റഫേല്‍ റിലയന്‍സിന് വേണ്ടിയുള്ളത് തന്നെ; റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥയെന്ന് രേഖകള്‍

റിലയന്‍സിനെ പങ്കാളിയാക്കണമെന്ന് റാഫേല്‍ കരാറില്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടെന്ന് രേഖകള്‍. ഇത് പ്രകാരമാണ് റാഫേല്‍ യുദ്ധവിമാന നിര്‍മ്മാതാക്കളായ ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ട് ഏവിയേഷന്‍ ഇന്ത്യന്‍ പങ്കാളിയായി അനില്‍ അബാനിയുട റിലയന്‍സ് ഏവിയേഷനെ തിരഞ്ഞെടുത്തത്.

ഫ്രഞ്ച് മാധ്യമ സ്ഥാപനമായ മീഡിയ പാര്‍ട്ടാണ് രേഖകള്‍ പുറത്ത് കൊണ്ട് വന്നത്. ദസാള്‍ട്ട് സ്വന്തം നിലക്കാണ് റിലയന്‍സ് ഏവിയേഷനെ തിരഞ്ഞെടുത്തത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വാദം.

അനില്‍ അബാനിയെ പങ്കാളിയാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നുവെന്ന ഫ്രഞ്ച് മുന്‍ പ്രസിഡണ്ടിന്‍റെ വെളിപ്പെടുത്തല്‍ പുറത്ത് കൊണ്ട് വന്ന ഫ്രഞ്ച് മാധ്യമസ്ഥാപനമായ മീഡിയ പാര്‍ടാണ് റാഫേല്‍ കരാറിന്‍റെ രേഖകളും കണ്ടെത്തിയിരിക്കുന്നത്.

അനില്‍ അബാനിയെ റാഫേല്‍ യുദ്ധവിമാന നിര്‍മാണത്തില്‍ പങ്കാളിയാക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇല്ലെങ്കില്‍ കരാറില്‍ ഒപ്പിടാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല.

കരാറില്‍ നിര്‍ബന്ധ വ്യവസ്ഥ ഉള്‍പ്പെടുത്തിയതോടെ റിലയന്‍സിനെ പങ്കാളിയാക്കാതെ മറ്റ് പോംവഴികള്‍ ഫ്രഞ്ച് കമ്പനിയായ ദസാള്‍ട്ടിന് മുമ്പില്ലാതെ പോയി.

ദസാല്‍ട്ടും റിലയന്‍സും തമ്മിലുള്ള സംയുക്ത സംരംഭമായ ദസാള്‍ട്ട് റിലയന്‍സ് എയറോസ്‌പെയ്‌സിന്റെ ഉന്നത തല യോഗത്തില്‍ ദസാള്‍ട്ട് സി.ഇ.ഒ ഇക്കാര്യം ഉദ്യോഗ്‌സഥരെ ധരിപ്പിച്ചിരുന്നുവെന്ന് മീഡിയ പാര്‍ട് പറയുന്നു.

ദസാള്‍ട്ട് ഡപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ലോയ്ക് സെഗാലന്‍ 2017 മെയ് 11ന് നാഗ്പൂരില്‍ വിളിച്ച് ചേര്‍ത്ത ഉദ്യോഗസ്ഥ യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.

റാഫേല്‍ കരാര്‍ കിട്ടാന്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിവുകയായിരുന്നുവെന്നാണ് അദേഹം ഉദ്യോഗസ്ഥരോട് പറഞ്ഞത്.

ഫ്രഞ്ച് കമ്പനി സ്വന്തം താല്‍പര്യപ്രകാരമാണ് ഇന്ത്യന്‍ പങ്കാളിയായി റിലയന്‍സിനെ തിരഞ്ഞെടുത്തത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

എന്നാല്‍ റാഫേല്‍ കരാര്‍ പുറത്ത് വിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായതുമില്ല. ഫ്രഞ്ച് മാധ്യമ സ്ഥാപനത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ കരാറിനെക്കുറിച്ച് മോദി സര്‍ക്കാര്‍ പറഞ്ഞത് നുണയായിരുന്നുവെന്ന് തെളിയുന്നു.

മോദി സര്‍ക്കാര്‍ നിര്‍ബന്ധിച്ചിട്ടാണ് റിലയന്‍സിനെ കരാറിന്‍റെ ഭാഗമാക്കിയതെന്ന് നേരത്തെ ഫ്രഞ്ച് മുന്‍ പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു.ഇത് ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന പുതിയ തെളിവുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here