രണ്ടാം വിമോചനസമര മോഹവുമായി ആർഎസ്എസ്‐ബിജെപി നേതൃത്വം; സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും യുഡിഎഫും കൂട്ട്; ശബരിമല സമരം മുൻനിർത്തി കോടിയേരി ബാലകൃഷ്ണന്റെ വിശകലനം

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് കേളികൊട്ടുയരുന്ന വേളയിലാണ് എൽഡിഎഫ് സർക്കാരിനെതിരെ രണ്ടാം വിമോചനസമര മോഹവുമായി ആർഎസ്എസ് ‐ ബിജെപി നേതൃത്വം രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വവും യുഡിഎഫും കൂട്ടുനിൽക്കുകയാണ്.

സിപിഐ എമ്മിന്റെ കേന്ദ്രകമ്മിറ്റിയോഗം ഇതേ സമയത്ത് ഡൽഹിയിൽ ചേർന്ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യകടമകൾ പ്രഖ്യാപിച്ചു. ബിജെപി മുന്നണിയെ തോൽപ്പിക്കുകയെന്നതാണ് മുഖ്യകടമ. സിപിഐ എമ്മിന്റെയും മറ്റ് ഇടതുപക്ഷ പാർടികളുടെയും ലോക്സഭയിലെ അംഗബലം വർധിപ്പിക്കുകയാണ് അടുത്ത കടമ.

കേന്ദ്രത്തിൽ മതനിരപേക്ഷ ബദൽ സർക്കാർ രൂപപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. ഈ മൂന്ന് കടമകളിൽ ഉറച്ചുനിൽക്കുന്ന സിപിഐ എമ്മിന്റെ തെരഞ്ഞെടുപ്പുനയം കേരള ജനതയിൽ വലിയതോതിൽ അനുകൂല പ്രതികരണം ഉണ്ടാക്കുമെന്ന് ഉറപ്പ്.

സാഹചര്യത്തെ അട്ടിമറിക്കാൻ ഉദ്ദേശിച്ചാണ് ശബരിമലയുടെപേരിൽ വിശ്വാസികളെ സമരത്തിനിറക്കി കേരളത്തെ കുരുതിക്കളമാക്കാൻ ആർഎസ്എസ് ‐ ബിജെപി നേതൃത്വം ശ്രമിക്കുന്നത‌്.

ബിജെപിയുടെ രാഷ്ട്രീയതന്ത്രം
ഇത് ബിജെപി അധ്യക്ഷൻ അമിത് ഷായും കൂട്ടരും ഉൾപ്പെട്ട ഉന്നതതല രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. അതുകൊണ്ടാണ് സുപ്രീംകോടതിവിധിയെ അനുകൂലിച്ച ആർഎസ്എസ് ദേശീയനേതൃത്വത്തെ പോലും നിശ്ശബ്ദമാക്കി ‘അയ്യപ്പ സേവാസമരം’ സംഘപരിവാർ ഇവിടെ നടത്തുന്നത്. ലോക്സഭാ തെരഞ്ഞടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്ത ബിജെപിക്ക് അയ്യപ്പന്റെപേരിൽ വികാരം ഇളക്കി അക്കൗണ്ട് തുറക്കാനാകുമോയെന്ന പരീക്ഷണമാണ് നടത്തുന്നത്.

അതായത് ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനൂകൂലമായ സുപ്രീംകോടതി വിധിക്കെതിരെ നടത്തുന്ന സമരം യഥാർഥത്തിൽ വിശ്വാസസംരക്ഷണത്തിനല്ല, ലോക‌്സഭാ സീറ്റ് പിടിക്കാനുള്ള രാഷ്ട്രീയ ക്കളിയാണെന്ന് സാരം. സ്ത്രീകൾക്ക് അയ്യപ്പദർശനം അനുവദിച്ചത് എൽഡിഎഫ് സർക്കാരല്ല. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ്.

