എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് സ്കീം; കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ ഹൈക്കോടതി റദ്ദാക്കി

എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട് സ്കീമിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഭേദഗതികൾ ഹൈക്കോടതി റദ്ദാക്കി. 2014 ലെ ഭേദഗതിയെ തുടർന്ന് ഇപി എഫ് കമ്മീഷ്ണർ പുറപ്പെടുവിച്ച വിജ്ഞാപനവും കോടതി അസാധുവാക്കി. വിരമിക്കുന്നതിന് തൊട്ടു മുൻപുള്ള 60 മാസത്തെ ശമ്പളത്തിന്‍റെ ശരാശരിയുടെ അടിസ്ഥാനത്തില്‍ പെൻഷൻ കണക്കാക്കുന്നതുള്‍പ്പടെയുള്ള ഭേദഗതികളാണ് റദ്ദാക്കിയത്.

പെൻഷൻ കണക്കാക്കുന്നതിന് വിരമിക്കുന്ന വർഷത്തെ 12 മാസത്തെ ശമ്പളത്തിന്‍റെ
ശരാശരി എന്ന വ്യവസ്ഥ കോടതി പുനസ്ഥാപിക്കുകയായിരുന്നു.60 മാസത്തെ ശമ്പളത്തിന്‍റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കണമെന്ന ഭേദഗതി നിയമവിരുദ്ധമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി ശരിവെക്കുകയായിരുന്നു.

ജീവനക്കാർ പി എഫിലേക്ക് 1.16 ശതമാനം അധിക വിഹിതം അടയ്ക്കണമെന്ന വ്യവസ്ഥയും കോടതി റദ്ദാക്കി. ഭരണ ഘടനാ വിരുദ്ധമെന്ന് കണ്ടാണ് ഈ വ്യവസ്ഥ കോടതി റദ്ദാക്കിയത്. വിരമിക്കലിനു ശേഷം ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാനാവില്ലന്ന വ്യവസ്ഥ റദ്ദാക്കിയ കോടതി കാലപരിധിയില്ലാതെ ഓപ്ഷൻ നൽകാനും അനുമതി നൽകി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ദേഗതി ചോദ്യം ചെയ്ത് സമർപ്പിച്ച 500 ൽ അധികം ഹർജികളാണ് കോടതി പരിഗണിച്ചത് . FACT യിലേതടക്കം വിവിധ സ്ഥാപനങ്ങളിലെ അമ്പതിനായിരം പേരാണ് കോടതിയെ സമീപിച്ചത്. കേസില്‍ വാദം പൂര്‍ത്തിയായി ഒന്നര വര്‍ഷത്തിന് ശേഷമാണ് ജസ്റ്റിസുമാരായ സുരേന്ദ്ര മോഹന്‍, എ എം ബാബു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പറഞ്ഞത്.

പി എഫ് പെന്‍ഷന്‍ കേസുകളില്‍ കേരള ഹൈക്കോടതിയാണ് ആദ്യമായി ജീവനക്കാര്‍ക്കും തൊ‍ഴിലാളികള്‍ക്കും അനുകൂലമായി വിധി പറഞ്ഞിരിക്കുന്നത്.2014 സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വന്ന ഭേദഗതി പി എഫ് പെന്‍ഷന്‍കാരെയും പി എഫ് വരിക്കാരെയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു.

എന്നാല്‍ ഹൈക്കോടതി വിധി വന്നതോടെ പി എഫ് പെന്‍ഷന്‍ മാത്രം ആശ്രയമായിട്ടുള്ള അസംഘടിത മെഖലയിലെ തൊ‍ഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.

തൊ‍ഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചരിത്രപരമെന്നാണ് വിവിധ തൊ‍ഴിലാളി സംഘടനകള്‍ വിശേഷിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News