‘അമ്മ’യുടെ ഭാരവാഹികള്‍ നീതിമാന്‍മാരല്ലെന്ന് ഡബ്യുസിസി; മോഹന്‍ലാല്‍ വാര്‍ത്തസമ്മേളനത്തില്‍ അപമാനിച്ചെന്ന് രേവതി; ‘അമ്മ’ യോഗത്തില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ചു; ”ഞങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരും; ഇപ്പോള്‍ നടക്കുന്നത് നീതിയ്ക്ക് വേണ്ടിയുള്ള സമരം”; ആഞ്ഞടിച്ച് നടിമാര്‍

കൊച്ചി: താരസംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ ആഞ്ഞടിച്ച് വനിതാ താരകൂട്ടായ്മ.

അമ്മയുടെ ഭാരവാഹികള്‍ നീതിമാന്‍മാരല്ലെന്നും തങ്ങള്‍ മുറിവേറ്റവരും അപമാനിക്കപ്പെട്ടവരുമാണെന്നും വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളായ നടിമാര്‍ പറഞ്ഞു.

അമ്മ സ്ത്രീകളുടെ അവസരങ്ങള്‍ ഇല്ലാതാക്കുന്ന സംഘടനയായി മാറി. പതിനഞ്ച് വര്‍ഷം സിനിമയില്‍ അഭിനയിച്ച നടിയാണ് ആക്രമിക്കപ്പെട്ടതെന്നും നടിമാര്‍ പറഞ്ഞു.

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് അമ്മയില്‍ നിന്നും യാതൊരു നീതിയും ലഭിച്ചില്ല. ആക്രമിക്കപ്പെട്ട നടി സംഘടനയ്ക്ക് പുറത്തും കുറ്റാരോപിതനായ ദിലീപ് എന്ന നടന്‍ അകത്തുമെന്നതാണ് നിലവിലത്തെ സ്ഥിതിയെന്നും നടിമാര്‍ പറഞ്ഞു.

സംഭവം നടന്ന് 15 മാസം കഴിഞ്ഞിട്ടും ആരും കൂടി നിന്നില്ലെന്നും എല്ലാവരും ഒപ്പമുണ്ടെന്ന് വെറുതെ പറയുകയാണെന്നും നടിമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഇനി നിശബ്ദരമായി ഇരുന്നിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടാണ് തങ്ങള്‍ വാര്‍ത്തസമ്മേളനം നടത്തുന്നതെന്നും നടിമാര്‍ പറഞ്ഞു.

അമ്മ പ്രസിഡന്റ് നടിമാര്‍ എന്ന് വിളിച്ചു തങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ അപമാനിച്ചെന്നും നടി രേവതി പറഞ്ഞു. തങ്ങളുടെ പേര് പറയാന്‍ പോലും മോഹന്‍ലാന്‍ തയ്യാറായില്ല. അമ്മയുടെ യോഗത്തില്‍ നടന്നത് ഇനി ഒളിച്ചുവെച്ചിട്ട് കാര്യമില്ല.

നടിമാരുടെ വാക്കുകള്‍:

ഏഴാം തീയതി നടന്ന അമ്മ എക്‌സിക്യൂട്ടീവ് ചര്‍ച്ചയില്‍ ആദ്യത്തെ നാല്‍പ്പത് മിനിറ്റ് തങ്ങള്‍ ജനറല്‍ ബോഡിക്ക് വന്നില്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ് അമ്മ ഭാരവാഹികള്‍ പറഞ്ഞത്. അക്രമിക്കപ്പെട്ട നടിയ്ക്ക് നേരെ പോലും ആദ്യഘട്ടത്തില്‍ കുറ്റപ്പെടുത്തലുകളുണ്ടായി.

പിന്നീട് ആ നടി അയച്ച ഒരു ശബ്ദസന്ദേശം യോഗത്തില്‍ കേള്‍പ്പിച്ചു. ഇതിന് ശേഷമാണ് തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും അമ്മ ഭാരവാഹികള്‍ തയ്യാറായത്. ഓഗസ്റ്റ് ഏഴിന് അക്രമത്തിനിരയായ നടി നല്‍കിയ രാജിക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അമ്മ ജനറല്‍ ബോഡിയിലെടുത്ത തീരുമാനത്തെ താന്‍ എങ്ങനെ തിരുത്തും എന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചോദിച്ചത്. എന്തിനും ഏതിനും ബൈലോയുടെ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മ ഭാരവാഹികള്‍ക്ക് ആരോപണവിധേയനായ നടനെ തിരിച്ചെടുത്തതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളെ വിശ്വാസിച്ചാണ് നമ്മള്‍ ചര്‍ച്ചയ്ക്ക് പോയത്. ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് നമ്മുക്കിപ്പോള്‍ മാധ്യമങ്ങളോട് ഒന്നും പറയേണ്ട എന്നാണ്.

ഒരു ചര്‍ച്ചയ്ക്ക് പരസ്പരവിശ്വാസം അനിവാര്യമാണ് അതിന്റെ പേരിലാണ് ഇത്രകാലവും നിശബ്ദരായിരുന്നത്. കുറ്റാരോപിതനായ ഒരാള്‍ സംഘടനയ്ക്കുള്ളില്‍ ഉണ്ട്. പീഡനത്തിന് ഇരയായ ആള്‍ സംഘടനയ്ക്ക് പുറത്താണ്. ഇതാണോ നീതി. ഇതിനെയാണോ നീതി എന്നു പറയുന്നത്.

നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുത്ത നടന്‍ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണ് ആക്രമണത്തിനിരയായ നടിയെ വിശേഷിപ്പിച്ചത്. നടിയ്ക്ക് വേണ്ടി കേസില്‍ കക്ഷിചേരാന്‍ വേണ്ട ഹര്‍ജി തയ്യാറാക്കിയ ആളാണ് ബാബു രാജ്. അദ്ദേഹം പറയുന്നത് കേട്ട് ഞെട്ടിയിരിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ.-നടിമാര്‍ പറയുന്നു.

ഇപ്പോള്‍ നടക്കുന്നത് നീതിയ്ക്ക് വേണ്ടിയുള്ള സമരമാണ്. അമ്മയുടെ യോഗത്തില്‍ ആദ്യ നാല്‍പത് മിനിറ്റ് നേരിട്ടത് കുറ്റപ്പെടുത്തലാണെന്ന് പാര്‍വ്വതി ആരോപിച്ചു. ആക്രമിക്കപ്പെട്ട നടിയെ യോഗത്തില്‍ അധിക്ഷേപിച്ചെന്നും നടിമാര്‍ ആരോപിച്ചു.

നടിമാരായ രേവതി, പാര്‍വതി, പത്മപ്രിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു വാര്‍ത്തസമ്മേളനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News