ക്ലീനറായി ജോലി ചെയ്തിരുന്ന ചരക്കുലോറി അടിച്ചുമാറ്റിയ പതിനാലുകാരന്‍ രണ്ട് ദിവസത്തിന് ശേഷം പിടിയിലായി. ലോറിയിലെ ഡീസല്‍ തീര്‍ന്നതിനെ തുടര്‍ന്ന് വണ്ടിയിലുണ്ടായിരുന്ന സ്റ്റെപ്പിനി ടയര്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പയ്യന്‍ പൊലീസിന്‍റെ പിടിയിലായത്.
നോയിഡയില്‍ നിന്ന് തട്ടിയെടുത്ത ലോറിയുമായി ഇതിനോടകം 138 കിലോമീറ്റര്‍ ഈ കുട്ടി ഡ്രൈവര്‍ ഓടിച്ചെത്തിയിരുന്നു. ഇവന്‍റെ കൈവശം ഉണ്ടായിരുന്നത് ആകെ നൂറു രൂപ മാത്രവും. ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ലോറി എത്തിച്ച് വില്‍ക്കുകയായിരുന്നു പയ്യന്‍റെ ലക്ഷ്യം.
മോഷ്ടിച്ച വാഹനങ്ങള്‍ക്ക് പുതിയ രേഖകളുണ്ടാക്കി വില്‍പന നടത്തുന്ന സ്ഥലമാണിത്. അവിടെയെത്തിയാല്‍ ലോറി വിറ്റ് ആ കാശുമായി കടക്കാമെന്നായിരുന്നു പയ്യന്‍റെ കണക്കു കൂട്ടല്‍. 14 ലക്ഷം രൂപ വിലവരുന്ന റഫ്രിജറേറ്ററുകളാണ് ലോറിയിലുണ്ടായിരുന്നത്.
നോയിഡയില്‍ ലോറി നിര്‍ത്തി ഡ്രൈവര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ ഇടപാടുകള്‍ക്കായി ഇറങ്ങിയ സമയത്താണ് ക്ലീനര്‍ പയ്യന്‍ വണ്ടിയുമായി മുങ്ങിയത്പല സ്ഥലങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന ഹരിയാന രജിസ്‌ട്രേഷനിലുള്ള വാഹനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജലേസര്‍ റോഡില്‍ ഹൈവേ പോലീസ് വാഹനം പരിശോധിക്കുന്നതിനിടെയാണ് അഞ്ചടി മാത്രം ഉയരമുള്ള ഡ്രൈവര്‍ പയ്യന്‍ പിടിയിലായത്.
പിടിയിലായപ്പോഴുള്ള ആന്‍റി കൈമാക്സില്‍ പയ്യന്‍റെ വിശദീകരണമിങ്ങനെ. ക്ലീനറായി ജോലി ചെയ്യുന്നതില്‍ നിന്ന് ലഭിക്കുന്ന 5,000 രൂപകൊണ്ട് കുടുംബത്തിന് ജീവിക്കാനാകാത്തതുകൊണ്ടാണ് ലോറിയുമായി മുങ്ങിയതെന്ന് പയ്യന്‍ പറയുന്നു.
അച്ഛന്‍റെ മരണശേഷം തനിക്ക് കിട്ടുന്ന ചെറിയ തുക മാത്രമാണ് കുടുംബത്തിന്‍റെ വരുമാനം. വീട്ടുജോലിക്ക് പോകുന്നുണ്ടെങ്കിലും അമ്മയ്ക്ക് കാര്യമായ വരുമാനമില്ല. ഈ സാമ്പത്തിക പ്രതിസന്ധിയാണ് തന്നെ വാഹനവുമായി കടക്കാന്‍ പ്രേരിപ്പിച്ചതെന്ന് കുട്ടി കൂട്ടിച്ചേര്‍ത്തു.
Get real time update about this post categories directly on your device, subscribe now.