ശബരിമലയിൽ സ്ത്രീകൾക്കും സന്ദർശിക്കാൻ സജ്ജീകരണങ്ങൾ ഉണ്ടാകണമെന്ന് പന്തളം രാജാവ്;പി രാമവർമ്മ രാജ തമ്പുരാന്റെ പ്രസ്താവന മുംബൈ പ്രസിദ്ധീകരണത്തിൽ നല്‍കിയ അഭിമുഖത്തില്‍

ശബരിമലയിൽ സ്ത്രീകൾക്കും സന്ദർശിക്കാൻ സജ്ജീകരണങ്ങൾ ഉണ്ടാകണമെന്ന് പന്തളം രാജാവ്. മുംബൈ പ്രസിദ്ധീകരണത്തിൽ 2009 ൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലായിരുന്നു പി രാമവർമ്മ രാജ തമ്പുരാന്റെ പ്രസ്താവന.

പന്തളത്തു തമ്പുരാട്ടി രജസ്വലയായിരിക്കെ എതിർപ്പിനെ വക വയ്ക്കാതെ തിരുവാഭരണത്തെ അനുഗമിച്ചുവെന്നും ശാപം കൊണ്ട് ശിലയായെന്നുമാണ് ഐതിഹ്യമത്രെ. എന്നാൽ എല്ലാ കീഴ്‌വഴക്കങ്ങളും കാലാനുസൃതമായി മാറണമെന്നും സഹോദരി സ്ഥാനത്ത് മാളികപ്പുറത്തിനെ പ്രതിഷ്ഠിച്ച മണികണ്ഠന് സ്ത്രീ സാമിപ്യം ദേവീസാന്നിധ്യം തന്നെയാണെന്നും രാമവർമ്മ തമ്പുരാൻ പറഞ്ഞതായാണ് അഭിമുഖത്തിൽ അച്ചടിച്ച് വന്നിരിക്കുന്നത്.

2009 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഇന്റർവ്യൂ അന്ന് പന്തളം രാജാവിന്റെ പുരോഗമന ചിന്താഗതിയായാണ് കണ്ടതെങ്കിലും ഇന്നത്തെ അവസ്ഥയിൽ അങ്ങിനെയാകണമെന്നില്ലയെന്നാണ് അഭിമുഖം നടത്തിയ മുംബൈയിലെ അറിയപ്പെടുന്ന എഴുത്തുകാരൻ സുരേഷ് വർമ്മ ആശങ്കപ്പെടുന്നത്. ഇന്ന് ഈ വിഷയത്തിൽ നടക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് വർമ്മ.

ശബരിമലയിൽ സ്ത്രീകൾക്കും സന്ദർശിക്കുവാൻ വേണ്ട സജ്ജീകരണങ്ങൾ ഉണ്ടാകണമെന്നാണ് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉത്തരമായി രാമവർമ്മ രാജ തമ്പുരാൻ പറഞ്ഞിട്ടുള്ളത്.

കൂടാതെ സ്ത്രീകൾ ഭക്തന്മാരുടെ നിഷ്ഠകളെ ഭംഗിക്കുമെന്ന് പറയുകയാണെങ്കിൽ തീർഥാടനത്തിനെത്തുന്ന കോടിക്കണക്കിന് ഭക്തന്മാരെ അനാദരിക്കുന്നതിന് തുല്യമാണെന്നും അഭിമുഖത്തിൽ രാമവർമ്മ തമ്പുരാൻ വ്യക്തമാക്കുന്നുണ്ട്

മൂന്ന് പതിറ്റാണ്ടു കാലം മുംബൈയിൽ റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന രാമവർമ്മ താനൊരു കമ്മ്യൂണിസ്റ്കാരനാണെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News