വിദേശരാജ്യങ്ങളിൽനിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും വിദ്യാർഥികളെ കേരളത്തിലെ സർവകലാശാലകളിലേക്ക് ആകർഷിക്കാൻ പ്രത്യേക പ്രചാരണം സംഘടിപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ. ഇന്ത്യയിലെ മറ്റേത് സ്ഥാപനങ്ങളിൽ പഠിക്കുന്നതിനേക്കാൾ സുരക്ഷ കേരളത്തിന് നൽകാനാകുമെന്ന മുദ്രാവാക്യമുയർത്തിയാകും പ്രചാരണം.
എറണാകുളം മഹാരാജാസ് കോളേജ് ധനതത്വശാസ്ത്ര വിഭാഗത്തിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ അക്കാദമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അടുത്തവർഷംമുതൽ ഓരോ സർവകലാശാലയ്ക്കുകീഴിലും വിദേശരാജ്യങ്ങളിൽനിന്ന‌് 100 വിദ്യാർഥികളെ പഠിപ്പിക്കാനാണ് തീരുമാനം. ഇതോടെ പുറംരാജ്യങ്ങളിലും ഇതരസംസ്ഥാനങ്ങളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് കിട്ടുന്ന അതേ ആത്മവിശ്വാസവും ഭാഷാപരിജ്ഞാനവും കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ലഭ്യമാകും.
ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ പേരിൽ കേരളത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ജീവന് ഭീഷണിയുണ്ടാകില്ലെന്നത‌് മുൻനിർത്തിയാണ‌് പ്രചാരണം സംഘടിപ്പിക്കുക.
പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. 55,000 സീറ്റുകളുള്ള എൻജിനിയറിങ് കോഴ്സിലേക്ക് സീറ്റുകളുടെ എണ്ണത്തിന്റെ പകുതി അപേക്ഷകർമാത്രമാണുണ്ടാകുന്നത്. 12 എൻജിനിയറിങ് കോളേജുള്ള കാലത്താണ് പ്രവേശനത്തിനായി എൻട്രൻസ് പരീക്ഷാസമ്പ്രദായം ഏർപ്പെടുത്തിയത്. ഇന്നിപ്പോൾ ആകെ സീറ്റിന്റെ പകുതിയും ഒഴിഞ്ഞുകിടക്കുകയാണ്.
ഈ സാഹചര്യത്തിൽ എന്ത് പ്രസക്തിയാണ് എൻജിനിയറിങ് എൻട്രൻസ് പരീക്ഷയ്ക്കുള്ളതെന്ന് അദ്ദേഹം ചോദിച്ചു. എൻട്രൻസ് പരീക്ഷ സംബന്ധിച്ച് പുനരാലോചന നടത്തേണ്ടിവരും. കേരളത്തിലെ ഏത് സർവകലാശാലയിൽ പഠിച്ചാലും തുല്യ അവസരമാണ‌്. എന്നാൽ, ഒരു സർവകലാശാലയിൽനിന്ന് മറ്റൊരു സർവകലാശാലയിലേക്ക‌് എത്തുമ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്ന രീതിയാണ് നിലവിലുള്ളത്. ഈ രീതി മാറ്റും.
ഗവ. കോളേജുകളിൽ സ്വാശ്രയ കോഴ്സുകൾ അനുവദിക്കേണ്ടതില്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതുകൊണ്ടുതന്നെ എറണാകുളം മഹാരാജാസ് കോളേജിലെ നിലവിലുള്ള സെൽഫ് ഫിനാൻസിങ് കോഴ്സുകൾ എയ്ഡഡാക്കി മാറ്റാൻ ശ്രമം നടത്തും. ഗവ. കോളേജുകളെ ഉന്നതനിലവാരത്തിലേക്ക് ഉയർത്തും– മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷനായി. കോളേജ് ഗവേണിങ് കൗൺസിൽ ചെയർമാൻ പ്രൊഫ. പി കെ രവീന്ദ്രൻ, മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. കെ എൻ കൃഷ്ണകുമാർ, എക്സിക്യൂട്ടീവ് എൻജിനിയർ എൻ എ റജീന ബീവി, എംജി യൂണിവേഴ്സിറ്റി സിൻഡിക്കറ്റ‌് അംഗം ഡോ. എം എസ് മുരളി, ഗവേണിങ് കൗൺസിൽ മെമ്പർ ഷജീല ബീവി, ധനതത്വശാസ്ത്രവിഭാഗം മേധാവി സന്തോഷ് ടി വർഗീസ്, പിടിഎ വൈസ് പ്രസിഡന്റ‌് സുനിൽ ടി വർഗീസ്, ഡോ. ഇന്ദു വെൽസാർ തുടങ്ങിയവർ സംസാരിച്ചു.
Get real time update about this post categories directly on your device, subscribe now.