെട്ട് പന്ത്രണ്ട് വര്‍ഷമായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത് ആര്‍.എസ്.എസിന്റെ വനിത വിഭാഗമായ രാഷ്ട്ര സേവിക സമിതിയാണ്.

അഞ്ച് വനിതകളാണ് 2006ല്‍ കേസ് നല്‍കിയത്. ഹര്‍ജി നല്‍കിയ യങ്ങ് ലോയേഴ്‌സ് അസോസിയേഷനില്‍ അംഗത്വമുള്ളതാകട്ടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഭക്തി പസ്രിജ സേതിയ്ക്കു മാത്രമാണ്.

ബാക്കിയുള്ള നാലു വനിതാ അഭിഭാഷകരും യോഗം ചേര്‍ന്ന് തീരുമാനിച്ചാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് എന്നത് വാസ്തവം.

ഇതിലാണ് സംഘപരിവാര്‍ സംഘടനയുടെ രാഷ്ട്രീയം കളികള്‍ വ്യക്തമാക്കുന്നത്. ഹര്‍ജി നല്‍കിയതില്‍ പ്രധാനിയായ പ്രേരണാകുമാരി ബിജെപി നേതാവും അമിത്ഷായുടെ അടുപ്പക്കാരനുമായ സിദ്ധാര്‍ത്ഥ് ശംബുവിന്റെ ഭാര്യ.

അഭിഭാഷകരായ സുധാപാലും ലക്ഷ്മി ശാസ്ത്രിയും മോദിയേയും അമിത്ഷായേയും പിന്തുണയ്ക്കുന്നവരും.
ഫേസ്ബുക്ക് തുറന്നാല്‍ ഇവരുടെ രാഷ്ട്രീയം കൃത്യമായി മനസ്സിലാകും.

രാഷ്ട്ര സേവികാ സമിതി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ വിത്യസ്ത പരിപാടിയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ അവര്‍ തന്നെ ഫേസ്ബുക്കില്‍ അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്.

ഇരയ്‌ക്കൊപ്പവും വേട്ടക്കാരനോടൊപ്പവും ഉള്ള ബിജെപിയുടെ സഹവാസം ഈ വിഷയത്തിലൂടെ വീണ്ടും പുറത്തു വന്നിരിക്കുകയാണ്.

എന്നാല്‍ യങ് ലോയേഴ്‌സ് അസേസിയേഷന്‍ ഭാരവാഹിയായിരുന്ന ഭക്തി പസ്രിജ സേതി സുപ്രീംകോടതി വിധി ചരിത്രപരവും സ്ത്രീകളുടെ അന്തസ് കാത്തുസൂക്ഷിക്കുന്ന തരത്തിലുമാണെന്ന കാഴ്ചപ്പാടില്‍ തന്നെയാണ്.

12 വര്‍ഷം വാദം നടന്നിട്ടും ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്ന അവസാന എട്ട് ദിവസത്തിനിടെ ഹര്‍ജിയ്‌ക്കെതിരെ പ്രേരണാ കുമാരിയും, സുധാപാലും, ലക്ഷ്മി ശാസ്ത്രിയും ചില മാധ്യമങ്ങള്‍ക്കു മുന്നിലൂടെ രംഗത്തു വന്നത് വീണ്ടും സംശയമുള്ളവാക്കുന്നു.

വിധി വരാന്‍ ദിവസങ്ങള്‍ ബാക്കുയുള്ളപ്പോഴുള്ള ചാഞ്ചാട്ടവും വിധി വന്നപ്പോള്‍ അതിനെതിരെയുള്ള പ്രതികരണവും എന്ത് ഉദ്ദേശം വെച്ചുള്ളതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here