കേരളാ ബാങ്ക് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി സഹകരണ വായ്പാ സംഘങ്ങളെ ത്രിതലത്തില്‍ നിന്നും ദ്വിതലത്തിലേക്ക് മാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചു. റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ മാറ്റം വരുത്തുക. ക്രൈംബ്രാഞ്ചിനെ പുനഃസംഘടിപ്പിക്കും. തോട്ടം മേഖലയില്‍ കാര്‍ഷികാദായ നികുതി പൂർണമായും ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു.
കേരള സഹകരണ ബാങ്ക് രൂപീകരിക്കുന്നതിന് സംസ്ഥാന സഹകരണ ബാങ്കിനെയും പതിനാല് ജില്ലാ സഹകരണ ബാങ്കുകളെയും ലയിപ്പിച്ച് ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ ത്രിതലത്തില്‍ നിന്നും ദ്വിതലത്തിലേക്ക് മാറ്റും. കേരള ബാങ്ക് രൂപികരണത്തിനായി റിസര്‍വ് ബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകള്‍ക്ക് വിധേയമായാണ് ഈ മാറ്റം വരുത്തുക.
ക്രൈംബ്രാഞ്ച് പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ വിഭജിച്ചിരുന്ന ക്രൈംബ്രാഞ്ചിനെ റവന്യൂ ജില്ലാ അടിസ്ഥാനത്തില്‍ എസ്.പി.മാര്‍ക്ക് ചുമതല നല്‍കി പുനഃസംഘടിപ്പിക്കാന്‍ തീരുമാനം. ക്രൈംബ്രാഞ്ച് സി.ഐ.ഡി എന്ന പേരിലുളള വിഭാഗം ഇനി ക്രൈംബ്രാഞ്ച് എന്നാണ് അറിയപ്പെടുക.
2018-ലെ കേന്ദ്ര ചരക്കു സേവന നികുതി (ഭേദഗതി) നിയമത്തിനനുസൃതമായി തയ്യാറാക്കിയ കേരള സംസ്ഥാന ചരക്ക് സേവന നികുതി (ഭേദഗതി) ബില്ലിന്‍റെ കരടും മന്ത്രിസഭ അംഗീകരിച്ചു. ബില്‍ ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.
തോട്ടം ഉടമകളില്‍ നിന്ന് കാര്‍ഷികാദായ നികുതി ഈടാക്കേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്ത് കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ച് വര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്. മലയോര ഹൈവേയുടെ കോഴിക്കോട് ജില്ലയിലെ പുതുക്കിയ അലൈന്‍മെന്‍റ് അംഗീകരിച്ചു.
Get real time update about this post categories directly on your device, subscribe now.