ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍നിന്നുള്ള പണവും സര്‍ക്കാര്‍ എടുക്കുന്നില്ല; കഴിഞ്ഞവര്‍ഷം ക്ഷേത്രങ്ങള്‍ക്കായി നല്‍കിയത് 70 കോടി രൂപ

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം 70 കോടി രൂപയാണ് സംസ്ഥാന ഖജനാവില്‍നിന്ന് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്കു പുറമെ ശബരിമല തീര്‍ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം മാത്രം നല്‍കിയത്.

റോഡ് നിര്‍മാണം, ഗതാഗതസൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്. ശബരിമല ഇടത്താവള സമുച്ചയ നിര്‍മാണത്തിനായി ഈവര്‍ഷം 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

നടപ്പുവര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.

പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിനു പുറമെയാണ്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം ഒരു കോടി രൂപ നല്‍കി.

മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നല്‍കിയത്. ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് ഒരു കോടി രൂപയും വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് അഞ്ചു ലക്ഷം രൂപയും ചെലവഴിച്ചു.

ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ല. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും ഇതെല്ലാം നന്നായി അറിയാമെങ്കിലും വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണപ്രചാരണമാണ് അവര്‍ തുടരുന്നതെന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News