ബോളിവുഡിലെ വെള്ളിവെളിച്ചത്തിൽ നിൽക്കുമ്പോഴും വ്യക്തിജീവിതത്തിൽ വിഷാദരോഗത്തോട് നടത്തിയ പോരാട്ടം വിവരിച്ച് ദീപിക പദുകോൺ. വിഷാദരോഗത്തോട് നടത്തിയ പോരാട്ടം മുമ്പും വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്തവണ സ്വന്തം അതിജീവനകഥ വീഡിയോ വഴി പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ.
വിഷാദരോഗമുള്ളവർക്ക് വേണ്ടത് പ്രൊഫഷണൽ സഹായമാണെന്ന സന്ദേശം കൈമാറാനാണ് നടി സ്വന്തം അനുഭവം വിവരിക്കുന്നത്. ഓരോ ദിവസവും ഉണരാൻപോലും ഞാൻ ഭയന്നു. ഉറക്കം മാത്രമായിരുന്നു ആകെയുണ്ടായിരുന്ന രക്ഷപ്പെടൽ. ആൾക്കുട്ടത്തിനിടയിൽ നിൽക്കാൻ പോലും എനിക്ക് ഭയമായിരുന്നു മുപ്പത്തിരണ്ടുകാരിയായ താരം നിറകണ്ണുകളോടെ വിവരിച്ചു.
സ്ഥിരമായ വിഷാദചിന്ത ഒരു രോഗമാണെന്ന് തിരിച്ചറിയുകയും അത‌് തുറന്നുപറയാൻ ധൈര്യം കാണിക്കുകയും ചെയ്‌താൽ തന്നെ രോഗത്തോടുള്ള പോരാട്ടം എളുപ്പമാകും. സ്വന്തം അനുഭവത്തിൽനിന്ന് എനിക്കത് പറയാനാകും. വിഷാദരോഗത്തെ കുറിച്ച് തുറന്നു സംസാരിക്കാൻ മടിക്കേണ്ടതില്ല. ഇതൊരു രോഗാവസ്ഥയാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സതേടുകതന്നെ വേണം– ദീപിക പറഞ്ഞു. നോട്ട് അഷൈമിഡ് എന്ന ഹാഷ് ടാഗിലൂടെയാണ് ദീപിക വീഡിയോ പുറത്തുവിട്ടത്.
ഹാപ്പി ന്യൂ ഇയർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ താൻ നേരിട്ട രോഗാവസ്ഥയെ കുറിച്ച് താരം മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്.
ബോളിവുഡ് യുവനായകനും ദീർഘകാല സുഹൃത്തുമായ രൺവീർ കപൂറുമായി ദീപികയുടെ വിവാഹനിശ്ചയം ഉടനുണ്ടാകുമെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈമാസം 17ന് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ഇരുവരും ഒന്നിച്ച സഞ്ജയ് ലീല ബൻസാലിയുടെ പത്മാവത് എതിർപ്പുകളെ അതിജീവിച്ച് വൻവിജയം നേടിയിരുന്നു.
Get real time update about this post categories directly on your device, subscribe now.