ഉന്നത ഉദ്യോഗസ്ഥയെന്ന് വിശ്വസിപ്പിച്ചു; കസ്റ്റംസില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതി ലക്ഷങ്ങള്‍ തട്ടി

മലപ്പുറം: വിമാനത്താവളത്തിലെ കസ്റ്റംസില്‍ ജോലി വാങ്ങിത്തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതി ലക്ഷങ്ങള്‍ തട്ടിയതായി പരാതി. കാളികാവ് സ്വദേശിനിയാണ് ഉന്നത ഉദ്യോഗസ്ഥയാണെന്ന് ഉദ്യോഗാര്‍ത്ഥികളെ ധരിപ്പിച്ച് പണം കവര്‍ന്നത്. ഒന്നരവര്‍ഷമായിത്തുടരുന്ന തട്ടിപ്പിലൂടെ പലരില്‍നിന്നായി നിരവധി ലക്ഷങ്ങള്‍ തട്ടിയിരിക്കാമെന്നാണ് പോലിസ് കരുതുന്നത്.

ഇന്ത്യന്‍ റവന്യൂ സര്‍വീസ് പരീക്ഷ വിജയിച്ചതായി നാട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ പൗരസ്വീകരണവും ഉപഹാരവും നല്‍കിയിരുന്നു. കരിപ്പൂര്‍ വിമാനത്തിലെ കസ്റ്റംസ് വിഭാഗം മേധാവിയാണെന്നാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.

കസ്റ്റംസ് വിഭാഗത്തില്‍ ജോലി ശരിയാക്കിക്കൊടുക്കുന്നതിനായി 50,000 രൂപ മുതല്‍ 12 ലക്ഷം വരെ പലരില്‍നിന്നായി വാങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ ഫീസായി 200 രൂപയും സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യതാരേഖകളും വാങ്ങിച്ചു. വിദ്യാഭ്യായ യോഗ്യതക്കനുസരിച്ചുള്ള ജോലി നല്‍കാമെന്നുപറഞ്ഞിരുന്നതിനാല്‍ എസ് എസ് എല്‍ സി വരെയുള്ളവരും ചതിയില്‍പ്പെട്ടു.
പണം വാങ്ങിച്ചവര്‍ക്കായി പലയിടത്തും ഇന്റര്‍വ്യൂ സംഘടിപ്പിച്ചിരുന്നു.

വണ്ടൂരില്‍ നടത്തിയ അഭിമുഖത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ തിരക്ക് നിയന്ത്രിക്കാന്‍ പോലിസ് ഇടപെട്ടിരുന്നു. എറണാകുളം ഉള്‍പ്പെടെയുള്ള തെക്കന്‍ ജില്ലകളിലുള്ളവര്‍ക്ക് വണ്ടൂരിലും വണ്ടൂരിലുള്ളവര്‍ക്ക് എറണാകുളത്തുമാണ് അഭിമുഖം സംഘടിപ്പിച്ചത്. ലോകകപ്പ് ഫുട്‌ബോളിന് യുവതിയുടെ സഹായത്തോടെ അഞ്ചച്ചവിടിയിലെ ആരാധകര്‍ ഫഌക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആശംസകള്‍ ഫഌക്‌സില്‍ അച്ചടിപ്പിച്ചിരുന്നു. അഭിമുഖം കഴിഞ്ഞ് ഒന്നരവര്‍ഷമായിട്ടും ജോലി ലഭിക്കാതായതോടെയാണ് നാട്ടുകാര്‍ അന്വേഷിച്ചത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News