കേസ് കോടതി പരിഗണിച്ചപ്പോൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഒരേ നിലപാടാണ് സ്വീകരിച്ചത്. സ്ത്രീ അമ്പലത്തിൽ കയറുന്നതിനെ അനുകൂലിച്ച നിലപാട്. എല്ലാ കക്ഷികളുടെയും വാദങ്ങളും വ്യത്യസ്ത അഭിപ്രായങ്ങളും കേട്ടശേഷമാണ് ഭരണഘടനാനുസൃതമായി സുപ്രീംകോടതി വിധി പ്രസ‌്താവിച്ചത‌്.

എന്നിട്ടും കേന്ദ്രസർക്കാരിനെ ഒഴിവാക്കി സംസ്ഥാന സർക്കാരിനെ പ്രതികൂട്ടിലാക്കി വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് എൽഡിഎഫ് സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നത് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള വളഞ്ഞ വഴിയാണ‌്.

ബിജെപിക്ക‌് കൂട്ട‌് കോൺഗ്രസ‌്
ഈ വിഷയത്തിൽ ബിജെപി ‐ ആർഎസ്എസ് രാഷ്ട്രീയദൗത്യത്തിന് കോൺഗ്രസും ആ കക്ഷി നയിക്കുന്ന യുഡിഎഫും ശക്തിപകരുകയാണ്. ഇത് ആത്മഹത്യാപരവും അപകടകരവുമാണ‌്. എല്ലാ വിഭാഗങ്ങൾക്കും ക്ഷേത്രപ്രവേശനം ലഭിക്കുന്നതിനും വഴി നടക്കുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭത്തെ നയിച്ച ടി കെ മാധവൻ, കേളപ്പൻ തുടങ്ങിയ പഴയകാല കോൺഗ്രസ് നേതാക്കളുടെ പാരമ്പര്യം രമേശ് ചെന്നിത്തല‐ ഉമ്മൻചാണ്ടി‐ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഉൾക്കൊള്ളുന്ന ഇന്നത്തെ കോൺഗ്രസ് നേതൃത്വം നിഷേധിക്കുകയാണ്.

എപ്പോഴെല്ലാം മതനിരപേക്ഷത ഉപേക്ഷിച്ച‌് വർഗീയശക്തികളെ പുണരുന്നുവോ, അപ്പോഴെല്ലാം കോൺഗ്രസ‌് തോറ്റുതുന്നംപാടുകയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രത്തിൽ കോൺഗ്രസ‌് ഭരിക്കുമ്പോൾ രാമക്ഷേത്രത്തിനായി ശിലാന്യാസം നടത്താൻ അനുവദിക്കുകയും ബാബ‌്റി മസ്ജിദ് പൊളിക്കാൻ ഭരണകൂടത്തെ കാഴ്ചവസ്തുവായി മാറ്റുകയും ചെയ്തു.

ഹിന്ദുവോട്ട് ലാക്കാക്കിയാണ് അതെല്ലാം ചെയ്തത്. ഫലമോ ? ന്യൂനപക്ഷവിഭാഗങ്ങളും മതനിരപേക്ഷവാദികളും കോൺഗ്രസിൽനിന്നകന്നു. നേട്ടമുണ്ടാക്കിയതോ ബിജെപിയും.

സിപിഐ എമ്മിന്റേത‌് ഉറച്ച മതനിരപേക്ഷനിലപാട്
എന്നാൽ, വോട്ടും സീറ്റും നോക്കി സാമൂഹ്യപ്രശ്നങ്ങളിലും നവോത്ഥാന വിഷയങ്ങളിലും നയം സ്വീകരിക്കുന്ന പാർടിയല്ല സിപിഐ എം. ജനങ്ങളിൽനിന്ന‌് ഒറ്റപ്പെടുമോ എന്ന ഭയമില്ലാതെ, ഉറച്ച മതനിരപേക്ഷ നിലപാട് എല്ലാകാലത്തും പാർടി കൈക്കൊള്ളുന്നു. 1985‐87 കാലത്ത് ശരിയത്ത് വിഷയം ഉയർന്നപ്പോൾ, ബഹുഭാര്യാത്വം അവകാശമായി പ്രഖ്യാപിച്ച‌് മുസ്ലിംസമുദായത്തിലെ ഒരു വിഭാഗം ഇറങ്ങി.

