വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കലാപനീക്കമാണെന്ന് എ വിജയരാഘവന്‍; സ്ത്രീപ്രവേശനം സംബന്ധിച്ച് വിശദീകരിക്കാന്‍ എല്‍ഡിഎഫ് പൊതുജനകൂട്ടായ്മകള്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് വിശദീകരിക്കാന്‍ 16 മുതല്‍ എല്‍ഡിഎഫ് പൊതുജനകൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം വിശദീകരണയോഗങ്ങളില്‍ പങ്കെടുക്കും. വിശ്വാസത്തിന്റെ പേരില്‍ നാട്ടില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കലാപനീക്കമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിച്ച സുപ്രീകോടതി വിധി എല്‍ഡിഎഫ് യോഗം ചര്‍ച്ചചെയ്തു. വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. കേരളത്തില്‍ ഇടതുപക്ഷ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്.

ആര്‍എസ്എസ്, ബിജെപി, യുഡിഎഫ് എന്നിവരെല്ലാം അതിന് പിന്നിലുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ആളുകളെ തെരുവിലിറക്കി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക, മന്ത്രിമാരെ തടയുക എന്നീ നിലയിലേക്ക് സമരം വഴിമാറ്റിയിട്ടുണ്ട്. ഭരണഘടനയെ ഉയര്‍ത്തിപിടിക്കേണ്ടതിന് പകരം ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തുകയാണെന്നും വിജയരാഘവന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ മാതൃകാപരമായ ഭരണം പിന്തുടരുന്നതിനിടക്ക് ഇത്തരം കലാപശ്രമം സംസ്ഥാനത്തിന്റെ വികസന കാഴ്ച്ചപ്പാടുകളെ അട്ടിമറിക്കുന്നതാണ്.

സംസ്ഥാന സര്‍ക്കാരിന്റെ വിശ്വാസത, സാമൂഹിക അംഗീകാരം ഇതെല്ലാം കണ്ട് യുഡിഎഫ് ക്ഷീണിച്ചുപോയി. സര്‍ക്കാരിനെ മോശമാക്കാന്‍ ബിജെപി നയിക്കുന്ന ജാഥയില്‍ പോകാനും കോണ്‍ഗ്രസുകാര്‍ തയ്യാറായി.

ബിജെപിയുടെ ജാഥയില്‍ കൊടിപിടിക്കേണ്ട, കൂടെ പോയ്‌ക്കോളു എന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് അണികള്‍ക്ക് നല്‍കുന്നത്. കോണ്‍ഗ്രസിന്റെ ഈ നീക്കം ഇന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ അതെത്രമാത്രം അപകടകരമാണ്.

മുഖ്യമന്ത്രിതന്നെ ഈ വിധിയുടെ പശ്ചാത്തലം വിശദീകരിച്ച് വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കിയിരുന്നു. അതിന് ശേഷവും അക്രമം കെട്ടഴിച്ചുവിടുന്ന നിലയിലേക്കാണ് സമരത്തിന്റെ പോക്ക്. അത് വളരെ അപകടകരമാണ്.

ഈ സാഹചര്യത്തിലാണ് സ്ത്രീ പ്രവേശം സംബന്ധിച്ച് വിശദീകരിക്കാന്‍ വിപുലമായ പൊതുജന കൂട്ടായ്മ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്.

എല്‍ഡിഎഫ് നിലപാട് വിശദീകരിക്കാന്‍ 16ന് തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജനകൂട്ടായ്മ സംഘടിപ്പിക്കും. തുടര്‍ന്ന് 23ന് പത്തനംതിട്ടയിലും 24ന് കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങള്‍ സംഘടിപ്പിക്കും.

തുടര്‍ന്ന് 30നകം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ പൊതു കൂട്ടായ്മകള്‍ സംഘടിപ്പിക്കും. പഞ്ചായത്ത് തലത്തിലടക്കം എല്‍ഡിഎഫ് യോഗങ്ങള്‍ കുടുംബയോഗങ്ങളും വിളിച്ചുചേര്‍ത്ത് ശരിയായ നിലപാട് വിശദീകരിക്കും വിജയരാഘവന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News