എന്നാൽ, സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രധാന്യം നൽകുന്ന സമീപനം സിപിഐ എം മുറുകെപ്പിടിച്ചു. “നാലുംകെട്ടും പത്തുംകെട്ടും, ഇ എം എസിന്റെ ഭാര്യയെയും കെട്ടും മോളേയും കെട്ടും’ എന്ന മുദ്രാവാക്യംവരെ ഉയർന്നു. സിപിഐ എം ഒറ്റപ്പെട്ടെന്ന് രാഷ്ട്രീയ എതിരാളികൾ സ്വപ്നം കണ്ടു. എന്നാൽ, ഒരു വർഗീയകക്ഷിയുടെയും ശക്തികളുടെയും പിന്തുണയില്ലാതെ 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ കേരള ജനത വിജയിപ്പിച്ചു.

അതുപോലെ സംവരണത്തിലെ ക്രീമിലെയർ വിഷയത്തിൽ സുപ്രീംകോടതിവിധി മറികടക്കാൻ 1995ൽ എ കെ ആന്റണി സർക്കാർ സംവരണ സംരക്ഷണ നിയമം നിയമസഭയിൽ പാസാക്കിയപ്പോൾ സിപിഐ എം ഒറ്റയ്ക്ക് അതിനെ എതിർത്തു. 1996ൽ നിയമസഭാതെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ജനങ്ങൾ സിപിഐ എം നിലപാടിനൊപ്പമായിരുന്നുവെന്ന് വ്യക്തമായി.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലും ബിജെപിയുടെ മൂന്നാംമുന്നണി സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും മണ്ണ് കവർന്ന് പുതിയ കോട്ട കെട്ടുമെന്ന് പ്രചരിപ്പിച്ചപ്പോൾ ആ പ്രചാരണത്തിന് ശക്തിപകരുകയാണ് കോൺഗ്രസ‌് ചെയ്തത്. 102 ഹിന്ദുസംഘടനകളെ കൂട്ടിച്ചേർത്ത മുന്നണിയായിരുന്നു ബിജെപിയുടേത്.

എന്നാൽ, മതനിരപേക്ഷതയിൽ ഉറച്ചുനിന്ന് പോരാടി ബിജെപി മുന്നണിയെ തറപറ്റിക്കാൻ എൽഡിഎഫിന് കഴിഞ്ഞു. ഇപ്രകാരം ഓരോ ഘട്ടത്തിലെയും രാഷ്ട്രീയപ്രതിസന്ധികളെ അതിജീവിക്കാൻ സിപിഐ എമ്മിന‌് കഴിയുന്നത് മതനിരപേക്ഷനിലപാടും പുരോഗമന കാഴ്ചപ്പാടും വിട്ടുവീഴ്ചയില്ലാതെ മുറുകെ പിടിക്കുന്നതുകൊണ്ടാണ്.

പഴകിദ്രവിച്ച പ്രചാരണം
ശബരിമലയുടെപേരിൽ വിശ്വാസികളെ സിപിഐ എമ്മിന‌് എതിരാക്കാനാണ് നോട്ടം. അതിനുവേണ്ടി ക്ഷേത്രധ്വംസകരും അവിശ്വാസികളുമാണ് കമ്യൂണിസ്റ്റുകാരെന്ന പഴകി ദ്രവിച്ച പ്രചാരണം ആവർത്തിക്കുന്നു. അമ്പലം തകർക്കൽ കമ്യൂണിസ്റ്റുകാരുടെ പണിയല്ല. അമ്പലത്തിൽ എല്ലാ വിഭാഗങ്ങൾക്കും പ്രവേശിക്കാനും ദൈവത്തെ ആരാധിക്കാനുമുള്ള അവസരം ഉണ്ടാക്കുന്നതിന് ത്യാഗപൂർവമായി പോരാടുന്നവരാണ് കമ്യൂണിസ്റ്റുകാർ.

ഗുരുവായൂർ ക്ഷേത്രസമരത്തിന് മുന്നിൽ നിന്ന എ കെ ജിയും പി കൃഷ്ണപിള്ളയും ദൈവവിശ്വസികളല്ലെന്ന് സമ്മതിക്കുന്നു. പക്ഷേ, അവരാണ് വിശ്വാസികൾക്ക് അമ്പലത്തിൽ കയറാനും മണിമുഴക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി മർദനം ഏറ്റുവാങ്ങുകയും സത്യഗ്രഹം അനുഷ്ഠിക്കുകയും ചെയ്തത്.

കേളപ്പനോടൊപ്പമാണ് എ കെ ജി ഗുരുവായൂർ സമരത്തിൽ പങ്കെടുത്തത‌്. ഈ ചരിത്രമെല്ലാം വിസ്മരിച്ചാണ് കമ്യൂണിസ്റ്റുകാരെ അവിശ്വാസികൾ എന്ന് മുദ്രയടിച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ആർഎസ‌്എസ‌് ‐ ബിജെപി ‐ കോൺഗ്രസ‌് ‘അയ്യപ്പ സമരക്കാർ’ ശ്രമിക്കുന്നത്.

ഹിന്ദു ‐ മുസ്ലിം‐ക്രിസ്ത്യൻ തുടങ്ങി എല്ലാ മതവിഭാഗങ്ങളിലെയും ഒരു മതത്തിലും വിശ്വസിക്കാത്തവരിലെയും പാവപ്പെട്ടവരുടെയും കഷ്ടപ്പെടുന്നവരുടെയും അധ്വാനിക്കുന്നവരുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സിപിഐ എം.

വിശ്വാസികളും അവിശ്വാസികളും അതുകൊണ്ടാണ് ഈ പാർടിയിൽ കൂടുതലായി ആകർഷിക്കപ്പെടുന്നത്. അതിനാലാണ് എൽഡിഎഫിന്റെ ബഹുജനാടിത്തറ നാൾക്കുനാൾ വിപുലപ്പെടുന്നത്. ഈ ബഹുജനാടിത്തറ തകർക്കുന്നതിനുവേണ്ടിയാണ് ശബരിമലയുടെ മറവിൽ രണ്ടാം വിമോചനസമരം സംഘടിപ്പിക്കാൻ വിരുദ്ധ രാഷ്ട്രീയശക്തികൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

മന്ത്രി ഇ പി ജയരാജനെ ഡൽഹിയിൽ കാർതടഞ്ഞ‌് ആക്രമിക്കാൻ ശ്രമിച്ചു. ദേവസ്വം ബോർഡ് ഓഫീസ് കൈയേറ്റം ചെയ്യുകയും ഉദ്യോഗസ്ഥരെ ഇറക്കിവിടുകയും ചെയ്തു. അയ്യപ്പന്റെ പേര് രാഷ്ട്രീയസമരത്തിനായി ദുരുപയോഗപ്പെടുത്തുകയാണ്. നാനാതരത്തിൽ പ്രകോപനവും അക്രമവും നടത്തി അനിഷ്ടസംഭവങ്ങൾ സൃഷ്ടിച്ചെടുക്കാൻ പരിശ്രമിക്കുകയാണ്.

എൻഎസ‌്എസ‌് അപകടം തിരിച്ചറിയണം‌
ഇതിനെല്ലാം നേതൃത്വം കൊടുക്കുന്നത് ആർഎസ‌്എസ‌് ‐ ബിജെപി സംഘമാണ്. ഇത് എൻഎസ‌്എസ‌് നേതൃത്വം തിരിച്ചറിയുന്നില്ല. എൻഎസ‌്എസിന്റെ പല കരയോഗങ്ങളുടെയും ഭാരവാഹികൾ “നാമജപ ഘോഷയാത്രയ്ക്ക്’ ആളെ കൂട്ടുകയും ആളുകൂടുമ്പോൾ അതിന്റെ നേതൃത്വം ആർഎസ്എസ്‐ബിജെപി നേതാക്കളുടേതാകുകയും ചെയ്യുന്നു.

ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന എൻഎസ്എസ് നേതൃത്വത്തിന്റെ സമീപനത്തിൽനിന്ന‌് ആർഎസ്എസ്‐ബിജെപി രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നു. ഇതിലൂടെ എൻഎസ‌്എസ‌് കരയോഗങ്ങളെ തങ്ങളുടെ കൈപ്പിടിയിൽ ഒതുക്കാനുള്ള പദ്ധതിയാണ് ആർഎസ‌്എസ‌് നടപ്പാക്കുന്നത്. എൻഎസ‌്എസ‌് മുന്നോട്ടുവച്ച ഏത് ന്യായമായ ആവശ്യത്തോടും പിണറായി വിജയൻ സർക്കാർ മുഖം തിരിഞ്ഞുനിന്നിട്ടില്ല.

എൻഎസ്എസ് ആകട്ടെ, എസ്എൻഡിപി ആകട്ടെ, മുസ്ലിം‐ക്രിസ്ത്യൻ വിഭാഗങ്ങളാകട്ടെ ‐ ആര് ന്യയമായ ആവശ്യങ്ങൾ മുന്നോട്ടുവച്ചാലും അത് പരിഗണിക്കുന്ന സമീപനമേ എൽഡിഎഫ‌് സർക്കാർ സ്വീകരിച്ചിട്ടുള്ളൂ. എൻഎസ‌്എസിനോടും അവരുടെ ന്യായമായ ആവശ്യങ്ങളോടും എൽഡിഎഫ് സർക്കാർ നീതിപൂർവമായ സമീപനം സ്വീകരിച്ചുവെന്ന് എൻഎസ്എസ് നേതൃത്വംതന്നെ സമീപകാലത്ത് പ്രഖ്യാപിച്ചിരുന്നു.

സംവരണാനുകൂല്യമില്ലാത്ത മുന്നോക്കസമുദായത്തിലെ സാമ്പത്തികമായി പിന്നോക്കംനിൽക്കുന്നവർക്ക് നിശ്ചിതശതമാനം സംവരണം ഏർപ്പെടുത്തുന്ന കാഴ്ചപ്പാടും ഭരണനടപടിയും എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. മുന്നോക്കസമുദായങ്ങളിലെ പാവപ്പെട്ടവരുടെ താൽപ്പര്യം സംരക്ഷിക്കുന്ന സിപിഐ എമ്മിന്റെയും എൽഡിഎഫിന്റെയും നയത്തിന്റെ ഭാഗമായിട്ടാണ് അതുണ്ടായത്.

ഇതുപ്രകാരം ദേവസ്വം നിയമനങ്ങളിൽ മുന്നോക്കക്കാരിലെ പാവപ്പെട്ടവർക്ക് സംവരണം നടപ്പാക്കി. പട്ടികജാതി ‐ പട്ടിക വർഗക്കാർക്കും പിന്നോക്കക്കാർക്കും സംവരണം ഉറപ്പാക്കിക്കൊണ്ടാണ് ഇത് ചെയ്തത്. ഇതിന്റെതന്നെ തുടർച്ചയായിട്ടാണ് ദേവസ്വം ക്ഷേത്രങ്ങളിൾ എസ്സി‐ എസ‌്ടി വിഭാഗക്കാരെയും ഈഴവ, ധീവര, വിശ്വകർമ വിഭാഗത്തിൽ പെട്ടവരെയും പൂജാരിമാരായി നിയമിച്ചത്.

തീക്കൊള്ളികൊണ്ട‌് തലചൊറിയരുത‌്
കേരളത്തിൽ വിവിധ മേഖലകളിൽ എസ‌്സി‐എസ്ടി വിഭാഗത്തിൽപ്പെട്ടവർക്കും പിന്നോക്കസമുദായത്തിൽപ്പെട്ടവർക്കും സ്ത്രീകൾക്കുമെതിരെയുള്ള വിവേചനങ്ങൾ അവസാനിപ്പിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്നതാണ് സിപിഐ എം നിലപാട്. അതിന്റെ ഭാഗമായാണ് ശബരിമലയിലെ സ്ത്രീപ്രവേശന സ്വാതന്ത്ര്യത്തിനുള്ള സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ കാണുന്നത്.

സ്ത്രീപ്രവേശനത്തിന് എതിരുനിൽക്കാൻ ഭരണഘടന പ്രകാരം അധികാരത്തിലെത്തിയ ഒരു സർക്കാരിന് കഴിയില്ല. ഇതാണ് വസ്തുതയെന്നിരിക്കെ സുപ്രീംകോടതി വിധിയുടെ മറവിൽ എൽഡിഎഫ‌് സർക്കാരിനെതിരെ കലാപമുണ്ടാക്കി സംസ്ഥാനത്ത് നിയമവാഴ്ച തകർക്കാനാണ് എതിർ രാഷ്ട്രീയശക്തികൾ ലക്ഷ്യമിടുന്നത്. ഇതിന്റെ പിന്നിലെ ശക്തികളെയും അവരുടെ രാഷ്ട്രീയത്തേയും തിരിച്ചറിയണം.

സമരത്തിൽ പങ്കെടുക്കുകയും കൊടി പിടിക്കാതിരിക്കുകയും ചെയ്യുക ‐ അതാണ് കോൺഗ്രസ‌് നയം. ഇതിലൂടെ കേരളത്തിലെ കോൺഗ്രസ‌് തലയില്ലാത്ത രാഷ്ട്രീയരൂപമായി മാറുകയാണ്. ഇത് രാഷ്ട്രീയ പാപ്പരത്തമാണ്. ത്രിവർണപതാകയെ വർഗീയശക്തികൾക്ക് അടിയറ വയ്ക്കലാണ്. സംഘപരിവാറുമായിചേർന്ന് സർക്കാർ വിരുദ്ധ സമരത്തിനിറങ്ങുന്ന കോൺഗ്രസുകാരും യുഡിഎഫ‌്കാരും തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണ്.

ഈ മഹാസഖ്യത്തിന്റെ ശരണംവിളി അയ്യപ്പനെ രക്ഷിക്കലല്ല, സ്വന്തം രാഷ്ട്രീയ സങ്കുചിതലാഭത്തിനാണ്. രണ്ടാം വിമോചനസമരമുണ്ടാക്കാനുള്ള നീക്കത്തെ ഏത് വിധേനയും കേരള ജനത ചെറുക്കുക തന്നെ ചെയ്യും. വർഗീയശക്തികൾക്ക് കേരളത്തെ വിട്ടു കൊടുക്കാൻ പ്രബുദ്ധ കേരള ജനത തയ്യാറാകില്ല.

ഹിന്ദുത്വശക്തികളെ ഏകോപിപ്പിക്കാനുള്ള ആർഎസ്എസ് നേതൃത്വത്തിന്റെ നീക്കം ദൂരവ്യാപകമായ അപകടം വിളിച്ചുവരുത്തുന്നതാണ്. ഈ ഘട്ടത്തിൽ എസ്എൻഡിപി യോഗവും കെപിഎംഎസും സ്വീകരിച്ചിരിക്കുന്ന സമീപനം സ്വാഗതാർഹമാണ്. ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും ആശയങ്ങളും ലക്ഷ്യവും മുറുകെ പിടിക്കേണ്ട സംഘടനകൾ ആ ഉത്തരവാദിത്തം നിർവഹിക്കുന്നത് സാമൂഹ്യമുന്നേറ്റത്തെ സഹായിക്കുന്നതാണ്.

എന്നാൽ, നാടിന്റെ നവോത്ഥാനത്തിൽ പങ്കുവഹിച്ച മന്നത്ത് പത്മനാഭന്റെ പാരമ്പര്യത്തിന് വിരുദ്ധമായ നിലപാടാണ് എൻഎസ‌്എസ‌് നേതൃത്വം ശബരിമല വിഷയത്തിൽ സ്വീകരിക്കുന്നത്. കാലഘട്ടത്തിന്റെ സാമൂഹ്യപുരോഗതിക്കും നവോത്ഥാനമൂല്യങ്ങളുടെ സംരക്ഷണത്തിനും ഈ സമീപനം സഹായകരമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News